2 വർഷം ഇടവേള, കരച്ചിൽ; ഒരു യുവനടി പ്രായം കുറച്ച കഥ

ഓർമവച്ചകാലം മുതൽ കൂടെയുള്ളതാണ് ആ നീളൻ മുടി. കുറേ കരഞ്ഞുകൊണ്ടുതന്നെ അതു മുറിച്ചു തോളൊപ്പം ആക്കി. ജിംനേഷ്യത്തിന്റെ അടുത്തുകൂടെ ജീവിതത്തിൽ അബദ്ധത്തിൽ പോലും പോയിട്ടില്ല. എന്നിട്ടും ഭാരം പൊക്കിയും വിയർത്തും 9 കിലോഗ്രാം കുറച്ചു. പുതിയ രുചികൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഫുഡി ആയിട്ടും ഡയറ്റ് കർശനമാക്കി. സിനിമയെ സ്നേഹിച്ച ആ പെൺകുട്ടി ഒരു വർഷം പൂർണമായും സിനിമയിൽ നിന്നു മാറി നിന്നു. രജിഷ വിജയനെക്കുറിച്ചാണ്. അനുരാഗ കരിക്കിൻവെള്ളം എന്ന ആദ്യചിത്രത്തിലൂടെ ‘എലി’യെന്ന വിളിപ്പേരോടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് നേരിട്ടു പ്രവേശം നേടിയ രജിഷ. ‘ജൂൺ’ എന്ന പുതിയ ചിത്രവുമായി എത്തുന്ന രജിഷയുടെ ‘മേക്ക് ഓവർ’ വിശേഷങ്ങൾ കൊട്ടകയോട്:

ചിലർക്ക് മഴയോർമയാണ് ജൂൺ, മറ്റു ചിലർക്ക് സ്കൂൾകാലം. രജിഷയുടെ ജൂൺ എന്താണ്?

ജൂൺ എന്റെ പുതിയ സിനിമയാണ്. അതിലെ ടൈറ്റിൽ കഥാപാത്രമാണ് ജൂൺ. 16 വയസു മുതൽ 25 വരെയുള്ള ജൂണിന്റെ പെൺകുട്ടിക്കാലവും ജീവിതവുമാണ് സിനിമ. ആ യാത്രയാണ് എന്റെ ജൂൺ.

കഴിഞ്ഞ വർഷം സിനിമയിൽ കണ്ടതേയില്ലല്ലോ? 

രണ്ടു വർഷം മുമ്പു കമ്മിറ്റ് ചെയ്ത ചിത്രമാണ് ജൂൺ. പക്ഷേ പല കാരണങ്ങൾ കൊണ്ടു നീണ്ടുപോയി. പിന്നീട് ഈ സിനിമയ്ക്കു വേണ്ടിത്തന്നെ ഒരു വർഷം കരിയറിൽ മാറി നിന്നു. ഒരുപാടു തയാറെടുപ്പുകളും ശാരീരിക മാറ്റങ്ങളും ആവശ്യമുള്ള സിനിമയായിരുന്നു. ഞാനിതുവരെ ചെയ്തതിൽ നിന്നുള്ള ബ്രേക്ക് ആണ്. ഈ കഥാപാത്രത്തെ ആളുകളിലേക്ക് എത്തിക്കണമെങ്കിൽ ഫ്രഷനെസ് കൂടി‍ വേണം. അങ്ങനെ സിനിമയിൽ നിന്നു മാത്രമല്ല പുറത്തു മറ്റു പരിപാടികളിൽ നിന്നു കൂടി മാറി നിന്നു. 

ആദ്യ ചിത്രത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയതാണ് രജിഷ. പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ?

ഒരിക്കലും അവാർഡ് പ്രതീക്ഷിച്ചല്ലല്ലോ സിനിമ ചെയ്യുന്നത്. നല്ലൊരു റിവ്യൂ ആണ് ആഗ്രഹിക്കുന്നത്. ഇതുവരെ ചെയ്ത എല്ലാ സിനിമയും പ്രിയപ്പെട്ടതാണ്. അവ താരതമ്യം ചെയ്യാൻ പറ്റില്ല. എങ്കിലും വ്യക്തിപരമായി ജൂൺ പല രീതിയിലും വെല്ലുവിളിയായിരുന്നു. ടൈറ്റിൽ കഥാപാത്രമാണ്. പല പ്രായത്തിലൂടെയുള്ള യാത്രയാണ്. ആറ് ഗെറ്റ്അപ് വരുന്നുണ്ട്. 

