മനം കവരുന്ന മരുപ്പച്ചകൾ

ആയിരക്കണക്കിന് അലങ്കാരച്ചെടികൾക്കിടയിലും കള്ളിമുൾച്ചെടികൾ (കാക്ടസ്) വേറിട്ടു നിൽക്കും. ആൾക്കൂട്ടത്തിൽ തനിയെ എന്ന ഭാവം. മരുഭൂമിയുടെ വിജന സൗന്ദര്യം വീണുകിടക്കുന്നുണ്ട് ഓരോ കള്ളിച്ചെടിയിലും. അതുകൊണ്ടുതന്നെ പൂച്ചെടികളുടെയും ഇലച്ചെടികളുടെയും ഇടയിൽ മുങ്ങിപ്പോകാതെ കള്ളിച്ചെടികളെ ഒറ്റയ്ക്കു നിർത്തണം, ഒറ്റയ്ക്കു കാണണം എന്നു ബാലകൃഷ്ണൻ. അപ്പോൾ ആർട് ഗ്യാലറിയിലെ അമൂർത്ത ശിൽപംപോലെ അതിമനോഹരമായിത്തോന്നും ഓരോന്നും. ഇന്ന് നഗരങ്ങളിലെ ഉദ്യാനപ്രേമികൾ കൂടുതലായി കള്ളിച്ചെടികൾ തേടുന്നതിന്റെ കാരണവും ഇതാവാം. തിരക്കുകളും ബഹളങ്ങളും നിറഞ്ഞ നഗരജീവിതത്തിൽ സ്വച്ഛതയുടെ സുഖം പകരുമല്ലോ ഒാരോ കള്ളിച്ചെടിക്കാഴ്ചയും.

കോഴിക്കോട് നഗരത്തിൽ തിരുത്തിയാടുള്ള അശ്വതിയെന്ന വീടിന്റെയും സമീപത്തുള്ള പ്രിന്റിങ് പ്രസ്സിന്റെയും ടെറസുകളില്‍ നിൽക്കുന്ന കള്ളിച്ചെടികൾ പക്ഷേ ഒന്നും രണ്ടുമല്ല,  ഏതാണ്ട് മൂവായിരം ചതുരശ്രയടിയിൽ നൂറുകണക്കിനെണ്ണം ഒരുമിച്ച്. ആകൃതിയിലും പ്രകൃതിയിലും വ്യത്യസ്തർ. ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ള ഒട്ടേറെ ഇനങ്ങൾ. അപൂർവയിനങ്ങൾ തേടിപ്പിടിച്ചും വളർത്തിയെടുത്തും  ബാലകൃഷ്ണൻ സൃഷ്ടിച്ച കള്ളിച്ചെടി പ്രപഞ്ചം ആരെയും വിസ്മയിപ്പിക്കും. 

നരച്ച രോമങ്ങൾപോലെ നേർത്ത നാരുകൾ പൊതിഞ്ഞ ഒാൾഡ് മാൻ (സിഫലോസിറിയസ്), ഗോളാകൃതിയില്‍ അതിസുന്ദരമായ മാമിലേറിയ, ലൊബീവിയ ഇനങ്ങൾ, നക്ഷത്രഭംഗിയുള്ള ആസ്റ്ററോഫൈറ്റം, വള്ളിച്ചെടിപോലെ വളരുന്ന റിപ്സാലിസ്, തൂവൽച്ചിറകുകളുടെ ചാരുതയുള്ള ഫെയറി വിങ്സ് എന്നിങ്ങനെ കള്ളിച്ചെടിയിനങ്ങൾ ഒട്ടേറെ. മുൾച്ചെടിയെന്നു വിളിക്കുമെങ്കിലും പലതിനും മുള്ളില്ലെന്നു ബാലകൃഷ്ണൻ.

പ്രിന്റിങ് പ്രസ്സിനൊപ്പം പൂച്ചെടികളെയും സ്നേഹിക്കുന്ന ബാലകൃഷ്ണന്റെ ആദ്യ ശേഖരം റോസിനങ്ങളുടേതായിരുന്നു. പിന്നീടത് ഓർക്കിഡുകൾക്കു വഴിമാറി. ഓർക്കിഡും വിട്ട് കള്ളിച്ചെടിയിലെത്തിയതു നാലു വർഷം മുമ്പ്. പ്രസ്സിന്റെ ചുമതല മക്കളെ ഏൽപ്പിച്ചതോടെ കള്ളിച്ചെടികളുടെ പരിപാലനവും വിൽപനയും ഇഷ്ട സംരംഭമായി വളർത്തിയെടുത്തു.

മുൾച്ചെടിയുടെ മുഗ്ധസൗന്ദര്യം

തായ്‌ലാൻഡും ഫിലിപ്പീൻസുംപോലുള്ള ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലുമെല്ലാം ഉദ്യാന സ്നേഹികൾ ഏറെ കൗതുകത്തോടെ പരിപാലിക്കുന്ന കള്ളിമുൾച്ചെടികൾ പക്ഷേ നമ്മുടെ ഗൃഹോദ്യാനങ്ങൾക്ക് അത്ര പരിചിതമായിട്ടില്ലെന്നു ബാലകൃഷ്ണൻ. ലഭ്യതക്കുറവും താരതമ്യേന ഉയർന്ന വിലയുംതന്നെ കാരണം. അതേസമയം അത്ര സാധാരണമല്ലാത്ത ദൃശ്യാനുഭവം സൃഷ്ടിക്കുന്ന കള്ളിച്ചെടികളെ തേടിപ്പിടിച്ചു സ്വന്തമാക്കുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. 

