വീടില്ലാത്തവർക്ക് തണലേകി കുടുംബശ്രീ; ഇതാണ് ശരിക്കും 'സ്‌നേഹവീട്'!

സ്വന്തമായി കയറിക്കിടക്കാൻ ഒരു വീടു നിർമിക്കാൻ സാമ്പത്തിക ശേഷി ഇല്ലാത്ത വ്യക്തികൾക്ക് ആശ്വാസമാകുകയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ നിർമിക്കപ്പെടുന്ന സ്നേഹവീടുകൾ. നാനൂറ് ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു മുറി, ഹാൾ, അടുക്കള എന്നീ സൗകര്യങ്ങളോടെ മുപ്പത്തേഴു സ്നേഹവീടുകളാണു സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ നിർമിക്കപ്പെട്ടത്.

മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളിൽ ഒന്നായ വീട് ഏതൊരു വ്യക്തിയുടെയും സ്വപ്നങ്ങളുടെ ഭാഗമാണ്. എന്നാൽ സമൂഹത്തിൽ നല്ലൊരു വിഭാഗം ജനങ്ങളും ഇപ്പോഴും കയറിക്കിടക്കാൻ ഒരു കിടപ്പാടമില്ലാതെ കഷ്ടപ്പെടുകയാണ്.ഈ അവസ്ഥ മനസ്സിലാക്കിയാണ് എറണാകുളം കുടുംബശ്രീ മിഷനു കീഴിൽ 2017 ൽ സ്വപ്നക്കൂട് എന്ന പദ്ധതിക്കു തുടക്കമിട്ടത്. 

ഓരോ പഞ്ചായത്തിലും ഏറ്റവും അർഹരായ ഒരു കുടുംബത്തിന് സുരക്ഷിതമായി താമസിക്കുന്നതിനായി വീടു നിർമിച്ചു നൽകുക എന്നതായിരുന്നു എറണാകുളം കുടുംബശ്രീ മിഷൻ വിഭാവനം ചെയ്ത പദ്ധതി. ഇതിന്റെ ഭാഗമായി നടത്തിയ ചർച്ചകൾ കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി (CDS) ഏറ്റെടുത്തു. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു. സ്വപ്നക്കൂട് എന്നു പേരിട്ട പദ്ധതിക്കുവേണ്ടി അയൽക്കൂട്ടമാണ് ധനസമാഹരണം നടത്തിയത്. സർക്കാരിന്റെ ഭാഗത്തുനിന്നു നേരിട്ടുള്ള സാമ്പത്തിക സഹായങ്ങൾ ഒന്നും സ്വീകരിക്കാതെയാണ് കുടുംബശ്രീ പദ്ധതിക്കു തുടക്കം കുറിച്ചത്. 

ഒരു അയൽക്കൂട്ടം അംഗം കുറഞ്ഞത് മുപ്പതു രൂപ എന്ന നിരക്കിൽ നൽകിയ സംഭാവനയുടെ ആകത്തുകയുമായാണ് എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കവളങ്ങാട് എന്ന സ്ഥലത്ത് ആദ്യത്തെ വീട് പണിതീർത്തത്. പദ്ധതിയുടെ വിജയം മനസ്സിലാക്കിയതോടെ മറ്റനേകം പഞ്ചായത്തുകളിൽനിന്നും ആവശ്യക്കാരെത്തി. അതോടെ എറണാകുളം ജില്ലയിൽ ‘സ്വപ്നക്കൂട്’ എന്നു പേരിട്ട പദ്ധതി വിജയം കണ്ടു. പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് അതതു പ്രദേശത്തെ ഏറ്റവും അർഹരായ വ്യക്തികൾക്കു വീട് നിർമിക്കുന്നതിനാവശ്യമായ ഭൂമി നൽകുന്നത്. 

