തേവലക്കാട് സ്കൂളിൽ ഗോഗ്രാമം പദ്ധതിക്ക് തുടക്കം

കല്ലമ്പലം∙സമ്പൂർണ പോഷകാഹാരം കുട്ടികളിലെത്തിക്കുന്നതിന്റെ ഭാഗമായി തേവലക്കാട് എസ്എൻയുപിഎസിൽ പുതുവർഷത്തിൽ ഗോഗ്രാമം പദ്ധതിക്ക് തുടക്കമായി.ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് ശുദ്ധപാൽ സൗജന്യമായി നൽകാൻ ലക്ഷ്യമിട്ട് മാനേജർ തോട്ടക്കാട് ശശിയുടെ നിർദേശപ്രകാരമാണു പദ്ധതി  നടപ്പാക്കിയത്.ഇതിന്റെ ഭാഗമായി 50   ജനസുകളിൽപ്പെട്ട പശുക്കളെ വാങ്ങി അത്യാധുനിക രീതിയിലുള്ള ഗോശാല നിർമിക്കുകയും പശുക്കൾക്കാവശ്യമായ പുൽക്കൃഷി തുടങ്ങുകയും  ചെയ്തു.ഗോശാലയിൽ നിന്നും ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്കാവശ്യമായ ശുദ്ധമായ പാൽ സ്കൂളിലെത്തിക്കും.

ഒഴിവു സമയങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഗോശാല പ്രവർത്തനങ്ങളിൽ പങ്കെടുക്കും.സ്കൂളിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയാണ് ഗോശാല.തൊട്ടടുത്ത പ്രദേശത്തു നിന്നുപോലും പാലിന് ആവശ്യക്കാർ ഏറിയതോടെ കൂടുതൽ പശുക്കളെ വാങ്ങാനുള്ള ഒരുക്കത്തിലാണ് ഗോഗ്രാമം പ്രവർത്തകർ.വിദ്യാർഥികളുടെ തൊഴിൽ രഹിതരായ മാതാപിതാക്കൾക്കാണ് ഗോശാലയുടെ പ്രവർത്തന ചുമതല. വിവിധയിനം ആടുകളും എരുമയും ഗോശാലയിലുണ്ട്.ഇതിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി പ്രദേശത്തെ ഗോഗ്രാമമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മാനേജർ തോട്ടക്കാട് ശശിയും ഹെഡ്മിസ്ട്രസ് ഷീജയും.