പൃഥ്വിരാജ് ഒരു പോരാളിയാണ്: നിർമൽ സഹദേവ്

ആദ്യ സിനിമ തിയറ്ററിലെത്തുന്നതിന്റെ കൗതുകവും ആവേശവും ടെൻഷനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് 'രണം' സംവിധായകൻ നിർമൽ സഹദേവ്. ടെൻഷനുണ്ടെങ്കിലും ഈ ദിവസങ്ങൾ ആസ്വദിക്കുന്നുവെന്ന് കൊച്ചിയിലെ വീട്ടിൽ ഇരുന്ന് പുഞ്ചിരിയോടെ നിർമൽ പറയുന്നു. രണ്ടര വർഷത്തെ പരിശ്രമമാണ് ഒടുവിൽ സിനിമയായി മുന്നിലെത്തുന്നത്. കടന്നുവന്ന വഴികളെക്കുറിച്ചും സിനിമാസ്വപ്നങ്ങളെക്കുറിച്ചും നിർമൽ സഹദേവ് മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പങ്കുവച്ചു. 

സിനിമയുടെ തുടക്കം ‘ഇവിടെ’

'ഇവിടെ' എന്ന ശ്യാംപ്രസാദ് ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് പൃഥ്വിരാജിനെ കാണുന്നത്. ഞാൻ ആ ചിത്രത്തിന്റെ അസോഷ്യേറ്റ് ആയിരുന്നു. അവിടെ വച്ചു ഞങ്ങൾ സുഹൃത്തുക്കളായി. ആ സമയത്തു തന്നെ ചിത്രത്തിന്റെ വൺലൈൻ പറഞ്ഞു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പൃഥ്വിരാജ് ചിത്രത്തിൽ വന്നതോടെ അതിന്റെ ക്യാൻവാസ് വലുതായി. 

കട്ട സപ്പോർട്ട് തന്നത് പൃഥ്വിരാജ്

ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ എനിക്ക് മുഴുവൻ പിന്തുണയും നൽകിയത് പൃഥ്വിരാജ് ആണ്. അദ്ദേഹം ഒരു ബ്രാൻഡ് ആണ്. ആ പേരു കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഒരു പ്രതീക്ഷയുണ്ട്. സിനിമയിൽ ധാരാളം അനുഭവസമ്പത്തുള്ള പൃഥ്വിരാജ് എന്നെപ്പോലെയൊരു പുതുമുഖ സംവിധായകന് പിന്തുണ നൽകുക എന്നു പറയുന്നത് തീർച്ചയായും ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. പ്രശ്നങ്ങൾ ഉണ്ടായപ്പോഴെല്ലാം ഒരു സുഹൃത്തായും സഹോദരനായും അദ്ദേഹം കൂടെ നിന്നു. 

പൃഥ്വിരാജ് ഒരു പോരാളിയാണ്

നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കടന്നു വന്ന ഒരു മനുഷ്യനാണ് പൃഥ്വിരാജ്. അദ്ദേഹത്തിൽ നിന്ന് പഠിക്കാനേറെയുണ്ട്. ചെയ്യുന്ന ജോലിയോട് പൂർണമായും നീതിപുലർത്തുന്ന വ്യക്തി. അദ്ദേഹത്തിന്റെ സമർപ്പണബോധവും പ്രതിബദ്ധതയും ഒരു മാതൃകയാണ്. സിനിമാനിർമാണത്തിലെ അച്ചടക്കവും എന്നെ അത്ഭുതപ്പെടുത്തി. 

ശ്യാംപ്രസാദിൽ നിന്നുള്ള ഊർജ്ജം

എനിക്ക് സിനിമയിൽ അധികം ബന്ധങ്ങളില്ല. ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ച ശ്യാംപ്രസാദ് സാറിൽ നിന്ന് വളരെയേറെ പിന്തുണ ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഈ സിനിമയ്ക്കായി പൃഥ്വിരാജും ശ്യാംപ്രസാദ് സാറും ഒരുപാടു സഹായിച്ചിട്ടുണ്ട്. 

