'കറുത്ത് കോലംകെട്ട ഇവനെങ്ങനെ ഇത്രയും സുന്ദരിയായ പെൺകുട്ടിയെ കിട്ടി?' വായിക്കാതെ പോകരുത് ഈ കഥ

സീസൺ (കഥ)

വെസ്റ്റ് വേ റസ്റ്ററന്റിൽ ആളുകൾ വളരെ കുറവായിരുന്നു. അങ്ങിങ്ങായി ചില വിദേശികൾ കടൽ ആദ്യമായി കാണുന്നപോലെ വീണ്ടുമൊരു അസ്തമയം പ്രതീക്ഷിച്ചിരിക്കുന്നു.

പാറകെട്ടുകൾക്ക് മുകളിൽ മനോഹരമായി മരത്തടികൾകൊണ്ട് മാത്രം തീർത്ത ഈ റെസ്റ്ററന്റിലിരുന്ന് താഴെ കടൽ ആർത്തിരമ്പി കരയുന്നത് അതി മനോഹരമായ കാഴ്ചയാണ്.

സീസണായിട്ടും ടൂറിസ്റ്റുകൾ കുറഞ്ഞത് എന്തു കൊണ്ടാവണം....

വെയ്റ്റർ അടുത്തവന്ന് മുക്കിയും മുരണ്ടും കടന്നു പോയി. ഇതുവരെ ഒന്നും ഓർഡർ ചെയ്യാത്തതു കൊണ്ടാവാം.

മുൻപ് ഒരു തവണ ഇവിടെ വന്നിട്ടുണ്ട്. പത്താംക്ലാസിൽ പഠിക്കുമ്പോൾ, സ്ക്കൂൾ ടൂർ. പക്ഷേ അന്ന് കടലിനേക്കാളും, അസ്തമയത്തേക്കാളും ഞങ്ങളാസ്വദിച്ചത് ബയോളജി ടീച്ചർ എലിസബത്ത് മാഡത്തിന്റെ ശരീരശാസ്ത്രമായിരുന്നു. 

അന്ന് പത്താം ക്ലാസിലെ ഞാനടക്കമുള്ള ആൺപിള്ളേരുടെ സുഖനിദ്ര ബയോളജി പുസ്തകം കെട്ടിപിടിച്ച് അതിന്റെ ഗന്ധം മൂക്കിലേക്ക് വലിച്ചു കേറ്റിയിട്ടായിരുന്നു. 

*****     *****     ******     ******

ഞാൻ നിരഞ്ജൻ.....

ഇത് ആഘോഷരാവൊഴിഞ്ഞ എന്റെ വിവാഹ രാത്രി.

"കറുത്ത് കോലംകെട്ട ഇവനെങ്ങനെ ഇത്രയും സുന്ദരിയായ പെൺകുട്ടിയെ കിട്ടി.....?"

".... so what, he is rich, well educated, established businessman പിന്നെ നല്ലൊരു മനുഷ്യസ്നേഹിയും....! അതുകൊണ്ട് സൗന്ദര്യം ഒരു മാറ്ററേയല്ല ..."

ഇടകലർന്ന സംസാരമായതിനാൽ ആരെന്നറിയാതെ അതെവിടെയോ ലയിച്ചു. വീട്ടിൽ വിളക്കുകൾ ഒരോന്നായി അണഞ്ഞു തുടങ്ങി. 

ആ രാത്രി ഒരുക്കിയ നിശബ്ദതയിൽ, മുറിയിലെ എന്നെക്കാളും പൊക്കമുള്ള കണ്ണാടിയിൽ ഞാൻ എന്നെ തന്നെ നോക്കികണ്ടു.

