ഇത് എന്റെ എക്കാലത്തെയും സ്വപ്നം: സംഗീത ശ്രീനിവാസൻ

2019ലെ മലയാള സാഹിത്യം എങ്ങനെയായിരിക്കണമെന്ന് അനുശാസിക്കാൻ, അല്ലെങ്കിൽ സാമാന്യവൽക്കരിക്കാൻ എനിക്കു സാധിക്കില്ല. കാരണം അങ്ങനെയൊന്ന് സാധ്യമല്ല. എങ്കിലും എന്റെയൊരു സ്വപ്നമുണ്ട്. അതു പറയാം. ഞാനടക്കമുള്ള മലയാളത്തിലെ എഴുത്തുകാരെല്ലാം ഈ വർഷം മറ്റൊരു ഭാഷ പഠിച്ച്, അതിനെ മെരുക്കി സ്വന്തമാക്കി, ആ ഭാഷകളിൽനിന്ന് ഇഷ്ടപ്പെട്ട ഓരോ കൃതിയെടുത്ത് അടുത്ത വർഷം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുക. മറ്റു ഭാഷകളുമായി നിരന്തരമായ ഇടപെടലുകളുണ്ടെങ്കിലേ ഏതൊരു ഭാഷയും വളരൂ. 

നമ്മുടെ കാളിദാസൻ ജർമൻ റൊമാന്റിക് പ്രസ്ഥാനത്തിന് ഇന്ധനമായത് ഒരുദാഹരണം മാത്രം. ആരോ പറഞ്ഞിട്ടില്ലേ, ഭാഷയെന്നാൽ അക്കങ്ങളോ ചിഹ്നങ്ങളോ ലിപികളോ അല്ല, അവ ചൊടിയുള്ള, ഇച്ഛാശക്തിയുള്ള മൃഗങ്ങളാണെന്ന്. അങ്ങനെ നമ്മുടെ മലയാളസാഹിത്യം അടവുകളില്ലാത്ത, സർഗാത്മകതയുടെ ഒരു നിബിഡവനമായി മാറുമെന്ന് ഞാൻ സ്വപ്നം കാണുന്നു.