പുട്ട് പ്രതികാരത്തിന് ഹാനികരം (കഥ)

ആ രാത്രിയുടെ ഇരുട്ടിനോളം കനത്ത ദേഷ്യവും സങ്കടവുമായിട്ടാണ് അന്ന് അവൻ ഉറങ്ങാൻ കിടന്നത്. എന്നാൽ, ഉറക്കം അവന്റെ കണ്ണുകൾക്കു ചുറ്റും ഒരു മുഴപോലെ കനംവെച്ചതല്ലാതെ അത് ഒരു പൂർണ നിദ്രയിലേക്ക് അവനെ എത്തിച്ചില്ല. അതിൽ അവന് വളരെയധികം അസ്വസ്ഥത തോന്നി. അവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് തന്റെ മനസ്സിനെ ഏതോ ഒരു ഗാഢമായ ചിന്തയിലേക്ക് കയറൂരിവിട്ടു. എന്തൊക്കെയോ ചിന്തയുടെയും ആലോചനയുടെയും ഫലമായി ഒടുവിൽ, തന്റെ ദേഷ്യത്തിന് പ്രതികാരമെന്നോണം, തന്റെ സങ്കടത്തിന് പരിഹാരമെന്നോണം അവൻ ആ തീരുമാനെമെടുത്തു.

‘‘ഇനി ഈ നിമിഷം മുതൽ ഞാൻ എന്റെ അമ്മയോട് മിണ്ടില്ല. സത്യം. അമ്മ ഇങ്ങോട്ട് വന്ന് മിണ്ടിയാലും ഞാൻ അങ്ങോട്ട് ഒരു അക്ഷരം പോലും മിണ്ടില്ല..ഇത് എന്റെ വാശിയാണ്. എന്റെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കാതെ, ഇന്ന് അത്രയും ആൾക്കാരുടെ മുൻപിൽ വെച്ച് എന്നെ വഴക്കു പറഞ്ഞു നാണം കെടുത്തിയ അമ്മയോടുള്ള എന്റെ പ്രതികാരം...’’

പതിവുപോലെ പിറ്റേ ദിവസവും രാവിലെ നേരം വൈകി എഴുന്നേറ്റ അവൻ പ്രഭാത കർമ്മങ്ങൾക്കു ശേഷം ഭക്ഷണം കഴിക്കാനായി സ്ഥിരം ഇരിക്കാറുള്ള കസേരയിൽ ഒരു കെട്ട് ഗമയോടെ വന്ന് ഇരുന്നു.

ആഹാരം മുൻപിൽ കൊണ്ടുവന്നു വെച്ച ശേഷം അമ്മ അവനോട് എന്തൊക്കെയോ പറഞ്ഞു. അവൻ അതിനൊന്നും മറുപടി കൊടുത്തില്ല.

അവൻ ഒരു പ്രതികാരഭാവത്തോടെ മുൻപിൽ ഇരുന്ന ആ പുട്ടും കടലയും തന്റെ വിരലുകൾക്ക് ഇടയിലിട്ട് ഞെരുക്കി ശ്വാസം മുട്ടിച്ച ശേഷം ഓരോ ഉരുളകളാക്കി വായിലേക്ക് ഇട്ടു കൊണ്ടിരുന്നു.

പക്ഷേ, പെട്ടന്നാണ് ഒരു ഇടിമിന്നൽ പോലെ പുട്ട് ചതിച്ചത്... അവൻ അതിവേഗം ഒരു ഗ്ലാസ് വെള്ളത്തിനായി മേശ മുഴുവൻ തിരഞ്ഞു, കിട്ടിയില്ല... ഒടുവിൽ തന്റെ ഉറച്ച തീരുമാനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് അവൻ അലറി...

"അമ്മേ..... വെള്ളം....."