മൈഥിലിയുടെ (അതാണവളുടെ പേര്, എന്റെ....!!!???) വരവു കാത്തു മടുത്തപ്പോൾ മേശപുറത്ത് പാതി തുന്നുവെച്ച പുസ്തകമെടുത്ത് പുറം ചട്ടനോക്കി. ഓഷോയുടെ 'സ്ത്രീ'. സ്ത്രീഹൃദയം പോലെ നിഗൂഢമായൊരു പുസ്തകം. എന്നോ വായിച്ചു തുടങ്ങിയതാണ്. പക്ഷേ മുന്നോട്ടു പോകാനാവുന്നില്ല.

പുസ്തകം മടക്കി ഷെൽഫിൽ വെക്കാനൊരുങ്ങുമ്പോൾ ഇടനാഴിയിൽ മൈഥിലിയുടെ പതിഞ്ഞ ശബ്ദം.

"... എനിക്കറിയാം അമൻ,... അതുകൊണ്ടാണ് നിന്നെ മാത്രം മനസ്സിൽകണ്ട് ഞാനിതിന് തലകുനിച്ചത്... ഒരു താൽകാലിക രക്ഷപെടൽ. നിന്നിലേക്ക് എത്തുന്നതു വരെ. പക്ഷേ അമൻ, അയാൾ എന്നെ നോക്കുന്നതേ എനിക്കു വെറുപ്പാണ്.... 'കരിമാടി കുട്ടൻ'....ok... മിസ്സ് യു ..... "

ശീതികരിച്ച കിടപ്പുമുറിയായിട്ടും ഒറ്റനിമിഷം കൊണ്ട് ഞാനാകെ വിയർത്തു. പുസ്തകം മേശപുറത്ത് വലിച്ചെറിഞ്ഞു. കാലുകൾ തളർന്നപ്പോൾ ഒരു കൈ താങ്ങി സോഫയിലിരുന്നു.

വാതിൽ വലിയ ശബ്ദത്തോടെ തുറന്നു. 

"...നിരഞ്ജൻ എനിക്കറിയില്ല... എനിക്ക് മാനസികമായി നിങ്ങളെ പങ്കാളിയായി കാണാനും, സ്വീകരിക്കാനും കഴിയുന്നില്ല... പ്ലീസ്....... "

മൈഥിലി ആദ്യരാത്രി ആദ്യം പറഞ്ഞവാക്കുകൾ. പക്ഷേ ആ കാർമേഘം എന്നോ മനസ്സിലെവിടെയോ ഉരുണ്ടുകൂടിയിരുന്നു. അതു തന്നെ പെയ്തൊലിച്ചു.

"അച്ഛനാവശ്യം എനിക്കിഷ്ടപെട്ട ഭർത്താവായിരുന്നില്ല. നിങ്ങളെപോലെ ചെറുപ്പക്കാരനായ പടർന്നു പന്തലിച്ച ബിസിനസ്സ് മാനായിരുന്നു.... "

"മൈഥിലി... പതുക്കെ പറ...., എനിക്കറിയാം, അതു കൊണ്ടാണല്ലോ നിശ്ചയം കഴിഞ്ഞ് പലതവണ കാണാൻ ശ്രമിച്ചിട്ടും ഒഴിഞ്ഞുമാറിയത്. പക്ഷേ എന്തുകൊണ്ട് ഒരു വാക്ക് എന്നോട് പറഞ്ഞില്ല......"

"... അറിയില്ല നിരഞ്ജൻ.... അച്ഛൻ നിരത്തിയ ലാഭനഷ്ട കണക്കിനു മുന്നിൽ എനിക്ക് മൗനിയാകേണ്ടിവന്നു. യാന്ത്രികമായി തലകുനിക്കേണ്ടി വന്നു... "

".... നിന്റെ അവഗണനയ്ക്കു മുന്നിൽ എന്നേ ഞാനും തിരിച്ചറിയേണ്ടതായിരുന്നു ഈ സത്യം. അതെന്റെ തെറ്റ്... പക്ഷേ ഞാൻ ആഗ്രഹിച്ചതും സ്വീകരിച്ചതും നിന്നിലെ സൗന്ദര്യമോ, സമ്പത്തോ ആയിരുന്നില്ല. എനിക്കൊരു കൈതാങ്ങ്, എന്റെ ജയപരാജയങ്ങളിൽ, സുഖദുഃഖങ്ങളിൽ. 

