സമയമിതപൂർവ സായാഹ്നം; ആ 'ഗുപ്തനും' എ.ആർ റഹ്മാനും തമ്മിൽ

ഹരികൃഷ്ണൻസിലെ ഗുപ്തനെ ഓർക്കുന്നില്ലേ... ബ്രൗൺ നിറത്തിലുള്ള കുർത്തയിട്ട് വളരെ കുറച്ചു രംഗങ്ങളിൽ മാത്രം വന്നുപോയ, ഒരുപാടു രഹസ്യങ്ങൾ സൂക്ഷിക്കുന്ന കഥാപാത്രം. അതു ചെയ്ത രാജീവ് മേനോൻ എന്ന അഭിനേതാവിനെ ഒരു പക്ഷേ മലയാളികൾക്ക് അത്ര പരിചയമുണ്ടാകില്ല. എന്നാൽ അദ്ദേഹം ചെയ്ത സിനിമകൾ കാണാത്ത മലയാളികളുണ്ടാവില്ല. അദ്ദേഹം പകർത്തിയ ഗാനരംഗങ്ങൾ ഒരിക്കലെങ്കിലും ആസ്വദിക്കാത്തവരുണ്ടായിരിക്കില്ല. മണിരത്നത്തിന്റെ ബോംബെ, ഗുരു, കടൽ എന്നീ ചിത്രങ്ങൾക്കു വേണ്ടി ക്യാമറ ചലിപ്പിച്ചത് രാജീവ് മേനോൻ ആയിരുന്നു. തമിഴിൽ സൂപ്പർഹിറ്റുകളായ മിൻസാരകനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതും മലയാളി കൂടിയായ രാജീവ് മേനോൻ ആയിരുന്നു. 2000ൽ പുറത്തിറങ്ങിയ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിനു ശേഷം രാജീവ് മേനോൻ വീണ്ടും സംവിധായകന്റെ വേഷമണിയുകയാണ്. ആദ്യ രണ്ടു ചിത്രങ്ങളിലെ കഥകളുടെ പശ്ചാത്തലത്തിലാണ് സംഗീതം ഉണ്ടായിരുന്നതെങ്കിൽ പുതിയ ചിത്രമായ സർവം താളമയത്തിൽ സംഗീതം തന്നെയാണ് കഥ. 

പുതിയ ചിത്രത്തിലെ പാട്ടുകൾ ആരു ചെയ്യണമെന്നതിൽ രാജീവ് മേനോന് സംശയം ഒന്നും ഉണ്ടായിരുന്നില്ല. 1997ൽ മിൻസാരകനവു ചെയ്തപ്പോഴും പിന്നീട്‌ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ചെയ്തപ്പോഴും സംശയം ഏതുമില്ലാതെ ഒപ്പം നിന്ന എ ആർ റഹ്മാനെ തന്നെ സംഗീതവിഭാഗം ഏൽപ്പിക്കുകയായിരുന്നു. പക്ഷേ, ഇത്തവണ ഒരു നിർദേശം വച്ചു. മിൻസാരകനവിലെപ്പോലെ.. കണ്ടുകൊണ്ടേനിലേപ്പോലെ ആളുകൾ പാടി നടക്കുന്ന... ആളുകൾക്കു പാടാൻ കഴിയുന്ന പാട്ടുകൾ വേണം. സാക്ഷാൽ എ ആർ റഹ്മാനോട്‌ ഇങ്ങനെ പറയാൻ രാജീവ്‌ മേനോനേ കഴിയൂ. കാരണം റോജയിലൂടെ ലോകം റഹ്മാന്റെ സംഗീതം കേൾക്കുന്നതിനു മുൻപേ ഒരുമിച്ചു സംഗീതയാത്ര തുടങ്ങിയവരാണു ഇവർ. പഴയ മദ്രാസ്‌ സുഹൃത്തുക്കൾ!

