നറുമണം നുകരാൻ പൂന്തോട്ടം ഒരുക്കാം

രാത്രിയിൽ വിരിയുന്ന പൂക്കൾ കണ്ട് ആനന്ദിക്കാനും നറുമണം നുകരാനും അവസരമൊരുക്കുന്ന  പൂന്തോട്ടം നമുക്കും ഒരുക്കിയെടുക്കാം

പാരിജാതം തിരുമിഴി തുറക്കുന്നതും നിശാശലഭങ്ങൾ വിരുന്നെത്തുന്നതും രാത്രിയുടെ നിലാവും കുളിരും പൂക്കളും എല്ലാം ആസ്വദിക്കാനാകുന്ന ഉദ്യാനം.  ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയ പത്നി മുംതാസിന്റെ ഓർമയ്ക്കായി താജ്മഹൽ നിർമിക്കാൻ സ്ഥലം കണ്ടെത്തിയത് യമുനാനദിയുടെ തീരത്ത് മെഹ്താബ് ബാഗ് ഉദ്യാനത്തിനു സമീപമായിരുന്നു. മെഹ്താബ് ബാഗ് ഉദ്യാനം ബാബർ ചക്രവർത്തിയുടെ കാലത്ത് തയാറാക്കിയ മൂൺ ഗാർ‌ഡൻ ആണ്. 

താജ്മഹൽ നിർമിക്കുമ്പോൾ ഷാജഹാന്റെ മനസ്സിലുണ്ടായിരുന്നത് മെഹ്താബ് ബാഗ്  ഉദ്യാനത്തിൽ നിന്നാൽ താജ്മഹൽ രാത്രിസമയത്തും കൺകുളിർക്കെ കാണണമെന്ന ചിന്തയായിരിക്കണം. വെള്ള ചുണ്ണാമ്പുകല്ലുകൊണ്ടുള്ള നടപ്പാതയും ജലധാരകളും ചെറുപൊയ്കകളും വെള്ളപ്പൂക്കളുള്ള ചെടികളുമെല്ലാം മൂൺഗാർ‌ഡനു ചന്തം ചാർത്തിയിരുന്നു. യമുനാനദിയുടെ തീരത്ത് താജ്മഹലും മറുതീരത്ത് താജ്മഹലിന് അഭിമുഖമായി മെഹ്താബ് സാഗ് പൂന്തോട്ടവും കുറെക്കാലം നിലനിന്നു. മുഗൾചക്രവർത്തിമാർ‌ തയാറാക്കിയ പതിനൊന്നാമത്തെയും അവസാനത്തെയും ഉദ്യാനമായിരുന്നു മൂൺ ഗാർ‌ഡൻ. മെഹ്താബ് ബാഗ് എന്ന വാക്കിന്റെ അർ‌ഥംതന്നെ ചന്ദ്രക്കലയിലുള്ള പൂന്തോട്ടമെന്നാണ്.

ഇംഗ്ലണ്ടിലെ സിസിൻഗർസ്റ്റിൽ 1930 ൽ ഒരുക്കിയ ലോകപ്രസിദ്ധമായ ഉദ്യാനത്തിന്റെ മുഖ്യ ഭാഗമാണ് ‘വൈറ്റ് ഗാർഡൻ’ എന്നു വിശേഷിപ്പിക്കുന്ന മൂൺ ഗാർഡൻ. പൂർണചന്ദ്ര ദിവസങ്ങളിലാണ് ഈ ഉദ്യാനത്തിന്റെ ഭംഗി ഏറ്റവുമധികം ദൃശ്യമാകുന്നത്. പച്ചയും വെള്ളയും തമ്മിലുള്ള െവെപരീത്യ ഭംഗി(കോണ്‍ട്രാസ്റ്റ്)യാണ് മൂൺഗാർഡന്റെ സവിശേഷത. രാത്രിയിൽ വിരിയുന്ന പൂക്കൾ കണ്ട് ആനന്ദിക്കാനും നറുമണം നുകരാനുമെല്ലാം അവസരമൊരുക്കുന്നു ഈ പൂന്തോട്ടം.

