ഒറ്റയ്ക്കായി പോയ അമ്മമാരുടെ കഥ

“വൃത്തിയില്ല നിങ്ങളുടെ അമ്മയ്ക്ക്. കൂടെ കൂട്ടേണ്ട എന്ന് പറഞ്ഞതല്ലേ.” അൽപം ഉച്ചത്തിലൊരു സ്ത്രീ ശബ്ദം. 

പൊതുസ്ഥലത്ത് ഇങ്ങനെ... ആരാണതെന്ന് അറിയാൻ ആകാംക്ഷ തോന്നിയതു കൊണ്ടു ശ്യാമ അവിടേക്ക് നടന്നു. ഒരു കുടുംബം. എവിടേയ്ക്കോ യാത്ര പോകുന്നതിനിടയിൽ പ്രഭാതഭക്ഷണം കഴിക്കുന്നതിന് ഹോട്ടലിൽ വന്നതാണ് എന്നു തോന്നുന്നു. 

മധ്യവയസ്കനായ ഒരു മകനും പ്രായമായ അമ്മയും, അത്ര പരിഷ്ക്കാരി അല്ലാത്ത ഭാര്യയും, രണ്ട് പെൺകുട്ടികളും. 

"എനിക്ക് കാണുമ്പോൾ തന്നെ ഉഷ്ണം കൂടുന്നു. അമ്മയോട് ഈ കമ്പിളി ഉടുപ്പ് ഒന്ന് അഴിച്ചു മാറ്റാൻ പറയൂ." സ്ത്രീ ശബ്ദം പരുഷമാണ്. വീണ്ടും ക്ഷോഭം. 

ശരിയാണ് നല്ല ഉഷ്ണം. മഴ പെയ്യുന്നുമില്ല. ശീതികരിച്ച മുറി ആണെങ്കിലും തണുപ്പ് തീരെയില്ല. കാപ്പിയുടെ ചൂടും... കൗതുകം കൂടിയപ്പോൾ ശ്യാമ ആ അമ്മയെ നന്നായി കാണുന്ന രീതിയിൽ ഒരിടത്തേക്ക് മാറി ഇരുന്നു. 

സസൂക്ഷ്മം നോക്കിയപ്പോൾ അവരുടെ വസ്ത്രധാരണ രീതി ശ്യാമയെ വളരെ അത്ഭുതപ്പെടുത്തി. അവിടെ കൊടും തണുപ്പ് ഉള്ളത് പോലെ.  ഒരു കമ്പിളി സ്കാർഫ് കൊണ്ട് ചെവികൾ തലവഴി മൂടി കൊട്ടിയടച്ചിരിക്കുന്നു. ഇനി ശകാരങ്ങളും വിമർശനങ്ങളും കേൾക്കാതിരിക്കാനാണോ ആവോ...

അല്ലല്ല... തണുപ്പാണ് കാര്യം...

സാരിക്കു മുകളിൽ വളരെ കട്ടിയുളള കമ്പിളിയുടുപ്പ്. അതും പൊതിഞ്ഞ് വേറെ ഒരു കമ്പിളി ഷാൾ. മരം കോച്ചും തണുപ്പുള്ള ഹിമവൽ കൊടുമുടിയിലോ മറ്റോ ജീവിക്കുന്നതു പോലെ.

ഉടൻ മറ്റൊരു സ്ത്രീ ശബ്ദം. "മോനേ നമുക്ക് തിരിച്ച് പോകാം, എത്രയും പെട്ടെന്നു തന്നെ. ഇന്നലെ അമ്മ ഉറങ്ങിയതേ ഇല്ല. എന്തൊരു തണുപ്പാണ്." 

അവർ തുടർന്നു, "ഒരു കാപ്പി കൂടേ തരുമോ? ഓ! തണുപ്പ് വല്ലാത്ത തണുപ്പ്! നീ നാളെ കഴിഞ്ഞ് തിരിച്ച് പോകും. അമ്മ തനിച്ചാണ്. തണുപ്പ് കൊണ്ട് അസുഖം വന്നാൽ അമ്മയ്ക്ക് ആരുമില്ല." 

ശ്യാമയ്ക്ക് വ്യക്തമായി, അവരും തന്നെപ്പോലെ ഈ ഹോട്ടലിൽ അതിഥികളാണ്. വഴിയാത്രക്കാർ...

"ഞാൻ പറഞ്ഞതല്ലേ അമ്മയെ വീട്ടിൽ നിർത്താൻ. യാത്ര ചെയ്ത് അമ്മയ്ക്ക് വല്ല അസുഖവും വന്നാൽ നമ്മുടെ യാത്രയും മുടങ്ങും. എനിക്ക് തിങ്കളാഴ്ച ഒഫീസുള്ളതാണ്." അമ്മയെ ക്രൂരമായ് നോക്കി ഭർത്താവിനോട് അമർഷത്തോടെ ഭാര്യ. 