ആ കഴുത്തിൽ താലി ചാർത്തുമ്പോൾ ഞാൻ നിന്റെ കാലിൽ വീണ് സ്വയം തൊട്ടു വണങ്ങുകയായിരുന്നു. ഈ കറുത്തവനെ സ്വീകരിച്ച, ഹൃദയ വിശാലതയ്ക്കു മുന്നിൽ, സൗന്ദര്യം സൗര്യഭമായൊഴുകുന്ന നിന്റെ ആകാരത്തിനു മുന്നിൽ..... എന്നിട്ടും ... മൈഥിലി ... നീയിങ്ങിനെ.....

ആ മനസ്സെങ്കിലും എനിക്കു നൽകിക്കൂടെ ഒരു പോറൽപോലും ഏൽക്കാതെ ഞാൻ സൂക്ഷിക്കാം..... "

"കഴിയില്ല നിരഞ്ജൻ. അത് മറ്റൊരാൾക്ക് ഞാൻ എന്നേ കൊടുത്തു."

"അമൻ, അല്ലേ.... എനിക്കറിയാം. ഞാൻ എല്ലാം കേട്ടു... എന്റെ മുഖത്ത് സൂക്ഷിച്ചു നോക്ക്.... ഞാൻ അത്രയ്ക്ക് വിരൂപനാണോ..... പറ......"

മൈഥിലിയുടെ മുഖത്ത് ഭാവവ്യത്യാസം ഒന്നും വരാതെ അവൾ കട്ടിലിന്റ ഒരു വശത്തിരുന്നു.

"എന്നെ നീ ഒരു ഇടക്കാല തുരുത്താക്കി, അല്ലേ.... എന്നെമാത്രമല്ല, എന്റെ സ്വപ്നങ്ങളെ, ആഗ്രഹങ്ങളെ, വിശ്വാസത്തെ, കുടുംബത്തെ, വ്യക്തിത്വത്തെ.... നീ അറിഞ്ഞു കൊണ്ട് എന്നെ ശരിക്കും വിഡ്ഢിയാക്കുകയായിരുന്നു.... 

മൈഥിലി, നിയമപരമായി നീ എന്റെ ഭാര്യയാണ്. ... ".

"നിരഞ്ജൻ...., സ്‌ത്രീയുടെ ഉറച്ച തീരുമാനത്തിനു മുന്നിൽ നിയമം വെറുമൊരു അക്ഷരക്കൂട്ടം മാത്രമാണ്. പിന്നെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണവും, ഉത്തരവും അച്ഛൻ തന്നെ എല്ലാവരോടും പറഞ്ഞോളൂ. അച്ഛന് സ്റ്റാറ്റസിനപ്പുറം ഒന്നുമില്ല.., എനിക്കുറങ്ങണം......."

മൈഥിലി കട്ടിലിന്റെ ഒരു വശത്തേക്ക് കിടന്നു പുതപ്പ് മുഖത്തേക്ക് വലിച്ചിട്ടു. അപ്പോഴാണ് നിരഞ്ജൻ അതു ശ്രദ്ധിച്ചത്. മൈഥിലിയുടെ വിരലിൽ താൻ അണിയിച്ച വിവാഹമോതിരം കാണാനില്ല... പുറത്ത് ഇരുട്ട് കൂടുതൽ ഖനീഭവിച്ചു.

നിരഞ്ജൻ സോഫയുടെ ഒരു ഭാഗത്തേക്ക് തലവെച്ച് കണ്ണുകളടച്ചു.