പുതിയ മേക്ക് ഓവറിനെക്കുറിച്ച്?

ശരീരഭാരം 9 കിലോഗ്രാം കുറച്ചു. ഇടയ്ക്ക് യോഗ ചെയ്യാറുണ്ടായിരുന്നു എന്നതല്ലാതെ ജിം ആയി ഒരു ബന്ധവുമില്ലായിരുന്നു. പക്ഷേ സിനിമയ്ക്കു വേണ്ടി ദിവസവും 4 മണിക്കൂർ ജിമ്മിലായിരുന്നു. അതിന്റെ കൂടെ പക്കാ ഡയറ്റും നോക്കി. ‘അവിടെത്തന്നെ ഉറങ്ങിക്കോ’ എന്ന് എന്റെ ഇൻസ്ട്രക്ടർ തമാശ പറയുമായിരുന്നു. അങ്ങനെ കഷ്ടപ്പെട്ടാണ് ഭാരം കുറച്ചത്. 

മുടി മുറിച്ചപ്പോൾ കരഞ്ഞോ?

മുടി മുറിക്കണമെന്നു കേട്ടപ്പോൾ തന്നെ വിഷമമായി. ‘അയ്യോ, അതു വേണോ?’ എന്നാണ് ആദ്യം ചോദിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എനിക്കു നീളൻ മുടിയുണ്ട്. മുടി പോയപ്പോൾ അത്യാവശ്യം സങ്കടമായി. കരഞ്ഞു. വീട്ടിൽ അച്ഛന് ഇപ്പോഴും സങ്കടമാണ്. പക്ഷേ സിനിമയുടെ ടീസറും പാട്ടും ഇറങ്ങിയപ്പോൾ എല്ലാവരും കാര്യം മനസിലാക്കി. 

ജോജുവിനെക്കുറിച്ച് ?

എന്റെ അച്ഛന്റെ വേഷത്തിലാണ് ജോജു ചേട്ടൻ. അദ്ദേഹം ഒരു ബ്രില്യന്റ് ആക്ടർ ആണ്. ജോജു ചേട്ടൻ നല്ല ഷോട്സ് തരുമ്പോൾ അതിനൊപ്പം എന്റെ അഭിനയവും ഉയർത്തുക എന്നതായിരുന്നു വെല്ലുവിളി. അപ്പോഴാണ് നല്ല റിസൽറ്റ് കിട്ടുന്നതും. അങ്ങനെയൊരു കൊടുക്കൽ വാങ്ങൽ ഉണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞതിനു ശേഷം ഞാൻ ജോജു ചേട്ടനെ വിളിച്ചു കരഞ്ഞു. ആ രീതിയിൽ കഥാപാത്രങ്ങളുടെ അടുപ്പമുണ്ടായിരുന്നു.

കുടുംബം, ഇഷ്ടങ്ങൾ

അച്ഛൻ വിജയൻ. സൈന്യത്തിലായിരുന്നു. ഇപ്പോൾ കേന്ദ്രസർക്കാർ ജീവനക്കാരനാണ്. അമ്മ ഷീല. അധ്യാപികയായിരുന്നു. സഹോദരി അഞ്ജുഷ, ബിഎസ്‌സി ബോട്ടണി വിദ്യാർഥിയാണ്. യാത്രകൾ ഇഷ്ടമാണ്. അച്ഛൻ ആർമിയിലായിരുന്നതിനാൽ കുട്ടിക്കാലം മുഴുവൻ യാത്രകൾ തന്നെയായിരുന്നു. ഞാൻ 7 സ്കൂളുകളിൽ പഠിച്ചിട്ടുണ്ട്. വായനയും ഇഷ്ടമാണ്.