ഊർജമായത് ഭാര്യ മഞ്ജു: ഓട്ടർഷ വിശേഷവുമായി സുജിത് വാസുദേവ്

മലയാളസിനിമയിൽ ഓട്ടോ എന്നു പറഞ്ഞാൽ ആദ്യം ഓർമയിലെത്തുക സുധിയുടെ ഏയ് ഓട്ടോ ആണ്. മീനുക്കുട്ടിയേയും കൊണ്ട് പലയിടങ്ങളിൽ പറപറന്ന സുന്ദരി ഓട്ടോ. ഇപ്പോഴും ‘സുന്ദരി... സുന്ദരി ഒന്നൊരുങ്ങി വാ’ എന്ന പാട്ട് മൂളിക്കൊണ്ടു നടക്കുന്ന മലയാളികളോട് ഒരു സുപ്രഭാതത്തിൽ ഒരു പെൺകൊച്ചു വന്നു ചോദിക്കുകയാണ്, ‘ഓട്ടർഷയ്ക്ക് ഓട്ടർഷ എന്ന പേരല്ലാണ്ട് തീവണ്ടി എന്ന് ഇടാൻ പറ്റോ’ എന്ന്! ആ ചോദ്യം മലയാളികൾക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടർഷ എന്ന കൊച്ചുചിത്രത്തിന് കട്ട സപ്പോർട്ടുമായി അവരെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റർ റിലീസു മുതൽ ഓരോ ഘട്ടവും അവർ ആഘോഷമാക്കുകയാണ്. ഈ വെള്ളിയാഴ്ച ചിത്രം പ്രദർശനത്തിനെത്തും.

മെമ്മറീസ്, പുണ്യാളൻ അഗർബത്തീസ്, ദൃശ്യം, അനാർക്കലി, എസ്ര തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കു ദൃശ്യങ്ങളൊരുക്കിയ ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെ രണ്ടാമത്തെ ചിത്രമാണ് ഓട്ടർഷ. ജയിംസ് ആൻഡ് ആലീസ് ആയിരുന്നു ആദ്യചിത്രം. സ്വന്തം സിനിമ പ്രദർശനത്തിനു തയാറെടുക്കുമ്പോൾ സംവിധായകൻ സുജിത് ലൂസിഫറിന്റെ ലൊക്കേഷനിലാണ്. പൃഥ്വിരാജ് ചിത്രം ലൂസിഫറിനായി ക്യാമറ ചലിപ്പിക്കുന്നതും സുജിത്താണ്.

മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടിയ സുജിത് തന്നെയാണ് ഓട്ടർഷയ്ക്കു വേണ്ടിയും ദൃശ്യങ്ങൾ പകർത്തിയത്. എന്നും ഏറ്റവും മികച്ച സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന സുജിത് ഓട്ടർഷയിലും ആ പരീക്ഷണങ്ങൾ ആവർത്തിക്കുന്നു. കുലുങ്ങിക്കുലുങ്ങി പോകുന്ന ഓട്ടോറിക്ഷയിൽ നിന്നുള്ള ദൃശ്യങ്ങൾ കാഴ്ചയ്ക്ക് അലോസരമുണ്ടാക്കാതെ സ്മൂത്തായി പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നു; അതും ഓട്ടോറിക്ഷയിലെ 360 ഡിഗ്രിയിലുള്ള കാഴ്ചകൾ. ഓട്ടർഷയിലെ അത്ഭുതക്കാഴ്ചകളെക്കുറിച്ചും അതിലെ ചിരിക്കൂട്ടിനെക്കുറിച്ചും സുജിത് വാസുദേവ് പറയുന്നു. മനോരമ ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്:

ഓട്ടോയിലെ 360 ഡിഗ്രി കാഴ്ചകൾ

ഓട്ടോയിലെ കാഴ്ചകൾ പകർത്താൻ ഒരു റിഗ് നമ്മൾ തന്നെ ഉണ്ടാക്കുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു റിഗ് നിർമിക്കുന്നത്. ഓട്ടോയിൽ ഘടിപ്പിക്കാവുന്ന ഒരു മൂവിങ് റിഗ്. ഓട്ടോയിൽ അങ്ങോട്ടും ഇങ്ങോട്ടും 360 ഡിഗ്രിയിൽ ഇത് കറങ്ങും. അകത്തിരിക്കുന്നവരെയും ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആളെയും കൃത്യമായി പകർത്താവുന്ന രീതിയിലാണ് അത് നിർമിച്ചിരിക്കുന്നത്.

