മണ്ണിരക്കമ്പോസ്റ്റ് എങ്ങനെയുണ്ടാക്കാം

മണ്ണിരക്കമ്പോസ്റ്റ് വീട്ടില്‍ തയാറാക്കണമെന്നുണ്ട്. അതിനുള്ള മാര്‍ഗനിര്‍ദേശം തരണം. ഇതിന് എവിടെ പരിശീലനം കിട്ടും?

ഇ.കെ. ലോഹിതാക്ഷൻ, എരവണ്ണൂർ, നരിക്കുനി

അടുത്തുള്ള കൃഷിഭവനുമായോ മണ്ണിരക്കമ്പോസ്റ്റ് തയാറാക്കുന്ന കൃഷിക്കാർ അടുത്തുണ്ടെങ്കിൽ അവരുമായോ ബന്ധപ്പെടുക. ഉണ്ടാക്കുന്ന രീതി മനസ്സിലാക്കുന്നതിനൊപ്പം കണ്ടു പരിശീലിക്കുകയും വേണം. 

മറ്റിനം കമ്പോസ്റ്റുകളെ അപേക്ഷിച്ച് മണ്ണിരക്കമ്പോസ്റ്റ് പാകപ്പെട്ടുകിട്ടാൻ കുറച്ചു ദിവസങ്ങൾ മതി. അതായത്,  30–40 ദിവസങ്ങൾ. അര ടൺ കമ്പോസ്റ്റ് തയാറാക്കാൻ അര കിലോ (500 എണ്ണം) മണ്ണിര വേണം. രണ്ടര മീറ്റർ നീളം,  ഒരു മീറ്റർ വീതി, 30 സെ.മീ. ആഴമുള്ള തടമെടുത്ത് ചുറ്റും അര മീറ്റർ ഉയരത്തിൽ വരമ്പും ഉണ്ടാക്കണം. തടത്തിന്റെ അടിഭാഗം ഇടിച്ചുറപ്പിച്ചശേഷം ചാണകം മെഴുകുകയോ പരുക്കനിടുകയോ ചെയ്യാം. തറയിൽ ഉണക്കത്തൊണ്ടുകൾ മലർത്തി അടുക്കണം. ഇത് രണ്ടു നിരയായാൽ ഏറെ നന്ന്. തൊണ്ടുകൾ നല്ലതുപോലെ നനച്ചശേഷം 8:1 അനുപാതത്തിൽ ജൈവവസ്തുക്കളും ചാണകവും ചേർത്ത മിശ്രിതംകൊണ്ടു കുഴി നിറയ്ക്കണം.

തുടക്കത്തിൽ ഈ കുഴിയിൽ ചൂട് ഉണ്ടാകും. അതിനാൽ ഉടൻതന്നെമണ്ണിരകളെ നിക്ഷേപിക്കരുത്. രണ്ടാഴ്ച കഴിഞ്ഞു മണ്ണിരകളെ ഇടാം. തുടർന്ന് ഓലത്തുഞ്ചാണി വെട്ടിയിട്ടു കുഴി മൂടണം. കമ്പിവലകൊണ്ട് കുഴി മൂടുന്നത് പുറമേനിന്നുള്ള ജീവികളുടെ ശല്യം അകറ്റാൻ സഹായിക്കും. ഒന്നിരാടം ദിവസങ്ങളിൽ കുഴിയിൽ വെള്ളം തളിച്ച് ഈർപ്പം എപ്പോഴും നിലനിർത്തുകയും ഇടയ്ക്കിടെ ഇളക്കിയിടുകയും വേണം. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാൻ മേൽക്കൂര ഉണ്ടാക്കുന്നതും നന്ന്. ഒന്നൊന്നര മാസംകൊണ്ട് കമ്പോസ്റ്റ് തയാറാകും. തുടര്‍ന്ന്് വെള്ളം തളിക്കാതെ 3–4 ദിവസം ഇട്ടാൽ മണ്ണിരകൾ താഴേക്കു നീങ്ങും. മുകളിൽനിന്നു വളം ചുരണ്ടിയെടുത്ത്, കൃഷിക്ക് ഉപയോഗിച്ചു തുടങ്ങുക. ബാക്കിയുള്ളത് അരിച്ചു പ്ലാസ്റ്റിക് ചാക്കുകളിൽ സൂക്ഷിക്കുകയുമാവാം. വീട്ടിനുള്ളിൽ വീഞ്ഞപ്പെട്ടിയിലും മണ്ണിരക്കമ്പോസ്റ്റ് തയാറാക്കാവുന്നതാണ്.