നിശാശലഭങ്ങളാണ് രാത്രിയിൽ വിരിയുന്ന പൂക്കളിൽ പരാഗണം നടത്തുക. അതുകൊണ്ട് ഇത്തരം പൂക്കൾക്ക് വെള്ള അല്ലെങ്കിൽ‌ ക്രീം നിറമായിരിക്കും. മിക്കവയ്ക്കും ഹൃദ്യമായ സുഗന്ധവുമുണ്ടായിരിക്കും. ചെറിയ പൂക്കളാണെങ്കിൽ കുലകളായോ അല്ലെങ്കിൽ‌ വലിയ പൂക്കൾ ഒറ്റയ്ക്കോ ആണ് കാണപ്പെടുക. നിശാപൂന്തോട്ടത്തിൽ രാത്രിസമയത്ത് എത്തിയാൽ 8–10 മിനിറ്റ് എടുക്കും പൂക്കൾ കണ്ണിൽപ്പെടാൻ. ഇരുണ്ട പച്ചപ്പിന് മുകളിൽ വെള്ളപ്പൂക്കൾ വായുവിൽ തങ്ങിനിൽക്കുന്ന പ്രതീതിയാണ് നൽകുക.

പകൽ‌സമയത്തെ ബദ്ധപ്പാടിനും അലച്ചിലിനും ശേഷം സ്വസ്ഥമായി സമയം ചെലവഴിക്കാൻ ഏറ്റവും യോജിച്ചയിടമാണ് മൂൺ ഗാർഡൻ.  മാനസിക സമ്മർദവും പിരിമുറുക്കവും ലഘൂകരിക്കാനും നിശാഉദ്യാനത്തിന് നല്ലൊരു പങ്കുണ്ട്. കൂടാതെ, കടുത്ത വേനലിൽ പകൽസമയത്ത് പൂന്തോട്ടത്തിൽ ഇറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥയിൽ നിശാഉദ്യാനത്തിന് പ്രസക്തി കൂടുന്നു. 

തയാറാക്കുന്ന വിധം: ത്രിസന്ധ്യ മുതൽ വിരിഞ്ഞുതുടങ്ങുന്ന പൂക്കളുള്ള പലതരം ചെടികളും മരങ്ങളുമാണ് നിശാ പൂന്തോട്ടത്തിലേക്കു യോജിച്ചത്. നിലാവ് നേരിട്ടു വീഴുന്നയിടങ്ങളിലാണ് ഇത്തരം ഉദ്യാനം ഒരുക്കേണ്ടത്. രാത്രിയിലെ പാതിവെളിച്ചത്തിലാണ് ഈ ഉദ്യാനത്തിന് ഭംഗിയേറുന്നത്. അതിനാല്‍ നല്ല നിരപ്പായതും വീടിനോടു ചേർന്നുള്ളതുമായ സ്ഥലമാണ് കൂടുതൽ യോജിച്ചത്. ഇത്തരം പൂന്തോട്ടത്തിൽ ഇരിപ്പിടങ്ങളോട് അടുത്തായാണ് ചെടികൾ അധികമായും ക്രമീകരിക്കേണ്ടത്. ചെടികൾ നിലത്തും ആകർഷകമായ ചട്ടികളിലും നട്ടുവളർത്താം.

മൂൺഗാർഡന്റെ മറ്റൊരു പ്രധാന ഘടകമാണ് അലങ്കാരപ്പൊയ്ക. ഈ പൊയ്കയിൽ കാണുന്ന ചന്ദ്രന്റെ പ്രതിബിംബത്തിന് പ്രത്യേക ഭംഗിയാണ്. മങ്ങിയ വെളിച്ചത്തിൽ  നടപ്പാത എളുപ്പത്തിൽ തിരിച്ചറിയാൻ ഇളം നിറത്തിലുള്ള ടൈലോ കല്ലോ ഉപയോഗിക്കണം. ഇളംനിറത്തിലുള്ള പൂക്കൾ ഉള്ള പൂച്ചെടികൾക്കൊപ്പം ചന്ദ്രക്കലയിൽ ദൃശ്യമാകുന്ന ഇളംനിറത്തിൽ ഇലകളും അവയിൽ മെഴുകാവരണവുമുള്ള അലങ്കാര ഇലച്ചെടികളും ഉൾപ്പെടുത്താം. വെള്ളയും പച്ചയും ഇടകലർന്ന നിറത്തിലുള്ള ഇലകളിലെ വെള്ളനിറം നിലാവിൽ പ്രത്യേക ദൃശ്യാനുഭൂതി പകരുന്നു.