ഓട്ടർഷയിലേക്ക്

എഴുത്തുകാരനും കോളജ് അധ്യാപകനുമായ സി. ഗണേഷിന്റെ ഒരു കഥയുണ്ട്. ഓട്ടോയുടെ ഓട്ടോബയോഗ്രഫി എന്നാണ് ആ കഥയുടെ പേര്. അതാണ് ഈ സിനിമ ചെയ്യാനുള്ള ഒരു പ്രേരണ. ആ കഥ തന്നെ സിനിമയാക്കണമെന്ന് താൽപര്യമുണ്ടായിരുന്നു. എന്നാൽ അത് കുറച്ചൊന്നു കൊമേഴ്സ്യൽ ലെവലിൽ ചെയ്യാമെന്ന് പിന്നീട് അഭിപ്രായം വന്നു. അതിൽ സമകാലികപ്രശ്നങ്ങളൊക്കെ ചേർത്തു പരുവപ്പെടുത്തിയെടുത്തതാണ് ഓട്ടർഷ. മറിമായം ഫെയിം ജയരാജ് മിത്രയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിയറ്ററിലിരുന്ന് പൊട്ടിച്ചിരിക്കാൻ ഒരു പക്ഷേ പറ്റില്ലായിരിക്കാം. എന്നാൽ, കാലിക പ്രശ്നങ്ങളെ കണക്ട് ചെയ്യാൻ പ്രേക്ഷകനു സാധിച്ചാൽ നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയും.

എന്തുകൊണ്ട് അനുശ്രീ?

അനിത എന്നാണ് അനുശ്രീ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. താരപദവിയുടെ ഭാരമുള്ള ഒരാളാവരുത് ആ കഥാപാത്രം ചെയ്യേണ്ടതെന്ന് എനിക്കു തോന്നിയിരുന്നു. നയൻതാരയെ ആ വേഷം ചെയ്യിപ്പിച്ചിരുന്നെങ്കിൽ അതു നയൻതാരയുടെ പടം ആയിപ്പോകുമായിരുന്നു. ആ കഥാപാത്രത്തിൽ പിന്നെ അനിതയെ കാണാൻ കഴിയില്ല. അതിൽ നയൻതാരയെ ആകും പ്രേക്ഷകർ കാണുക. അനുശ്രീയുടെ പ്രത്യേകത അവർക്ക് ഏതു കഥാപാത്രമായും പെട്ടെന്നു മാറാൻ കഴിയും എന്നതാണ്. താരപദവിയേക്കാൾ, നമ്മുടെ സ്വന്തം ആളെന്നുള്ള ഒരു അടുപ്പമാണ് മലയാളികൾക്ക് അനുശ്രീയോടുള്ളത്. അതുകൊണ്ട് അനിത എന്ന കഥാപാത്രം അനുശ്രീയിൽ വളരെ ഭദ്രമാണ്.

അനുശ്രീയുടെ ഓട്ടോ ഓടിക്കൽ

ഷൂട്ടിങ്ങിനു മുൻപു തന്നെ അനുശ്രീ ഓട്ടോ ഓടിക്കാനൊക്കെ പരിശ്രമിച്ചിരുന്നു. ഓട്ടോ ഓടിക്കുന്നതൊക്കെ സെറ്റിൽ വന്നിട്ടു നോക്കാം എന്നാണ് ഞാൻ പറഞ്ഞത്. എങ്കിലും അനുശ്രീ അവരുടേതായ രീതിയിൽ കുറച്ചൊക്കെ പഠിച്ചു. രണ്ടു മൂന്നു ദിവസം അനുശ്രീ ഒരു പരിചയക്കാരന്റെ ഓട്ടോ എടുത്ത് കൊട്ടാരക്കരയോ അടൂരോ ഓടിച്ചു പഠിച്ചു. ഒടുവിൽ ഓട്ടോ ഒരു മതിലിൽ ഇടിച്ച് അതു നന്നാക്കിക്കൊടുക്കേണ്ടിയും വന്നിരുന്നു. ആ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഊർജമായത് മഞ്ജു

എന്റെ ഭാര്യ മഞ്ജു മുൻപ് ഒരു സീരിയലിൽ ഓട്ടോ ഡ്രൈവറായി അഭിനയിച്ചിട്ടുണ്ട്. ഓട്ടോ ബേബി എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. ഞാൻ അനുശ്രീയെ മഞ്ജുവുമായി സംസാരിപ്പിച്ചു. മഞ്ജു പറഞ്ഞു, ഓട്ടോ ഓടിപ്പിക്കൽ അങ്ങനെ പ്രശ്നമുള്ള സംഗതിയൊന്നുമല്ല. ധൈര്യമായി ഓടിച്ചോ എന്ന്. അനുശ്രീയെ നല്ലപോലെ കംഫർട്ട് ലെവലിൽ എത്തിച്ചിട്ടാണ് ഷൂട്ട് തുടങ്ങിയത്.