*****     *****     ******     ******

ദിവസങ്ങളങ്ങനെ വെയിലും, മഴയും, ഇടിയും, മിന്നലുമായി ഋതുഭേദങ്ങളറിയിച്ചു കടന്നു പോയി ..... ജീവനുണ്ടെന്ന് ഉറപ്പു വരുത്തി ഞാനും മൈഥിലിയും ഇരുധ്രുവങ്ങളിലേക്ക് നടന്നു കൊണ്ടിരുന്നു.

ഇതിനിടയിൻ പലയാത്രകൾ. എല്ലാം ബിസിനസ് ആവശ്യങ്ങൾക്കാണെങ്കിലും ഒരു സ്വയം രക്ഷപെടലായിരുന്നു പലതും. പക്ഷേ മനസ്സ് പാകപെടുത്താൻ എനിക്കൊരു നീണ്ട ഇടവേള ആവശ്യമായിരുന്നു, ഭ്രാന്തായി പോകുന്നതിനു മുന്നേ.

"മൈഥിലി..... ഞാനടുത്തയാഴ്ച യുഎസിൽ പോകുകയാണ്. ബിസിനസ്, പിന്നെ കുറച്ച് study & research...'' അവളൊന്നും പ്രതികരിച്ചില്ല.

" .... ഞാൻ തിരിച്ചു വരുന്നതുവരെ... സ്വയം തീരുമാനമെടുക്കരുത്.... അത്രമാത്രം...."

ഇതിനിടയിലെപ്പോഴോ ഞങ്ങൾക്കിടയിലെ അസ്വാരസ്യത്തിന്റെ പുകചുരുൾ അമ്മ തൊട്ടറിഞ്ഞിരുന്നു, മൂകമായി. പിന്നെ ഒരു വർഷം വിളിയോ അന്വോഷണമോ ഉണ്ടായില്ല. സത്യം പറഞ്ഞാൽ മൈഥിലിയോടെനിക്ക് ദേഷ്യമോ വെറുപ്പോ ഒന്നും ഉണ്ടായിരുന്നില്ല.

എങ്കിലും ഞാൻ പറഞ്ഞത് അവൾ അനുസരിച്ചു. സ്വയം തീരുമാനമെടുക്കാതെ എനിക്കു വേണ്ടി കാത്തിരുന്നു അതെന്തിനായാലും.

*****     *****     ******     ******

"ഹലോ... മൈഥിലി, നിരഞ്ജനാണ്..... ഞാൻ മറ്റെന്നാൾ വരുന്നു... " 

ഒരു വർഷത്തിനു ശേഷം എന്റെ ശബ്ദം കേട്ടതുകൊണ്ടാണോ എന്നറിയില്ല അവൾ ആദ്യമായി സ്നേഹത്തോടെ (അതോ എനിക്കു തോന്നിയതോ....?) വിളി കേട്ടു.

"..... നിരഞ്ജൻ... "

"അതേ... സുഖമാണോ എന്നു ഞാൻ ചോദിക്കുന്നില്ല.... പിന്നെ ഞാൻ വരുന്നത് വീട്ടിലേക്കല്ല. ഗോവയിലെ വെസ്റ്റ് വേ റസ്റ്ററന്റിൽ നീ വരണം. നിന്റെ എല്ലാ സാധനങ്ങളുമായി.... ഡ്രൈവറുമായി നേരത്തെ പുറപ്പെടണം. ഞാൻ പറഞ്ഞിട്ടുണ്ട്. അമ്മക്കുമറിയാം.. So see you there..."

"നിര....... " അവളെന്തോ പറയാൻ തുടങ്ങുന്നതിനു മുമ്പേ ഞാൻ ഫോൺ കട്ട് ചെയ്തു. ചിലപ്പോൾ അവൾക്കൊരു അസ്വസ്ഥതകളുടെ രാത്രി സമ്മാനിച്ചു കൊണ്ട്.

*****     *****     ******     ******

" നിരഞ്ജൻ......"