അതു പക്ഷേ ആദ്യം പറഞ്ഞതുപോലെ ഏറെയും നഗരങ്ങളിലെ ആസ്വാദകരാണ്. സ്ഥലപരിമിതിക്കുള്ളിൽ ഒരുക്കാവുന്ന ഉദ്യാനക്കാഴ്ചയോടാണ് അവർക്കു പ്രിയം. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പരിപാലനം കുറഞ്ഞ അലങ്കാരസസ്യമാണ് സൗകര്യം എന്നതും കാരണം. മറ്റൊന്ന് നമ്മുടെ ഉദ്യാന സങ്കൽപങ്ങളിൽ സംഭവിക്കുന്ന അഭിരുചി മാറ്റങ്ങളെ ആദ്യം സ്വീകരിക്കുന്നത് നഗരങ്ങളാണ് എന്നതുതന്നെ. മുള്ളുകൾകൊണ്ടു കാഴ്ചക്കാരനെ കയ്യകലത്തിൽ നിൽക്കാൻ പ്രേരിപ്പിക്കുന്ന കള്ളിച്ചെടികൾക്കു ലഭിക്കുന്ന സ്വീകാര്യത ഈ മാറ്റങ്ങളുടെ ഭാഗം കൂടിയാണ്.

തായ്‌ലാൻഡും ഫിലിപ്പീൻസും ഇന്തൊനീഷ്യയുമാണ് കള്ളിമുൾച്ചെടികളുടെ ഏറ്റവും വലിയ ഏഷ്യൻ വിപണികൾ. യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡിലും കള്ളിച്ചെടികളുടെ വൻശേഖരവും ആസ്വാദകരും ഏറെയുണ്ടെന്ന് ബാലകൃഷ്ണൻ. ഈ രാജ്യങ്ങളിൽനിന്ന് ഈബേ പോലുള്ള ഒാൺലൈൻ വിപണികള്‍ വഴി വാങ്ങിയവയാണ് ബാലകൃഷ്ണന്റെ ശേഖരത്തിലേറെയും. അവ വളർത്തിയെടുത്തു നമ്മുടെ നാട്ടിലെ നാടൻ‌കള്ളിച്ചെടികളിൽ ഗ്രാഫ്റ്റിങ് നടത്തി പുതിയ തലമുറയെ സൃഷ്ടിക്കും.   

ചിലയിനങ്ങളുടെ വിത്തുകൾ പാകിയും തൈകൾ മുളപ്പിച്ചെടുക്കും. തണ്ടു മുറിച്ചെടുത്തു വേരു പിടിപ്പിക്കാവുന്നവയുമുണ്ട്. ഹരിതകം കുറവായ കള്ളിച്ചെടിയിനങ്ങൾ സാവകാശമേ വളരുകയുള്ളൂ. അതുകൊണ്ടുതന്നെ വേരുപിടിപ്പിച്ചും വിത്തുമുളപ്പിച്ചും വളർത്തിയെടുക്കുന്നതിനെക്കാൾ ഗ്രാഫ്റ്റിങ് തന്നെ എളുപ്പമെന്നു ബാലകൃഷ്ണൻ. അതിർത്തിപ്രദേശമായ, കർണാടകയിലെ ഗുണ്ടൽപ്പേട്ടിലുമുണ്ട് ബാലകൃഷ്ണന്റെ കാക്ടസ് തോട്ടം. പകൽ ചൂടും രാത്രി നേരിയ തണുപ്പുമുള്ള കാലാവസ്ഥയാണ് ഈ മരുഭൂമിസസ്യങ്ങൾക്കു പ്രിയം. തൈകൾ വളർത്തിയെടുക്കാൻ ഗുണ്ടൽപ്പേട്ടിലെ കാലാവസ്ഥ  യോജ്യമെന്നു ബാലകൃഷ്ണൻ. 

മരുഭൂമിയുടെ മക്കളായതുകൊണ്ടുതന്നെ സമൃദ്ധമായ മഴയോ നനയോ കള്ളിച്ചെടികൾ പ്രതീക്ഷിക്കുന്നില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ തുള്ളിനന മതിയാവും അതിജീവനത്തിന്. നാലു മണിക്കൂറെങ്കിലും സൂര്യപ്രകാശം അത്യാവശ്യം. അതിനാല്‍ വീടിന്റെ ഉൾത്തളങ്ങളിൽ പരിപാലിക്കാ വുന്ന ഇൻഡോർ പ്ലാന്റായി വളർത്താൻ പരിമിതിയുണ്ട്. അതേസമയം വെയിൽ വീഴുന്ന ജനൽപ്പടികളെയും ബാൽക്കണികളെയുമെല്ലാം കാക്ടസുകൾ മനോഹരമാക്കും. ആറു മാസം മഴയുള്ള നമ്മുടെ സാഹചര്യത്തിൽ തുറന്ന ഉദ്യാനത്തിലും പരിപാലിക്കാൻ സാധിക്കില്ല. എന്നാൽ മഴയേൽക്കാത്ത വരാന്തകളെ സുന്ദരമാക്കും കാക്ടസുകൾ. ചുരുക്കത്തിൽ, മുള്ളുകൾക്കിടയിലെ സൗന്ദര്യംതന്നെ ഒാരോ കള്ളിച്ചെടിക്കാഴ്ചയും. 

ഫോൺ: 7293937066