‘ചെമ്പൻ അഭിനയിക്കുന്നതു കണ്ട് എന്റെ മനസ്സു വിങ്ങി’

ഡാഡി മരിച്ചതറിഞ്ഞു ബെംഗളൂരുവിൽ നിന്നു മകൻ കാറിൽ ചാലക്കുടിയിലേക്കു പുറപ്പെട്ടു. അതൊരു രാത്രിയാത്രയായിരുന്നു. തനിച്ചിരിക്കുമ്പോൾ മകന്റെ മനസ്സിൽ കെട്ടുപൊട്ടിപ്പോയ കടലുണ്ടായിരുന്നു, തോരാത്ത മഴയുണ്ടായിരുന്നു, അലറിവിളിക്കുന്ന കാറ്റുണ്ടായിരുന്നു. യാത്ര ചെയ്ത അന്നു രാത്രി മുഴുവനും അതൊന്നും അടങ്ങിയില്ല. പിറ്റേന്നു വൈകിട്ടു ഡാഡിയെ കല്ലറയിലേക്കു വയ്ക്കുമ്പോഴും അതുണ്ടായിരുന്നു. ഏതു മകന്റെ മനസ്സും ഇങ്ങനെയായിരിക്കും. തീരെ കഠിന ഹൃദയനല്ലാത്ത ലിജോ ജോസ് പെല്ലിശേരിയുടെ മനസ്സിൽ പതിനാലു വർഷത്തിനു ശേഷവും ആ മരണത്തിലെ ഇരുട്ടും പെരുമഴയും ബാക്കിയാകുകയാണ്. ‘ഈ മ യൗ’ എന്ന സിനിമയിൽ കണ്ടത് ആ മരണത്തിന്റെ ബാക്കിപത്രം കൂടിയാണ്. തിയറ്ററുകളിൽ വീണ്ടും പെല്ലിശേരി മാജിക് നിറയുമ്പോൾ ലിജോ സംസാരിക്കുന്നു. 

അച്ഛന്റെ മരണം തന്നെയാണോ ‘ഈ മ യൗ’വിൽ അവതരിപ്പിക്കുന്ന മരണത്തിൽ ഇത്രയേറെ വേദന അനുഭവപ്പെടുത്തുന്നത്?

അതു മാത്രമാണെന്നു പറയാനാകില്ല. ഡാഡി മരിച്ചതറിഞ്ഞു ബെംഗളൂരുവിൽനിന്നു മടങ്ങുമ്പോൾ എന്റെ മനസ്സിൽ മുഴുവൻ ഉണ്ടായിരുന്നതു ഡാഡി മാത്രമായിരുന്നു. ഓരോരോ ചിത്രമായി തെളിഞ്ഞുവന്നു. ആ ചിന്ത ഏതു മകന്റെ മനസ്സിലും ഉണ്ടാകാം. ഇതുപോലൊരു കഥ പി.എഫ്. മാത്യൂസ് പറഞ്ഞപ്പോൾ അതെനിക്കു പെട്ടെന്നു മനസ്സിലാക്കാനായി. ആ യാത്രയിലെ എന്റെ കലങ്ങിയ മനസ്സ് ഈ സിനിമയിൽ പ്രതിഫലിച്ചു എന്നതു നേരാണ്. 

താങ്കളുടെ അച്ഛൻ ജോസ് പെല്ലിശേരി മലയാളത്തിലെ രണ്ടാംനിര നടനായിരുന്നു. പ്രതിഭയുള്ള ആ മനുഷ്യനെ വലിയ നടനായി മനസ്സിലാക്കാനായില്ല എന്നു തോന്നിയിട്ടുണ്ടോ?

ഒരിക്കലുമില്ല. ജോസ് പെല്ലിശേരിയുടെ അവസാന തട്ടകം മാത്രമാണു സിനിമ. അതിനു മുൻപ് അദ്ദേഹം കടന്നുവന്നതു നാടകത്തിന്റെ വഴിയിലാണ്. അവിടെ അദ്ദേഹം വലിയ ആളു തന്നെയായിരുന്നു. തിലകൻ ചേട്ടനോടൊപ്പം തോളോടുതോൾ ചേർന്നാണു ജീവിച്ചത്. സിനിമയിൽ വലിയ ആളായി ഡാഡിയെ കണക്കാക്കിയില്ല എന്നു പറയുന്നവരുണ്ടാകാം. പക്ഷേ, അദ്ദേഹത്തിന്റ മേഖല അതല്ലായിരുന്നു എന്നതാണു സത്യം.  ജീവിതാവസാനം വരെ എല്ലാ നിമിഷവും ഡാഡി അതീവ സന്തോഷവാനായിരുന്നു. 