ഞെട്ടലോടെ ഓർമകളിൽനിന്ന് കണ്ണെടുത്തപ്പോൾ മുന്നിൽ മൈഥിലി തന്നെ നോക്കി ഇരിക്കുന്നു. റസ്റ്ററന്റിൽ അത്യാവശ്യം ആളുകൾ നിറഞ്ഞിരിക്കുന്നു. അസ്തമയത്തിന് ഇനിയും സമയമുണ്ട്.

"Sorry I am late... " 

"No. I am early. എല്ലായിടത്തും ഞാൻ നേരെത്തേ എത്തും. അവസാനത്തെ ആളായി പോകുന്നതും ഞാനായിരിക്കും..... നന്ദി,  ഒരു വർഷം സ്വയം തീരുമാനമെടുക്കാതെ എനിക്കായ് കാത്തുനിന്നതിനും, എതിർക്കാതെ ഇവിടെ വന്നതിനും....

എന്താണ് കഴിക്കാൻ വേണ്ടത്. എനിക്കു നല്ല വിശപ്പുണ്ട്. മൈഥിലി വന്നിട്ട് ഓർഡർ ചെയ്യാമെന്നു കരുതി.... "

"No .... thanks... ഒന്നും വേണ്ട..."

"Ok then... " 

ഞാൻ വെയ്റ്ററെ വിളിച്ച് Orange Juice & Sphegatty order ചെയ്തു.

ഒരുപാട് ചോദിക്കാനുണ്ടായിട്ടും ഒന്നും പറയാതെ ഞാനവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. ആദ്യമായി എന്നെ കാണുന്ന പോലെ അവളും.

"മൈഥിലി.. ജീവിതത്തെ നമ്മൾ എങ്ങിനെ നോക്കിക്കാണുന്നോ, അതനുസരിച്ചായിരിക്കും അതിന്റെ യഥാർഥ പ്രതിഫലനം നമ്മൾക്കു കിട്ടുന്നത്... 

എന്നെ സംബന്ധിച്ചിടത്തോളം അതൊരു പരാജയമായിരുന്നു. 

ഇതിനെല്ലാം നാം വിളിക്കുന്ന പേരാണ് 'വിധി'. പക്ഷേ, അതെന്റെ ജീവിതത്തെ മാറ്റിമറിച്ചത് വിവാഹമായിട്ടിയിരുന്നു എന്നു മാത്രം. 

ഞാൻ ആരേയും പഴിക്കുന്നില്ല...

അതുപോലെ, മൈഥിലി... നിനക്കും ഈ തുരുത്ത് വിടേണ്ടെ.... എന്നും നീ ആഗ്രഹിച്ച സുന്ദരമായ ആ മുഖത്ത് ചുബിച്ചുകൊണ്ട്... നല്ലൊരു പ്രഭാതം കണികണ്ടുണരാൻ..."

ഇതിനിടയിൽ എപ്പോഴോ ഫുഡ് വന്നു. ഓറഞ്ച് ജ്യൂസ് ഞാനവളുടെ അരികിലേക്ക് നീക്കിവെച്ചു. നിരസിക്കാതെ മൈഥിലി 

ഗ്ലാസ് കൈലെടുത്തു.

"മൈഥിലി... നമ്മളെ കൂടാതെ ഞാൻ മറ്റൊരാളെ ഇവിടേക്ക് ക്ഷണിച്ചിട്ടുണ്ട്... ഇന്നത്തെ അസ്തമയം കാണാൻ... പിറകോട്ടു നോക്കൂ... "

മൈഥിലി ഞെട്ടിത്തരിച്ചു പോയി...

"അമൻ......"

