' അയാൾ അളവെടുക്കുമ്പോൾ ആ കുഞ്ഞ് ശരീരം വിറയ്ക്കാൻ തുടങ്ങും ' ഒരു പെൺകുഞ്ഞിന്റെ സങ്കടങ്ങൾ

യൂണിഫോം (കഥ)

അന്ന് പ്ലസ് ടൂവിലെ അവസാന പരീക്ഷയായിരുന്നു. പരീക്ഷ കഴിഞ്ഞ് കരഞ്ഞും, ചിരിച്ചും, കെട്ടി പിടിച്ചും പലരും വിടവാങ്ങുന്നു. ഒരു ഭാഗത്ത് നിന്നും കണ്ടമാനം ഉച്ചത്തിൽ കൂവലുകളുയരുന്നു. അവിടെയാണ് അവസാന ദിവസത്തിന്റെ ആഘോഷങ്ങൾ ശരിക്കും നടക്കുന്നത്. കളർ പൊടികൾ വാരിപൂശിയും വാട്ടർ ബലൂൺ പൊട്ടിച്ചും അത്ര നാൾ കറപറ്റാതെ സൂക്ഷിച്ച യൂണിഫോമിൽ എഴുതിയും വരച്ചും അവരാഘോഷിക്കും. 

'ഇല്ല അങ്ങോട്ട് ഞാനില്ല.' 

"നീയങ്ങോട്ട് പോവരുത്. വാ നമുക്ക് വേഗം വീട് പിടിക്കാം" 

മനസ്സിങ്ങനെ നിൽക്കകളിയില്ലാതെ വാശി പിടിക്കും. കാരണം മറ്റൊരാൾ എന്റെ യൂണിഫോമിൽ ഒരു തരിമണ്ണിടുന്നതുപോലും എനിക്ക് ദഹിക്കില്ലല്ലോ! അതിനുള്ള അവകാശം എനിക്കാണ്. എനിക്ക് മാത്രമാണ്...

സ്കൂൾ ബസിലെ അവസാന സീറ്റിൽനിന്നും കുതിച്ചിറങ്ങി വീട്ടിലെത്തി മുറിയടച്ച് ദേഹത്ത് പറ്റിയ ചെളിയോടുള്ള അറപ്പെന്നോണം യൂണിഫോമിനെ വലിച്ചെറിയും. തുന്നിപിടിപ്പിച്ച ഓരോ ബട്ടൺസും പൊട്ടിച്ചു കളഞ്ഞ് കരഞ്ഞും ചിരിച്ചും ഭ്രാന്ത് മൂക്കും. അരികിലെ ഓരോ തുന്നലും ഓരോ നൂലിഴയും സസൂക്ഷ്മം കൃത്യതയോടെ കടിച്ചു പറിച്ചു നശിപ്പിക്കും. അവസാനം തറയിൽ ചുരുണ്ട് കിടക്കുന്ന കീറ തുണികളെ നോക്കുമ്പോൾ ഒരു നാലാം ക്ലാസ്സുകാരിയുടെ വെട്ടി വിറച്ച ശരീരം കൂടി അതിനിടയിൽ പെട്ടു ശ്വാസം മുട്ടുന്നതായി തോന്നും... ഷെമീസുമിട്ട് വാടക വീടിനു ചുറ്റും ഓടി കളിക്കുമ്പോഴാകും അപ്പുറത്തെ വാടക മുറിയിൽ നിന്നും ചോദ്യം കേൾക്ക.

"ഉച്ചയ്ക്കുള്ള സിനിമയിപ്പോ തുടങ്ങും നീ വരണില്ലേ?"

കേട്ടപാതി കേൾക്കാത്ത പാതി കളിയവസാനിപ്പിച്ച് ടി.വി.ക്ക് മുന്നിൽ സ്ഥാനം പിടിക്കുമ്പോഴേക്കും അപ്പുറത്തുനിന്ന് തയ്യൽ മെഷീന്റെ കരകരാ ശബ്ദം ഷെമീസിനുള്ളിലേക്ക് കണ്ണും കൂർപ്പിച്ച് തുളച്ചു കേറും. സിനിമ കണ്ടാൽ പത്തുമിനുറ്റിനകം നിദ്രാദേവി കടാക്ഷിക്കുന്ന ഭാഗ്യം സിദ്ധിച്ച പെണ്ണുമ്പിള്ള മുറിയിലെ സോഫയിൽ അനന്തശയനത്തിലാവുമ്പോൾ തയ്യൽ മെഷീനു മുകളിലെ റിമോട്ട് ഫാഷൻ ചാനലിലേക്ക് മറുകണ്ടം ചാടി തുണിയുരിയും. 

'തയ്ക്കാൻ കൊടുത്ത പുതിയ യൂണിഫോമിന്റെ അളവെടുക്കുന്നത് എല്ലാ ദിവസവും തെറ്റിക്കുന്ന അയാളിതെന്തൊരു ടെയ്​ലർ ആണാവോ !' അയൽപ്പക്കമായതോണ്ടാവും ദിവസവും ഭാര്യ ഉറക്കം തുടങ്ങി ഫാഷൻ ചാനൽ വയ്ക്കുമ്പോഴൊക്കെ യൂണിഫോമിന്റെ അളവെടുപ്പും തകൃതിക്ക് നടക്കും. അപ്പോഴൊക്കെ ഷെമീസിനുള്ളിൽ കിടന്നൊരു കുഞ്ഞ് ശരീരം വെട്ടി വിറയ്ക്കും.

'ഓരോ വർഷവും പുതിയ യൂണിഫോം തയ്പ്പിക്കണം.... പക്ഷേ പഴയതു തന്നെ ഇടുന്നതാ നല്ലത്; അതാവുമ്പോ അളവെടുക്കേണ്ടല്ലോ!'

ഷെമീസുമാറി പാവാടയായി അതു മാറി ചുരിദാറായി ഇപ്പോ ദാ കീറി വലിച്ചിട്ട അവസാനത്തെ കോട്ടും പാന്റ്സും വരെയെത്തി. ഓരോന്നിനും അയാൾ തന്നെ കൃത്യം അളവെടുക്കും. അയൽപക്കകാരന്റെ അവകാശവും ഏറ്റവും നല്ല തുന്നൽക്കാരനെന്ന പുകഴും എല്ലാത്തിനുമുപരി " എന്റെ മോളുടെ യൂണിഫോം ഞാൻ തന്നെ തുന്നിതരാം അതിനിനി പ്രത്യേകിച്ചൊന്നും നിങ്ങൾ തരണ്ട"യെന്ന  വാഗ്ദാനവും അതിനെയൊരു പതിവാക്കി മാറ്റിയിരുന്നു. ഉയരം കൂടുന്നതും വലുപ്പം വയ്ക്കുന്നതും അളന്ന് കുറിച്ചെടുക്കും. പിന്നെ തുണി കീറി മുറിച്ച് മനപാഠമായ അളവഴകുകളിലേക്ക് തുന്നിചേർത്ത് കഷണ്ടി തലയിൽ കയ്യുരസി ചിരിക്കുമ്പോഴുമവിടെ ഫാഷൻ ചാനലിൽ മോഡലുകൾ വീഴാതെ നടക്കാൻ കഷ്ടപ്പെടുന്നുണ്ടാവും.

" ഇനി കോളജിലൊക്കെ പോവണ്ടേ?എവിടെയാണെന്ന് വച്ചാ പറഞ്ഞോ സമയം കളയണ്ട പെട്ടെന്ന് അഡ്മിഷൻ എടുത്തേക്കാം" 

റിസൾട്ട് വന്ന അന്ന് ചർച്ച മുറുകിയപ്പോ ഒന്നേ പറയാൻ നാവില് വന്നുള്ളൂ .

"എനിക്ക് യൂണിഫോമില്ലാത്ത കോളേജില് പഠിച്ചാ മതി...."