ലിജോയുടെ സിനിമയിലെ അമ്മമാരെല്ലാം വളരെ കരുത്തുറ്റവരാണല്ലോ?

എന്റെ അമ്മ അങ്ങനെത്തന്നെയാണ്. ഡാഡിയുടെ മരണംപോലും അമ്മയെ വല്ലാതെ ഉലച്ചിട്ടില്ല. എനിക്കു കാര്യമായ വരുമാനമില്ല, കുടുംബത്തിന്റെ താങ്ങായ ഡാഡി ഇല്ലാതായി എന്നതെല്ലാം അമ്മ നേരിട്ടതു നെഞ്ചുറപ്പോടെയാണ്. സ്ത്രീകൾ പുരുഷന്മാരെക്കാൾ പെട്ടെന്നു തീരുമാനമെടുക്കുകയും അതു മിക്കപ്പോഴും ശരിയായിരിക്കുകയും ചെയ്യുമെന്നതാണ് എന്റെ അനുഭവം. പ്രതിസന്ധികളെ കരുത്തോടെ പെട്ടെന്നു മറികടക്കാൻ കരുത്തുള്ളവരും അവരാണ്. അതുപോലെ ശക്തരാകാൻ പുരുഷനു കഴിയില്ല. എങ്ങോട്ടെന്നറിയാത്ത പ്രതിസന്ധിയിൽ എന്റെ ജീവിതത്തിൽ ഞാനതു കണ്ടതാണ്. ‘ഈ മ യൗ’ മരണത്തിന്റെ കഥയാണ്. അതിൽ ചിലപ്പോൾ ഡാഡിയുണ്ടായിരുന്നുവെന്ന് അമ്മയ്ക്കു മനസ്സിലായിക്കാണും. എന്നിട്ടും പറഞ്ഞതു നീ ഇതുവരെ ചെയ്ത സിനിമയിൽ ഏറ്റവും നല്ലത് ഇതാണെന്നാണ്. അമ്മയെ ആ ചിത്രം കാണിക്കാൻപോലും എനിക്കു പേടിയുണ്ടായിരുന്നു. 

‘ഈ മ യൗ’വിൽ ലിജോ എവിടെയെങ്കിലും വേദനിച്ചിട്ടുണ്ടോ?

അവസാനം അപ്പന്റെ മൃതദേഹം ചെമ്പൻ മറവു ചെയ്യുന്ന സീൻ രണ്ടു ടേക്കിൽ തീർന്നു. അവിടെയൊന്നും എന്തു ചെയ്യണമെന്നു നടനു പറഞ്ഞുകൊടുക്കാനാകില്ല. കഥയുടെ മാനസികാവസ്ഥ ജീവിതത്തിലേക്കു വരുമ്പോൾ നടൻ സ്വയം അതുപോലെ പെരുമാറണം. ചെമ്പൻ അഭിനയിക്കുന്നതു കണ്ട് എന്റെ മനസ്സു വിങ്ങിയിട്ടുണ്ട്്. പൊലീസ് സ്റ്റേഷനിൽ പോയി വിനായകൻ സിഐയോടു യാചിക്കുന്ന സമയത്തും അതുപോലെ തോന്നി. കഥയിൽ ജീവിക്കുന്നവർക്കു മാത്രമേ അതുപോലെ പെരുമാറാനാകൂ. 

ലിജോയുടെ സിനിമയിലെല്ലാം പാട്ടിലും പിന്നണിയിലുമായി മനോഹരമായ സംഗീതമുണ്ട്. പാട്ടു പഠിച്ചിട്ടുണ്ടോ‌? 

സംഗീതോപകരണങ്ങൾ പഠിക്കാൻ നോക്കി തോറ്റുപോയ ഒരാളാണു ഞാൻ. പക്ഷേ, എന്റെ സിനിമയിൽ ഞാൻ ഏറ്റവും സന്തോഷിക്കുന്നതു ഷൂട്ടെല്ലാം കഴിഞ്ഞു പിന്നണി സംഗീതവും പാട്ടും ചേർക്കുമ്പോഴാണ്. അതിൽ ഓരോ സെക്കൻഡിലും ഞാൻ അതിനുള്ളിൽ മാത്രമാകും. 