"അതെ, അമൻ. ഈ ദിവസം എന്നേക്കാളേറെ സ്വപ്നം കണ്ട ഒരാൾ.... നല്ലൊരു കൈ നട്ടാലെ റോസാ പൂവിന് സുഗന്ധം കൂടു എന്ന് അമ്മ പറയും. നീ നട്ടു കാത്തിരിക്കുന്ന ആ സുഗന്ധം അമനാണ്. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ തമ്മിലറിയാം...." അമൻ അവൾക്കരുകിലിരുന്നു.

"Sorry... മൈഥിലി. ഈയൊരു ദിവസത്തിനായി ഞാൻ എല്ലാം നിന്നോട് മറച്ചു വെക്കുകയായിരുന്നു. നിരഞ്ജൻ പറഞ്ഞിട്ട്..... "

"അല്ല.... ഞാൻ നിർബന്ധിച്ചിട്ടെന്നു പറ. ഇനി നിങ്ങൾക്കിടയിലെ ഇടവേള നീണ്ടുപോവേണ്ട... അടുത്ത പകുതി തുടങ്ങാൻ സമയമായി... സന്തോഷത്തോടെ..... "

ഒന്നും മനസ്സിലാവാതെ അവൾ നിരഞ്ജന്റെ മുഖത്തേക്ക് നോക്കിയെങ്കിലും ചീറ്റുന്ന കടലിലേക്ക് മുഖം തിരിച്ചു തുടർന്നു..

"... അമൻ കഴിഞ്ഞ എട്ടു മാസമായി എന്റെ ബാംഗ്ലൂർ ഓഫിസിന്റെ ജി എം ആണ്. ഇതാ അമൻ ഞാൻ പറഞ്ഞ പോലെ നിങ്ങളുടെ പുതിയ അപ്പാർട്ടുമെന്റിന്റെ കീ. സത്യത്തിൽ ഞങ്ങൾക്ക് താമസിക്കാൻ വാങ്ങിയതായിരുന്നു... എന്റെ കാറും നിനക്കുപയോഗിക്കാം.

Documents എല്ലാം ഓഫീസിലെത്തും. ഞാൻ ഒപ്പിട്ട Divorce Consent Letterഉം... "

"... നിരഞ്ജൻ ....." അമനും, മൈഥിലിയും ഒരേ സമയം അറിയാതെ വിളിച്ചു.

"ഇതൊരു മധുരപ്രതികാരമോ, സഹതാപമോ അല്ല... ഇതാണതിന്റെ ശരി. ഒരർഥവുമില്ലാതെ ജീവിതമിങ്ങിനെ മുന്നോട്ടു കുതിക്കുമ്പോൾ ഡയറി താളുകളിൽ കുറിച്ചിടാൻ നല്ല ഓർമകളൊക്കെ വേണ്ടേ.......

ഇനിയൊരു യാത്ര. പ്ലാനിങ്ങൊന്നുമില്ലാതെ ഒരു തീരം വിട്ട് മറ്റൊരു തീരം തേടി.... സ്നേഹിക്കാൻ പഠിപ്പിച്ച, സഹിക്കാനും, ക്ഷമിക്കാനും പഠിപ്പിച്ച, പിന്നെ.... മറക്കാൻ പഠിപ്പിച്ച ഒരു മഹാസത്യത്തിന്റെ കൂടെ....'അമ്മ'. അതുമതിയെനിക്കെന്നും.. "

കടൽക്കര മുഴുവൻ നിശബ്ദമായ പോലെ,... ആ ശൂന്യതയിൽ തങ്ങൾ മൂന്നു പേരു മാത്രമായി അവിടം ചുരുങ്ങുന്നതായി മൈഥിലിക്കു തോന്നി.

"... ഈ സുന്ദരമായ സായാഹ്നം നിങ്ങൾക്കുള്ളതാണ്. ആസ്വദിക്കുക.... പതിവു തെറ്റിച്ച് ഇവിടെനിന്ന് ആദ്യം ഇറങ്ങുകയാണ്.