അവരുടെ രണ്ടു പെൺമക്കൾ ഇതൊന്നും അവരെ ബാധിക്കുന്നില്ല എന്ന ഭാവേന തങ്ങളുടെ ലോകത്ത്. 

അൽപനേരം കൂടി അവരെ വീക്ഷിച്ച് ശ്യാമ മുറിയിലേക്ക് നടന്നു. ചിന്തയിലാണ്ട്....

താനും അമ്മയെ കണ്ടിട്ട് മാസങ്ങൾ കഴിഞ്ഞു. കേൾവിയും കാഴ്ചയും കുറഞ്ഞിട്ടും വാശിയും വീറും കുറയാത്തതിനാൽ ഒറ്റയ്ക്ക് തന്നെയാണ് അമ്മയുടെ താമസം. 

ഇന്നു വൈകിട്ട് അമ്മയെ ചെന്നു കാണണം. ഇഷ്ടമുള്ളത് ഒക്കെയും ചെയ്തു കൊടുക്കണം. ശ്യാമ ഉറപ്പിച്ചു. 

“മോനേ നീ എന്നാണ് എനിക്ക് പുതിയ ചെരുപ്പ് വാങ്ങുന്നത്? നീ പള്ളിയിൽ ഒപ്പം വരാമെന്ന് പറഞ്ഞതല്ലേ? ഒന്നും നടന്നില്ല.”ലിഫ്റ്റ് കാത്ത് പുറകിലുണ്ട് ആ അമ്മയും മകനും... കുറേ പരാതിയും പരിഭവങ്ങളും...

ശ്യാമ വീണ്ടും അവരെ നോക്കി. ഷാൾ മാത്രമല്ല. കമ്പിളി കൈകളിലും കാലുകളിലുമുണ്ട്, ഗ്ലൗസ്സും സോക്സും. അതിശൈത്യത്തിന്റെ അനുഭവം. 

കൊച്ചുകുട്ടിയെ പോലെ മകന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുകയാണവർ. അയാൾ വളരെ സൗമ്യമായ് അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നുമുണ്ട്. 

****    ****    ****    ****

ശാന്തമാണ് അമ്മയുടെ മുഖം. അത്ര ഈർഷ്യയില്ല. സമാധാനമായി. ഇപ്രാവശ്യം ഇഷ്ടമുള്ളത് എല്ലാം ചെയ്തു കൊടുക്കണം. രാവിലെ മുതൽ ആ ചിന്ത മാത്രം.

വൈകിട്ട് പുറത്ത് പോകുന്നതിൽ വല്ല്യ താൽപ്പര്യമില്ല അമ്മയ്ക്ക്. 

“ശ്യാമേ, നീ പറയുന്നതു പോലെ അല്ല. എനിക്ക് നല്ല ക്ഷീണമാണ്. പുറത്ത് പോകേണ്ട. പിന്നെ സീരിയലുകൾ കാണാതിരുന്നാൽ കഥ മറന്നു പോകും.“സീമന്തപുത്രി” കാണണം. പോയി നേരത്തെ തിരിച്ചു വരണം.” അമ്മയുടെ പല്ലവി പഴയതു തന്നെ. 

സ്വന്തം സീമന്തപുത്രിയോട് ഒരിക്കലെങ്കിലും ഇത്രയും സ്നേഹമുണ്ടായിരുന്നെങ്കിൽ, ശ്യാമ മനസ്സിൽ ചിരിച്ചു. നിർബന്ധിച്ചപ്പോൾ വരാൻ  സമ്മതിച്ചല്ലോ. സന്തോഷം. 

അമ്മ വാതിലുകൾ അടച്ച് പുറത്തേക്കിറങ്ങും നേരമാണ് ശ്യാമയത് ശ്രദ്ധിച്ചത്. അമ്മയുടെ കയ്യിലൊരു ചെറിയ ബാഗ്. 

“എന്താമ്മേ അത് സാരിയോ മറ്റോ ആണോ? ബ്ലൗസ്സിന് തുണി വേണമല്ലേ, തുണിക്കടയിൽ പോകാം കേട്ടോ. “  

അമ്മയുടെ മറുപടിയില്ല. ഒരു നോട്ടം മാത്രം. സാരമില്ല. അൽപം കഴിയുമ്പോൾ തുറന്ന് നോക്കാമെന്നവൾ കരുതി. അമ്മ കാറിലേക്ക് കയറുന്നതിനു തൊട്ടു മുമ്പ് കയ്യിലിരുന്ന ബാഗ് തുറന്നു. നിറയെ കമ്പിളി വസ്ത്രങ്ങൾ. 

തലയും, ചെവിയും, ശരീരവും, മൂടാനുള്ളവ. കയ്യും കാലും പൊതിയാൻ വേറെയും.. വളരെ ശ്രദ്ധയോടെ അമ്മ അവ ഓരോന്ന് എടുത്ത് അണിഞ്ഞും തുടങ്ങി. 