എറണാകുളം ജില്ലയിൽ ഇതുവരെ മുപ്പതു വീടുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. അങ്കമാലി, കൂവപ്പടി, കോതമംഗലം, മുളന്തുരുത്തി, പള്ളുരുത്തി, മൂവാറ്റുപുഴ, പാമ്പാക്കുട, പറവൂർ, വടവ്കോഡ്,വാഴക്കുളം, വൈപ്പിൻ തുടങ്ങിയ ബ്ലോക്കുകളിലാണു വീടുകൾ നിർമിച്ചിരിക്കുന്നത്. ഈ മേഖലയിൽ വിജയകരമായി  മുപ്പതു വീടുകൾ നിർമിക്കാൻ കഴിഞ്ഞതോടെയാണ് സ്വപ്നക്കൂട് എന്ന ഈ പദ്ധതി സംസ്ഥാനതലത്തിൽ അവതരിപ്പിക്കുന്നത്.

സംസ്ഥാനതലത്തിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചപ്പോൾ സ്വപ്നക്കൂട് എന്ന പേരുമാറ്റി സ്‌നേഹവീട് എന്നാക്കി. ഓരോ  പഞ്ചായത്തിലെയും വീടില്ലാത്ത ഏറ്റവും അർഹരായ ആളുകളെ കണ്ടെത്തുന്നത്തിനായി ചില മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് അർഹരായവരെ കണ്ടെത്തുന്നത്. എറണാകുളത്തിനു പുറമേ പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തുടങ്ങി അനവധി നഗരങ്ങളിൽ സ്‌നേഹവീട് പദ്ധതി നടപ്പാക്കി വരുന്നു. 

മനോഹരമായ രണ്ടുമുറി വീട്

ഒരു കുടുംബത്തിനു താമസിക്കുന്നതിനാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടെയും കൂടിയാണ് സ്നേഹവീടുകൾ നിർമിക്കപ്പെടുന്നത്. ഇതുവരെ സംസ്ഥാനതലത്തിൽ മുപ്പത്തേഴു വീടുകളുടെ നിർമാണം പൂർത്തിയാക്കി. നൂറു വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. രണ്ടു ബെഡ്റൂമുകൾ, ഹാൾ, അടുക്കള തുടങ്ങിയ സൗകര്യങ്ങളാണ് സ്നേഹവീട്ടിൽ ഒരുക്കിയിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂമുകളും ഉണ്ട്.

വീടു നിർമിക്കുന്നതിനാവശ്യമായ സ്ഥലം പഞ്ചായത്താണു ലഭ്യമാക്കുന്നത്. ടൈലുകൾ പതിപ്പിച്ച്, പെയിന്റിങ്ങും നടത്തിയ ശേഷമാണു വീടുകൾ കൈമാറുന്നത്. വാട്ടർ കണക്‌ഷൻ, ഇലക്ട്രിസിറ്റി എന്നിവയും ഉണ്ടായിരിക്കും. അനവധിയാളുകൾ സ്‌നേഹവീടു പദ്ധതിക്കു കീഴിൽ വീടു ലഭിക്കുന്നതിനായി അപേക്ഷിച്ചിട്ടുണ്ട് എന്നത് പദ്ധതിയുടെ സ്വീകാര്യത വർധിപ്പിക്കുന്നു 

സ്‌നേഹവീട് ആർക്കെല്ലാം?

ഓരോ പഞ്ചായത്തിലെയും അർഹരായ ഒരു കുടുംബത്തിന് എന്ന രീതിയിലാണ് സ്‌നേഹവീട് പദ്ധതി നടപ്പാക്കി വരുന്നത്. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച്, മാനദണ്ഡങ്ങളുടെ പുറത്താണു വീടിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. രക്ഷാകർത്താക്കളില്ലാത്ത കുട്ടികൾ, രോഗികൾ, ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവർ തുടങ്ങിയവരിൽ നിന്നുമാണ് അർഹരായവരെ കണ്ടെത്തുന്നത്. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക. പദ്ധതി ഇതിനോടകം വിജയം കണ്ടതിന്റെ സന്തോഷത്തിലാണു കുടുംബശ്രീ പ്രവർത്തകർ. 

തയാറാക്കിയത് : ലക്ഷ്മി നാരായണൻ

കടപ്പാട് : ഹരി കിഷോർ

എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, തിരുവനന്തപുരം