അമൻ, നിന്റെ പേരിലിവിടെ ഒരു ഹണിമൂൺ കോട്ടേജ് ബുക് ചെയ്തിട്ടുണ്ട്. താക്കോൽ റിസപ്ഷനിൽ നിന്നും വാങ്ങാം. ഒരാഴ്ച, കണ്ടു മടുക്കാത്ത കടലും, പറഞ്ഞു തീരാത്ത നിങ്ങളുടെ പ്രണയവും ആസ്വദിക്കാം. ഞാൻ നിനക്കു വിളിക്കും, പക്ഷേ എപ്പോഴാണന്നറിയില്ല.... So, Good bye, മൈഥിലി... " 

" ഫുഡ്..... ഒന്നും കഴിച്ചില്ല.... " 

അമൻ പറഞ്ഞു.

" that's for u ...."

നിരഞ്ൻ തിരിഞ്ഞു നോക്കാതെ ലിഫ്റ്റിനടുത്തേക്ക് നടന്നു. പെട്ടന് മൈഥിലി എഴുന്നേറ്റോടി... ആരെയോ തളളിമാറ്റി.

"നിരഞ്ജൻ...." അവൾ ഉറക്കെ വിളിച്ചു.

റസ്റ്ററന്റിലെ എല്ലാവരും ഒന്നും മനസ്സിലാവാതെ അവളെനോക്കി.

"നിരഞ്ജൻ... എന്നോട് ദേഷ്യമുണ്ടോ...?" അവൾ കിതച്ചു കൊണ്ട് ചോദിച്ചു. 

അയാൾ ചെറുതായി ചിരിക്കുക മാത്രം ചെയ്തു ലിഫ്റ്റിൽ കയറി. അവൾ നോക്കി നിൽക്കേ ലിഫ്റ്റ് സാവധാനം അടഞ്ഞു. പക്ഷേ ആ കണ്ണുകളിൽ ഒരായിരം അസ്തമയ സൂര്യന്റെ വിഷാദചുവപ്പുണ്ടായിരുന്നു.

*****     *****     ******     ******

അമന്റെ നെഞ്ചിൽ മൈഥിലി തല വെച്ചു കിടന്നു. അവന്റെ വിരലുകൾ അവളുടെ മുടിയിഴകളിലൂടെ എന്തോ തിരഞ്ഞു കൊണ്ടിരുന്നു. വിശാലമായ ആ റോയൽ സ്യൂട്ടിൽ അവർക്കിടയിൽ മൗനം കുറച്ചു നേരത്തേക്ക് തണുപ്പായി ഒഴുകിനടന്നു.

"..... മൈഥിലി, നിരഞ്ജൻ ഒരു പുസ്തകമാണ്.... ഞാനും നീയുമൊക്കെ വായിക്കാൻ മറന്നു പോയൊരു പുസ്തകം. ഞാൻ കഴിഞ്ഞ ഒരു വർഷമായി പഠിച്ചു കൊണ്ടിരിക്കുന്ന പുസ്തകം... പലപ്പോഴും തോന്നിയിട്ടുണ്ട് നമുക്ക് വേണ്ടതെല്ലാം അതിലുണ്ടെന്ന്..... പക്ഷേ... ... "

"..... പക്ഷേ നിരഞ്ജനു വേണ്ടത് മാത്രം അതിലില്ലായിരുന്നു. ഒരു പക്ഷേ എനിക്ക് മറിച്ചു നോക്കി കാണിക്കാമായിരുന്നു. എന്തുകൊണ്ടോ ഞാനതിനു ശ്രമിച്ചില്ല.., അമൻ.."

പെട്ടെന്ന് വാതിലിനടുത്ത് വിസിറ്റേഴ്സ് ഐക്കൺ തെളിഞ്ഞു. അമൻ എഴുന്നേറ്റ് വാതിൽ പാതി തുറന്നു. 

"....sorry sir, a gift for u from Niranjan sir. He advised me to present you at this time." Room service boy താഴ്മയോടെ പറഞ്ഞു.