‘ഈ മ യൗ’ റിലീസ് വൈകി. ഏറ്റവും മികച്ചതെന്നു സ്വയം കരുതുന്ന സിനിമ റിലീസ് ചെയ്യാൻ വൈകിയപ്പോൾ വേദനിച്ചില്ലേ?

റിലീസ് ചെയ്യാൻ നിർമാതാവിന് ഒരാളുടെകൂടെ സഹായം വേണമായിരുന്നു. അപ്പോൾ ഞങ്ങൾ ആലോചിച്ചു മാറ്റിവച്ചതാണ്. കാര്യങ്ങൾ എല്ലാം നമ്മുടെ നിയന്ത്രണത്തിലാണെന്നു വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. ഓരോന്നിനും അതിന്റേതായ വഴികളുണ്ട്. പരമാവധി നമുക്ക് ഉറപ്പിച്ചു പറയാനാകുക ഇന്നു രാത്രി വീട്ടിൽ ഭക്ഷണം കഴിക്കാനെത്താം അടച്ചുവച്ചോളൂ എന്നതാണ്. അതുപോലും ചിലപ്പോൾ പാളിപ്പോകും. 

തുടർച്ചയായ വിജയങ്ങൾ ലിജോയെ പുതിയൊരു ലോകത്തെത്തിക്കുന്നുണ്ടോ? 

‘ആമേൻ’ റിലീസ് ചെയ്ത ദിവസം മാത്രമാണു ഞാൻ വികാരഭരിതനായി സന്തോഷിച്ചിട്ടുള്ളത്. അതിനു മുൻപോ ശേഷമോ വിജയമോ പരാജയമോ എന്നെ അലട്ടിയിട്ടില്ല. കുട്ടിക്കാലത്തുപോലും എന്നെ ഒരു കാര്യവും അമിതാഹ്ലാദത്തിലേക്കു നയിച്ചിട്ടില്ല. 

ഓരോ സിനിമയിലും സാധാരണക്കാരന്റെ ജീവിതത്തിലെ വളരെ സൂക്ഷ്മമായ കാര്യങ്ങൾപോലും ലിജോയ്ക്കു കാണാനാകുന്നു

എന്നും ഞാൻ സാധാരണക്കാരനോ അതിൽ താഴെയോ ഉള്ള ആളാണ്. പഴയ സൗഹൃദമോ ബന്ധമോ ഒന്നും കളഞ്ഞു യാത്ര ചെയ്തിട്ടില്ല. നമ്മൾ എവിടെ ചവിട്ടി നിൽക്കുന്നുവെന്നതു തന്നെയാണു നമ്മുടെ ജോലിയുടെ വിജയവും. 

തിലകൻ എന്ന തലയെടുപ്പുള്ള നാടക സംവിധായകനോടൊപ്പം നാടക വണ്ടികളിൽ യാത്ര ചെയ്യുകയും റിഹേഴ്സൽ ക്യാംപുകളിൽ കഴിയുകയും ചെയ്താണു ലിജോ എന്ന കുട്ടി വളർന്നത്. സിനിമാഭ്രാന്തനായ മുത്തച്ഛന്റെയും അച്ഛന്റെയും ജീനുകൾകൂടി രക്തത്തിൽ കലർന്നതോടെ വളർച്ചയുടെ വേഗം കൂടി. മലയാളി അന്തംവിട്ടുപോകുന്ന സിനിമകളുമായി ഈ ചെറുപ്പക്കാരൻ വളരുന്നതിൽ അദ്ഭുതമില്ല. ഇതെല്ലാം കാണാൻ ജോസ് പെല്ലിശേരി ഉണ്ടായില്ലല്ലോ എന്ന സങ്കടത്തിനുപോലും സ്ഥാനമില്ല. കാരണം, നരിയുടെ വര വളരുമ്പോൾ തെളിയും എന്നറിയാവുന്ന ആളായിരുന്നു അദ്ദേഹം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സിനിമ പഠിക്കണമെന്നു പറഞ്ഞ ലിജോയോട് അന്നു ജോസ് പറഞ്ഞു, സമയമായില്ലെടാ അതിനു സമയം വരട്ടെ എന്ന്. പിന്നീടു വർഷങ്ങൾക്കുശേഷം പറഞ്ഞു, നിനക്കു പറ്റിയതു സിനിമ തന്നെയാണെന്ന്. ജോസ് പെല്ലിശേരി വിശ്വസിച്ചതുപോലെ ഇപ്പോൾ നരിയുടെ വരതെളിയും കാലമാണ്.