അടുത്ത ചിത്രം മാമാങ്കമെന്ന് ഉണ്ണി: താൻ അറിഞ്ഞിട്ടില്ലെന്ന് സംവിധായകൻ

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ സജീവ് പിളള സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചരിത്രസിനിമ മാമാങ്കത്തിൽ നിന്ന് നടൻ ധ്രുവനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേയ്ക്ക്. ധ്രുവനെ ചിത്രത്തിൽ ഒഴിവാക്കിയതിനു പിന്നാലെ ചിത്രത്തിൽ പകരക്കാരനായി ഉണ്ണി മുകുന്ദൻ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ താൻ മാമാങ്കത്തിന്റെ ഭാഗമാകുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. 

എന്നാൽ ഉണ്ണി മുകുന്ദനുമായി താൻ ഒരു തരത്തിലുമുളള ചർച്ചയും നടത്തിയിട്ടില്ലെന്നും ഉണ്ണിയുടെ വരവ് തന്റെ അറിവോടെയല്ലെന്നും ചിത്രത്തിന്റെ സംവിധായകൻ സജീവ് പിളള പറഞ്ഞു. 2019-ൽ മാമാങ്കത്തിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തന്റെ ഈ വർഷത്തെ രണ്ടു പ്രധാന ചിത്രങ്ങളിൽ ഒന്ന് ചോക്ലേറ്റും മറ്റേതു മാമാങ്കവും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഉണ്ണി. എന്നാൽ ഉണ്ണി മുകുന്ദൻ മാമാങ്കത്തിൽ എത്തുന്നുവെന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും നടൻ ധ്രുവൻ  പറഞ്ഞു.

പതിനാറാം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെ പുനരാവിഷ്കാരമായ മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. വൻ താരനിരയെ അണിനിരത്തി വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ, ക്വീൻ എന്ന സിനിമയിലൂടെ മലയാളത്തിലെ പുത്തൻ താരോദയമായി ഉയർന്ന ധ്രുവനും പ്രധാന വേഷം ചെയ്യുന്നുവെന്ന് വാർത്ത വന്നിരുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെ ധ്രുവൻ ചിത്രത്തിൽനിന്ന് ഒഴിവാക്കപ്പെട്ടു. ക്വീനിന്റെ വിജയശേഷം മാമാങ്കത്തിനു വേണ്ടി ധ്രുവൻ മറ്റു ചിത്രങ്ങളൊന്നും ഏറ്റെടുത്തിരുന്നില്ല. സജീവ് പിളള എന്ന സംവിധായകന്റെ വർഷങ്ങൾ നീണ്ട സ്വപ്നമാണ് മാമാങ്കം. ധ്രുവനെ ചിത്രത്തിൽനിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് അറിയില്ലെന്നും ഒഴിവാക്കിയെങ്കിൽ ഈഗോ പ്രശ്നങ്ങൾ മൂലമാകാനേ സാധ്യതയുളളുവെന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം.