‘കൊച്ചുണ്ണി തൊട്ട് ഞാൻ പറയുന്നതാ, അതെങ്ങനെയാ പറഞ്ഞാൽ കേൾക്കില്ലല്ലോ’ : നിവിനെ ട്രോളി അജു

സിനിമയിൽ മാത്രമല്ല തനിക്ക് അല്ലാതെയും ആളുകളെ ചിരിപ്പിക്കാൻ അറിയാമെന്ന് നേരത്തെ തെളിയിച്ച നടനാണ് അജു വർഗീസ്. ഇപ്പോഴിതാ മിഖായേൽ എന്ന ചിത്രവുമായി ബന്ധപ്പെട്ട ട്രോൾ ഉൾപ്പെടുത്തിയാണ് അജുവിന്റെ ട്രോളിനെ വെല്ലുന്ന ഫെയ്സ്ബുക്ക് പോസ്റ്റ്.‌

‌മിഖായേൽ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ ഗംഭീര ലുക്കിനെ ട്രോളുന്ന പോസ്റ്റാണ് അജു പങ്കു വെച്ചത്. മാർക്കോ ജൂനിയറായി അജു മതിയെന്ന് നിവിൻ സംവിധായകനോട് പറയുന്ന രീതിയിലാണ് ട്രോൾ. ആ ട്രോളിനൊപ്പം ‘അതെങ്ങനെയാ..പറഞ്ഞാൽ കേൾക്കില്ല.കൊച്ചുണ്ണി തൊട്ട് ഞാൻ പറയുന്നതാ....കേൾക്കില്ലന്നേ....’ എന്നു കൂടി എഴുതിച്ചേർത്ത് അജു പോസ്റ്റ് ചെയ്തപ്പോൾ ആരാധകരും അല്ലാത്തവരും പൊട്ടിച്ചിരിച്ചു. 

നിവിൻ പോളി സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് അജു വർഗീസ്. എന്നാൽ നിവിന്റെ കഴിഞ്ഞ കുറച്ചു സിനിമകളിൽ അജു ഇല്ലായിരുന്നു. ഇത് മനസ്സിലാക്കിയ ആരാധകരാണ് രസകരമായ ട്രോളുകൾ ആദ്യം മെനഞ്ഞത്. പിന്നാലെ ഇത് അജുവും ഏറ്റെടുക്കുകയായിരുന്നു.