“എന്താമ്മേ ഇത് ? ഒട്ടും തണുപ്പില്ലല്ലോ. ഈ ചൂടു വസ്ത്രങ്ങളെന്തിനാണ് ഈ ഉഷ്ണകാലത്ത്? “ 

വീണ്ടും രൂക്ഷമായ നോട്ടവും കടുത്ത ശബ്ദത്തിലൊരു മറുപടിയും. 

“ആര് പറഞ്ഞു തണുപ്പില്ലെന്ന്. വല്ലാത്ത തണുപ്പാണ്. നീ വന്നപ്പോൾ അൽപം ചൂടുണ്ടായിരുന്നു. അതാണ് വീട്ടിൽ വച്ച് ഞാനിതെല്ലാം ഊരി വച്ചത്. നീ ഇന്ന് രാത്രി അങ്ങ് പോകും. എനിക്കു തണുപ്പ് സഹിക്കാൻ വയ്യ. നേരത്തേ തന്നേ ഇട്ടതാണ്. രാത്രി ആകും മുമ്പ്.“ 

അമ്മയ്ക്കും തണുപ്പ്...

അമ്മയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് പതിവില്ലാത്ത സന്തോഷത്തോടെ പിരിയുമ്പോളും ശ്യാമയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. 

മൂടിപ്പൊതിഞ്ഞ സ്വന്തം അമ്മയും രാവിലെ കണ്ട അപരിചിതയായ അമ്മയും ഒരു പോലെ. അവർ എന്താണ് പൊതിഞ്ഞ് വയ്ക്കുന്നത്? ശരീരത്തിനൊപ്പം മനസ്സിനേയും പൊതിയുന്നുവോ ആ കമ്പിളിച്ചൂടിൽ? 

മക്കളുടെ വാത്സല്ല്യച്ചൂടേറ്റ് കഴിച്ചു കൂട്ടേണ്ടുന്ന വാർദ്ധക്യം, കൊച്ചുമക്കളുടെ സ്നേഹച്ചൂടിൽ പൊതിഞ്ഞ് വയ്ക്കേണ്ട സന്ധ്യകൾ, 

ആ നിമിഷങ്ങളെല്ലാം വെറും കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ്, ജന്മം തീരാൻ കാത്തിരിക്കുന്നവർ... 

ശരിയല്ലേ, അനേകരാണ് അവർ... വൃദ്ധസദനങ്ങളിലും, നഗരങ്ങളിലെ ഫ്ലാറ്റുകളുടെ ഏകാന്തതകളിലും, അരണ്ട വെളിച്ചമുള്ള നാട്ടുവഴികൾ ചെന്നെത്തുന്ന കൂറ്റൻ മതിൽക്കെട്ടിനുള്ളിലും, ചെറുകൂരകളിലും... അൽപ്പം കമ്പിളിച്ചൂടിനു വേണ്ടി...

സ്നേഹമുള്ള, ഊഷ്മളമായ ആലിംഗനങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഞാനറിയുന്ന ഈ അമ്മമാരും പിന്നെ, എത്രയോ അനേകം ഞാൻ അറിയാത്തവരും... ഒരിക്കൽ ഞാനും...

യാത്രയ്ക്കൊടുവിൽ, വീടെത്തിയപ്പോൾ, മക്കളെ ഫോണിൽ വിളിച്ച് ശ്യാമ പറഞ്ഞു. “മോനേ, രാജൂ ഇനി നീ ദില്ലിയിൽ നിന്ന് വരുമ്പോൾ അമ്മയ്ക്ക് ഒരു കമ്പിളി പുതപ്പ് കൊണ്ടുവരണം. രാമൂ, നീ ചേട്ടനെ ഓർമ്മിപ്പിക്കണം. അമ്മയ്ക്കും മുത്തശ്ശിയേ പോലെ അൽപ്പം തണുപ്പ് തോന്നുന്നു.”

രാജുവിന് ചിരി പൊട്ടി...

”അമ്മയെന്താ പറഞ്ഞേ, കേൾക്കുന്നില്ലാ, കേൾക്കുന്നില്ലാ...” 

“മോനേ അമ്മയ്ക്കൊരു കമ്പിളി പുതപ്പ് വേണം “. ശ്യാമ വളരെ ഉച്ചത്തിൽ പറഞ്ഞു. 

“അമ്മേ കേൾക്കുന്നില്ല, ഉറക്കേപ്പറയൂ... “

“മോനേ... കമ്പിളി.. തണുപ്പ് തുടങ്ങി...” 

“അമ്മേ ലൈൻ ക്ലിയറല്ല... ഉറക്കേ”..

“....കമ്പിളി”.

“............”

ആ അമ്മയും വൃദ്ധസദനത്തിൽ ആയിരുന്നില്ലേ....?