ഐസിയു ചരിതങ്ങൾ

ഒരു കുഞ്ഞിളം കാറ്റിൻ തലോടൽ

പോലുമേൽക്കാതെയൊരു ഹൃദയം

ഉള്ളിലുറങ്ങിയതറിയാതെ,

അഗ്നിക്കുനടുവിലായ നെഞ്ചിൽ

കൈയമർത്തി ഒരമ്മ

തണുത്ത നിലത്തിരിക്കുമ്പോൾ

കനൽച്ചൂടിൽ വെന്തുനീറി

ഒറ്റയ്ക്കിരിക്കുമ്പോൾ,

നിശ്വാസങ്ങളേറ്റു പൊള്ളിയടർന്ന

കുമ്മായം തീർത്ത ചിത്രങ്ങൾ

തിന്നുന്ന ചുമരുകൾക്കരികിലൂടെ

ഹൃത്തുരുകിയൊലിക്കുന്നത്

ആരെയുമറിയിക്കാതെ

ഇടനെഞ്ചിൽ വിരലുകളാൽ

കോറിവരച്ച്

കൂട്ടിലടച്ച വെരുകിനെപ്പോൽ

നടക്കുന്നുവച്ഛനും..

ധൃതിയിൽ നടന്നും പറന്നും

പോകുന്ന വെള്ളരിപ്രാവുകൾ തൻ

ചുണ്ടിൽ പ്രാർഥനകൾ മാത്രം ..

അദൃശ്യനായൊരാളുമവിടെ

ചുറ്റിത്തിരിയുന്നുവെന്നതോർക്കുന്നില്ല

പലതും മറക്കുന്ന പലരും..

അറ്റുപോയ പ്രതീക്ഷകളറിയാതെ

ചിതയുള്ളിലെരിയുന്ന ജന്മങ്ങൾ

കണ്ണീർവറ്റിയ മിഴിയടച്ചും തുറന്നും

കാത്തിരിക്കുന്നു പിന്നെയും..

മകനേ; നിൻ കൈപിടിച്ചു

നടന്നതോർക്കുമ്പോഴും,

വൃദ്ധസദനത്തിലേയ്ക്കു

വഴികാട്ടിയതു മറക്കുന്നുവെന്നറിയൂ നീ..

മോഹക്കൂമ്പാരമാണെരിഞ്ഞു തീർന്നത്

കുഞ്ഞുകരങ്ങളാലന്നു നീ നട്ട

മാവാണിന്നു കൂടെ വന്നതെന്നതും

ഓർത്തോർത്ത് കൂടെയെരിയുന്ന

ഇരുജന്മങ്ങൾ..

ഇനിയെത്ര കാലം

പലതുമോർത്ത് തള്ളിനീക്കണം;

കാത്തിരിക്കാനിനി

അതൊന്നു മാത്രം.