ആക്​ഷൻ ആവശ്യത്തിന് മാത്രം

ആദ്യ സിനിമ ആക്​ഷന് പ്രധാന്യം നൽകിയതാണെങ്കിലും അടുത്തത് തനി ഒരു നാടൻ വിഷയം ആയിരിക്കും. മനുഷ്യരുടെ വികാരതലങ്ങളിലൂടെ സഞ്ചരിക്കുന്ന വിഷയങ്ങളോടാണ് താൽപര്യം. വ്യക്തിബന്ധങ്ങൾക്ക് പ്രധാന്യം നൽകുന്ന സിനിമകൾ. 'രണം' ഒരു വാണിജ്യചിത്രം എന്ന നിലയിൽ എടുത്തതാണെങ്കിലും മാനുഷിക വികാരങ്ങൾക്ക് വളരെയേറെ പ്രധാന്യം നൽകുന്ന ചിത്രമാണ്. ആവശ്യത്തിന് മാത്രമേ രണത്തിൽ ആക്ഷനുള്ളൂ. അനാവശ്യമായി ആക്​ഷൻ തിരുകിക്കയറ്റിയിട്ടില്ല. സ്വാഭാവിക സംഘട്ടനങ്ങളാണ് ചിത്രത്തിൽ വരുന്നത്.  

ബ്രാൻഡ് ചെയ്യപ്പെടരുത്

ഏതെങ്കിലും ഒരു തരത്തിലുള്ള ചിത്രങ്ങൾ മാത്രം ചെയ്യുകയെന്ന തരത്തിൽ ബ്രാൻഡ് ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാൻ തിരഞ്ഞെടുത്ത ചിത്രങ്ങളിലും ഈ ശ്രദ്ധ കാണിച്ചിട്ടുണ്ട്. ഹെയ് ജൂഡിന്റെ കഥാരീതിയല്ല 'രണം' എന്ന സിനിമയുടേത്. ഇക്കാര്യത്തിൽ എനിക്ക് ആരാധന തോന്നിയിട്ടുള്ളത് ലിജോ ജോസ് പെല്ലിശ്ശേരിയോടാണ്. അദ്ദേഹത്തിന്റെ റേഞ്ച് അത്ഭുതപ്പെടുത്തുന്നതാണ്. 

ജനിച്ചത് തൃത്താലയിൽ, വളർന്നത് ദുബായ്‌യിൽ

പാലക്കാട് തൃത്താലയിലാണ് ഞാൻ ജനിച്ചത്. വളർന്നത് ദുബായ്‌യിലും സിനിമാപഠനം നടത്തിയത് ന്യൂയോർക്കിലുമാണ്. ലോകത്തിന്റെ എവിടെപ്പോയാലും നമ്മൾ മലയാളികളല്ലേ. ഒരു അംഗീകാരം ആഗ്രഹിക്കുന്നതും ഇവിടെ നിന്നു തന്നെയാണ്. ഞാൻ എഴുതിയിട്ടുള്ളതും സഹകരിച്ചിട്ടുള്ളതും കൂടുതലും മലയാള സിനിമയുമായാണ്. വേറെ ഭാഷയിൽ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, പത്തിരുപതു വർഷം കഴിഞ്ഞാലും മലയാള സിനിമയിലൂടെ അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. 

പണം ഉത്തരവാദിത്തമാണ്

കോടികൾ മുടക്കുന്ന ഒരു വ്യവസായമാണ് സിനിമ. സ്വാഭാവികമായും സംവിധായകന് മേൽ വലിയ ഉത്തരവാദിത്തമുണ്ട്. സിനിമ ഒരു കലാരൂപം ആണെങ്കിലും അതിന് പിന്നിൽ ഒരു കച്ചവടവും ഉണ്ട്. അത് അംഗീകരിച്ചേ പറ്റൂ. നിശ്ചയിച്ചിരിക്കുന്ന ബജറ്റിൽ കൃത്യമായി ഷൂട്ട് നടത്തി സിനിമ പുറത്തിറക്കാനുള്ള വലിയ ഉത്തരവാദിത്തം നിറവേറ്റാൻ അച്ചടക്കം ആവശ്യമാണ്. ഉത്തരവാദിത്തബോധമുള്ള സിനിമാ നിർമാണം ഉണ്ടെങ്കിൽ നഷ്ടകണക്കുകൾ ഇല്ലാതാക്കാൻ കഴിയും.  

പ്രേക്ഷകരോട്... 

'രണം' മികച്ച അനുഭവമായിരിക്കും എന്നത് ഉറപ്പു തരുന്നു.  ഒരു പുതുമയുണ്ട് ഈ ചിത്രത്തിൽ.  കാഴ്ചയിലും കേൾവിയിലും നിങ്ങൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്ന്. അത് പൂർണമായ രീതിയിൽ ആസ്വദിക്കണമെങ്കിൽ തിയറ്ററിൽ പോയി തന്നെ കാണണം.