മനോഹരമായി പൊതി‍ഞ്ഞ ഒരു ഗിഫ്റ്റ് ബോക്സ്. അമൻ അത് അഴിക്കാൻ തുടങ്ങവേ 'സ്നേഹപൂർവ്വം മൈഥിലിക്ക് ' എന്നെഴുതിയ കാർഡ് കണ്ടു.

"Hi..., this is for you. Open it.."

വിറയ്ക്കുന്ന വിരലുകളോടെ അവൾ അതു തുറന്നു. ഒരു ജുവലറി ബോക്സ് മൈഥിലി അവന്റെ കണ്ണുകളിലേക്ക് നോക്കി.

" Open it.  don't worry..."

മൈഥിലി അതു തുറന്നു. ഒരു നിമിഷം അതു നോക്കി. പിന്നെ തുറന്നിട്ട ജാലകത്തിനരികിലേക്ക് പതിയെ നടന്നു. ഒന്നും മനസ്സിലാവാതെ അമൻ അതു പുറത്തെടുത്തു.

".....ഞാൻ നിരഞ്ജനണിയിച്ച വിവാഹമോതിരം. പക്ഷേ അതിലെഴുതിയിരുന്ന പേരു മാത്രം മാറി "

അമൻ സൂക്ഷിച്ചു നോക്കി. അതെ, അതി മനോഹരമായ് 'അമൻ' എന്നാലേപനം ചെയ്ത മോതിരം.

"അതെന്നോട് വിരലിലണയാൻ പറയരുത്..... കഴിയില്ല... അതിന്റെ കാരണവും ചോദിക്കരുത്......"

ദീർഘനിശ്വാസത്തോടെ ഒന്നും പറയാതെ അമൻ light dim ചെയ്തു ആ വലിയ ബെഡിലേക്ക് മലർന്നു വീണു. ജാലകത്തിനപ്പുറം കടലോരത്തെ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ അവൾ കണ്ടു. 

കറുത്ത നീഗ്രോ യുവാവിന്റെ അരകെട്ടിലൂടെ കൈയ്യിട്ട് തന്നിലേക്കടുപ്പിച്ച് എന്തോ പറഞ്ഞ് ഉച്ചത്തിൽ ചിരിച്ചു നടന്നു മറയുന്ന വെളുത്ത ഒരു വിദേശ യുവതി.

താഴെ. ഉറക്കമില്ലാത്ത കടൽ കരയെ തഴുകി കൊണ്ടേയിരുന്നു. ഒരിക്കലും മടുക്കാതെ കരയത് ഏറ്റു വാങ്ങുന്നു.

അന്നാദ്യം മൈഥിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 

.....നിരഞ്ജനു വേണ്ടി .....

*****     *****     ******     ******

കടൽഭിത്തിയിലിരുന്ന കാക്ക കൊറ്റിയോടു ചോദിച്ചു:

"സീസൺ' എന്നാൽ എന്താണെന്നറിയോ...?"

കൊറ്റി: അറിയാം. മാറിമറിഞ്ഞു വരുന്ന ഋതുഭേദങ്ങളല്ലേ.. ?                        

കാക്ക: ഹഹഹ.... അല്ല.

കൊറ്റി: എന്നാൽ നീ പറ.

കാക്ക: സീ, കടൽ. സൺ, സൂര്യൻ. സീ..സൺ. കടലും സൂര്യനും.

കൊറ്റി: ഹഹഹ... മനസ്സിലായി. സീ, കടൽ, മൈഥിലി.

കാക്ക: അതെ. സൺ, സൂര്യൻ, നിരഞ്ജൻ.

എവിടെയോ ഒരു വെടിയൊച്ച കേട്ടു. 

കൊക്കും, കാക്കയും പറന്നകന്നു.

കൊറ്റി കിഴക്കോട്ടും.......... കാക്ക പടിഞ്ഞാറോട്ടും.......