സിനിമാറ്റിക് ആകാതിരിക്കാൻ പുതുമുഖങ്ങൾ

ഓട്ടോയിൽ കയറുന്നതും ഇറങ്ങുന്നതുമായ ആളുകൾ സിനിമാറ്റിക് ആണെങ്കിൽ പ്രേക്ഷകർക്ക് അത് യാഥാർഥ്യമായി തോന്നില്ല. പ്രേക്ഷകരോട് കണക്ട് ചെയ്യണമെങ്കിൽ അത്രയും റിയൽ എന്നു തോന്നിപ്പിക്കുന്ന ആളുകൾ വേണം. അതുകൊണ്ടാണ് പുതുമുഖങ്ങളെ അതിലേക്കു കാസ്റ്റ് ചെയ്തത്. അവർ വളരെ മനോഹരമായി ആ വേഷങ്ങൾ ചെയ്തിട്ടുമുണ്ട്.

ഈ സിനിമയിൽ മഞ്ജു ഇല്ല, ശബ്ദമുണ്ട്

മഞ്ജുവിന് സിനിമയെ മൊത്തത്തിൽ അറിയാം. ഈ സിനിമയുടെ തുടക്കം മുതൽ മഞ്ജു കൂടെയുണ്ട്. മഞ്ജുവും കുക്കു പരമേശ്വരനും ചേർന്നാണ് കഥാപാത്രങ്ങൾക്കു വേണ്ട അഭിനേതാക്കളെ തെരഞ്ഞെടുത്തത്. ഈ സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും പല കഥാപാത്രങ്ങൾക്കും മഞ്ജു ശബ്ദം നൽകിയിട്ടുണ്ട്. കണ്ണൂരായിരുന്നു സിനിമയുടെ ചിത്രീകരണം. അവിടെനിന്ന് എല്ലാവരെയും കൊണ്ടുവന്ന് ഡബ് ചെയ്യുന്നത് വളരെയേറെ ബുദ്ധമുട്ടുള്ള സംഗതിയാണ്. അതുകൊണ്ട് പല കഥാപാത്രങ്ങൾക്കും വ്യത്യസ്തമായ ശബ്ദങ്ങളിൽ മഞ്ജു ഡബ് ചെയ്തിട്ടുണ്ട്.

ഈ ഓട്ടർഷ ഇഷ്ടമാകും

ചെറിയ ചിത്രങ്ങൾ തൊട്ട് ബിഗ്ബജറ്റ് സിനിമകൾ വരെ ആളുകൾ ചെയ്യുന്നത് അതെല്ലാം പ്രേക്ഷകർക്ക് ഇഷ്ടമാകും എന്ന വിശ്വാസത്തിലാണ്. ആളുകളെ ആകർഷിക്കാൻ പ്രത്യേക ഫോർമുല ഉണ്ടായിരുന്നെങ്കിൽ എല്ലാവർക്കും അതേ ഫോർമുലയിൽ സിനിമ എടുത്താൽ പോരേ! ഇത് സിനിമയാക്കാൻ പറ്റിയ കഥയാണെന്നു തോന്നുകയും അത് സിനിമയാക്കുകയുമാണ് നമ്മൾ ചെയ്യുന്നത്. വിജയിക്കുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യം. ഇന്നു മുതൽ ഈ സിനിമ എന്റെ കയ്യിലല്ല. സിനിമ പ്രദർശനത്തിനായി ലോഡ് ചെയ്തു കഴിഞ്ഞു. ഒന്നുറപ്പു പറയാം, ഒരു ടെൻഷനുമില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ചിത്രമായിരിക്കും ഓട്ടർഷ. വളരെ സാധാരണക്കാരായ ആളുകളുടെ ജീവിതം പറയുന്ന ഒരു സിനിമ. പ്രേക്ഷകർക്കു സിനിമ ഇഷ്ടമാകുമെന്ന പ്രതീക്ഷയിലാണ് ഞാനും എന്റെ ഒപ്പമുള്ളവരും.