വിജയ് സേതുപതിയും മലയാളി ആരാധകരും പൊന്നുമ്മയും !

ആലപ്പുഴ കയര്‍ കോര്‍പറേഷന്റെ മുന്നില്‍ കഴിഞ്ഞ ഒരാഴ്ചയായി നല്ല തിരക്കാണ്. പക്ഷേ അതുകൊണ്ട് ഒരു രൂപയുടെ ലാഭം കോര്‍പറേഷനില്ല. ലാഭം മുഴുവന്‍ തിരക്കുകൂട്ടുന്ന ആളുകള്‍ക്കാണ്. വിലമതിക്കാനാവാത്ത ഒരു നിമിഷത്തിന്റെ ഓര്‍മയുമായാണ് ഇവിടെ വരുന്നവര്‍  തിരിച്ചുപോകുന്നത്. അത് മറ്റൊന്നുമല്ല, മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ഒരു സ്നേഹചുംബനമാണ്. 

താരം ഉമ്മ കൊടുക്കുന്നത് കണ്ടും കേട്ടുമറിഞ്ഞ് ആരാധകര്‍ കൂടിയതോടെ അണിയറപ്രവർത്തകരാണ് പെട്ടത്. നിയന്ത്രിക്കാനാവാത്തവിധം ആള്‍ക്കൂട്ടമാണ് എല്ലാ ദിവസവും ഷൂട്ടിങ് സമയത്ത് അനുഭവപ്പെടുന്നത്. ഷൂട്ട് കഴിഞ്ഞേ താരത്തെ കാണാൻ കഴിയൂ എന്ന അണിയറപ്രവർത്തകരുടെ വാക്കുകൾ ക്ഷമയോടെ തന്നെ ആരാധകരും കേട്ടിരിക്കും. പക്ഷേ ഓരോ ഷോട്ടിന്റെയും ഇടവേളകളില്‍ വിജയ് സേതുപതി ലൊക്കേഷനില്‍നിന്ന് കൈവീശി കാണിക്കും.

ഷൂട്ടിങ് ഇടവേളകളിൽ നിയന്ത്രിത അളവില്‍ ആളെക്കയറ്റി എല്ലാവര്‍ക്കും സേതുപതിക്കൊപ്പം ഫോട്ടോയെടുക്കാനുള്ള അവസരം. സേതുപതി തന്നെയാണ് മിക്ക സെല്‍ഫിയും എടുത്തുനല്‍കുക. വെറുതെ ക്യാമറ ഓണ്‍ചെയ്ത് നല്‍കിയാല്‍ മതി. ആരാധന മൂത്ത് ‘ഐ ലവ് യു’ എന്നൊക്കെ പറഞ്ഞാല്‍ അപ്പോള്‍ തന്നെ കവിളത്തൊരു ഉമ്മ ഫ്രീയായി കിട്ടും. 

താരം ചുംബിക്കുന്നത് ക്യാമറയില്‍ പകര്‍ത്താനും ഫെയ്സ്ബുക്കില്‍ അഭിമാനത്തോടെ പോസ്റ്റുചെയ്യാനുമുള്ള തിരക്കിലാണ് കേരളത്തിലെ വിജയ് സേതുപതി ആരാധകര്‍. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്റെ ചിത്രീകരണത്തിനായാണ് വിജയ് സേതുപതി ആലപ്പുഴയില്‍ എത്തിയത്.

ഈ വർഷത്തെ മനോരമ ഓൺൈലൻ കലണ്ടറില്‍ തിളങ്ങിയത് വിജയ് സേതുപതിയായിരുന്നു. കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം) ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.