ചെടികൾ പല തട്ടുകളായാണ് നടേണ്ടത്. ഏറ്റവും മുൻപിലായി ഒരടിയിൽ താഴെ ഉയരമുള്ള ഇനങ്ങൾ.  ഉദാഹരണം: വെള്ള പൂക്കളുള്ള വിൻക, വെർബീന, ഡെഫീറാന്തസ് ലില്ലി, പീസ്‌ലില്ലി, വെള്ള കൊങ്ങിണി, ഡെയ്സി, മിനി നന്ദ്യാർവട്ടം തുടങ്ങിയവ. ഇവയ്ക്കു പിന്നിലായി രണ്ടു മൂന്ന് അടിയോളം ഉയരം വയ്ക്കുന്ന ചെടികൾ. ഉദാഹരണം: വെള്ള മുസാൻഡ, സ്പൈഡർ ലില്ലി, വെള്ള റോസ്, സിലോൺ മുല്ല തുടങ്ങിയവ. ഇതിനു പുറകിലായി അഞ്ചാറ്  അടി ഉയരത്തിൽ വളരുന്ന കുറ്റിച്ചെടികൾ. ഉദാഹരണം: വെള്ള പൂക്കളുള്ള ബൊഗേൻവില്ല, സുഗന്ധരാജൻ, ചേഞ്ചിംഗ് റോസ്, ബ്ലീഡിങ് ഹാർട്ട്ചെടി, കുറ്റിമുല്ല, നാടൻ നന്ദ്യാർവട്ടം, വെള്ളമന്ദാരം, വെള്ള അരളി തുടങ്ങിയവ. ഇവ കൂടാതെ അവിടവിടെയായി മരങ്ങളും പന്തലിലും ട്രെല്ലീസിലും പടർത്തി കയറ്റാൻ വള്ളിച്ചെടികളും പ്രയോജനപ്പെടുത്താം. വള്ളിയിനങ്ങളിൽ വെള്ളപ്പൂക്കൾക്കായി ബ്രൈഡൽ ബൊക്കെ, മുല്ല, വെള്ള തുൺബേർ‌ജിയ, നിശാഗന്ധി, വെള്ള മാൻഡവില്ല, അരിമുല്ല എല്ലാം യോജിച്ചതാണ്.

പാരിജാതം, പവിഴമല്ലി, വെള്ളപ്പാലചെമ്പകം, പനീർചെമ്പകം, യാങ്ങിയാങ്ങി, ഏഴിലംപാല തുടങ്ങിയവ മൂൺ ഗാർഡനിൽ വെള്ളയോ ക്രീമോ നിറത്തിൽ പൂക്കളുള്ള മരങ്ങൾക്കായി തിരഞ്ഞെടുക്കാം.  വെള്ളയോ വെള്ളയും പച്ചയും ഇടകലർന്ന നിറത്തിൽ ഇലകളുള്ള ഇലച്ചെടികളും ഈ ഉദ്യാനത്തിന്റെ ഭാഗമാക്കാം. ഉദാഹരണം: വെള്ള മുള, അഗ്ലോനിമയുടെ നാടൻ ഇനങ്ങൾ, ഡിഫൻബെക്കിയ, സ്നോബുഷ്, വെള്ള ഇലകളുള്ള കലാഡിയം ഫൈക്കസ് സ്റ്റാർ ലൈറ്റ്, വെള്ളയും പച്ചയും ഇടകലർന്ന ഇലകളുള്ള റിബൺ ഗ്രാസ്, മുസ്സാൻഡ ലൂട്ടിയ, വേരിഗേറ്റഡ് നന്ദ്യാർവട്ടം തുടങ്ങിയവ. പില്ല മുകളിൽ വെള്ള പൂക്കളുള്ള ഡെൻഡ്രോബിയം ഓർക്കിഡ് ചെടികൾ കൂട്ടമായി വളർത്തി ആകർഷകമാക്കാം.നന്നായി നോട്ടം കിട്ടുന്ന ഭാഗങ്ങളിൽ വെളുത്ത നിറത്തിലുള്ള ശില്‍പങ്ങളും വയ്ക്കാം. ഉദ്യാനത്തിലേക്കുള്ള മേശയും ഇരിപ്പിടങ്ങളും വെള്ളയോ ക്രീമോ നിറത്തിലുള്ളവയാണെങ്കിൽ നല്ല ഭംഗിയായിരിക്കും.

പൂക്കൾക്ക് ചെടിയിൽ കൂടുതൽ ആയുസ്സും നിറവും സുഗന്ധവും ലഭിക്കാൻ ജൈവവളങ്ങളാണ് യോജിച്ചത്. പൂവിടും ചെടികൾ മഴക്കാലത്ത് കമ്പുകോതുന്നത് അധികമായി ശാഖകളും അവയിൽ നിറയെ പൂക്കളും ഉൽപാദിപ്പിക്കാൻ ഉപകരിക്കും.