ആ കഥയിങ്ങനെ

രാജീവ് മേനോൻ പരസ്യചിത്രങ്ങൾ ചെയ്തു നടക്കുന്ന കാലം. ഒരു പരസ്യത്തിനായി പ്ലേറ്റു പൊട്ടുന്ന ശബ്ദം വേണം. നിർമാണത്തിൽ കണിശത സൂക്ഷിക്കുന്ന അദ്ദേഹം ഏറ്റവും നല്ല രീതിയിൽ ഈ ശബ്ദം എങ്ങനെ ഒപ്പിച്ചെടുക്കാം എന്നുള്ള അന്വേഷണത്തിലായി. സുഹൃത്തുക്കളാണ് ദിലീപ് എന്ന മിടുക്കൻ പയ്യനെക്കുറിച്ചു പറയുന്നത്. രാജീവ് ദിലീപിനെ തേടിപ്പിടിച്ചു. സൗണ്ട് സിന്തസൈസ് (sound synthesis) ചെയ്യുന്നതിൽ അസാമാന്യ പാടവമുള്ള ആ പയ്യനെ രാജീവ് മേനോന് നന്നായി ബോധിച്ചു. പരസ്യചിത്രങ്ങളിൽ പല വിധത്തിലുള്ള ശബ്ദങ്ങൾ സൃഷ്ടിക്കേണ്ടി വരും. അതിനു പറ്റിയ കക്ഷി എന്നൊക്കെ മനസിൽ കരുതിയിരിക്കുമ്പോഴാണ് ദിലീപ് മറ്റൊരു കാര്യം അറിയിക്കുന്നത്. പല തരത്തിലുള്ള ശബ്ദം മാത്രമല്ല, പാട്ടുകളും കമ്പോസ് ചെയ്യാറുണ്ടെന്ന്! അങ്ങനെയെങ്കിൽ അതും കൂടി കേൾക്കാമെന്നായി രാജീവ്. ഒരു ചെറിയ ടേപ്പ് റെക്കോർഡറിൽ കാസറ്റ് ഇട്ട് താൻ ചെയ്ത ജിങ്കിളുകൾ (jingles) ദിലീപ് രാജീവ് മേനോനെ കേൾപ്പിച്ചു. 'ഒരു മാജിക്ക് ഉണ്ടായിരുന്നു ആ സംഗീതത്തിൽ,' രാജീവ് മേനോൻ ആ ദിവസത്തെപ്പറ്റി ഓർത്തെടുത്തു. എന്തായാലും ആ മാജിക് നഷ്ടപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. പരസ്യചിത്രങ്ങളുടെ പ്രൊഡക്ഷനിൽ ദിലീപും രാജീവ് മേനോനൊപ്പം ചേർന്നു. ഇരുവരും ചേർന്നൊരുക്കിയ പരസ്യചിത്രങ്ങൾ സൂപ്പർഹിറ്റുകളായി. ഏഷ്യൻ പെയിന്റ്സ്, എയർടെൽ... അങ്ങനെ നൂറോളം പരസ്യചിത്രങ്ങൾ ഇരുവരും ചേർന്നൊരുക്കി. ദിലീപ് പിന്നീട് എ. ആർ റഹ്മാനായി. സംഗീതത്തിൽ പകരം വയ്ക്കാനില്ലാത്ത ഒരു പേരായി വളർന്നു. 

മിൻസാരകനവും കണ്ടുകൊണ്ടേനും

രാജീവ് മേനോൻ ഒരു ഛായാഗ്രാഹകനായി ദക്ഷിണേന്ത്യൻ സിനിമകളിൽ സജീവമായിരിക്കുമ്പോഴാണ് ഒരു സിനിമ ചെയ്തു കൂടേയെന്ന ചോദ്യം ഉയരുന്നത്. അതിനു വഴിയൊരുക്കിയതും എ.ആർ റഹ്മാനായിരുന്നു. എ.വി.എം പ്രൊഡക്ഷൻസിന് നവാഗതനായ രാജീവ് മോനോനെ എ.ആർ റഹ്മാൻ നിർദേശിച്ചു. അപ്പോഴേക്കും സിനിമാ സംഗീതരംഗത്ത് റഹ്മാൻ പേരെടുത്തു കഴിഞ്ഞിരുന്നു. എ.വി.എം പ്രോഡക്ഷൻസിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി അങ്ങനെ മിൻസാരകനവ് എന്ന ചിത്രം രാജീവ് മേനോൻ സംവിധാനം ചെയ്തു. ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പർഹിറ്റ്. ചിത്രവും സൂപ്പർ ഹിറ്റ്. അതിന്റെ തുടർച്ചയായി 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന ചിത്രവും സംഭവിച്ചു. പാട്ടുകളും ചിത്രങ്ങളും വീണ്ടും വമ്പൻ ഹിറ്റ്. 

സർവം താളമയം

തുടർച്ചയായ രണ്ടു വിജയചിത്രങ്ങൾക്കു ശേഷം രാജീവ് മേനോൻ എന്ന സംവിധായകൻ വലിയൊരു ഇടവേളയെടുത്തു. മനഃപൂർവം ആയിരുന്നില്ലെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുകയെന്ന പരിപാടി നീണ്ടു പോയി. വീണ്ടും ഒരു സിനിമയെക്കുറിച്ച് ആലോചിച്ചപ്പോൾ സംഗീതം അല്ലാതെ മറ്റൊന്നും ആ മനസിലേക്ക് വന്നില്ല. 'സർവം താളമയം' എന്ന സിനിമ അങ്ങനെ സ്വാഭാവികമായി രാജീവ് മേനോൻ എന്ന സംവിധായകനെ തേടിയെത്തുകയായിരുന്നു. പാട്ടുകൾക്കായി വീണ്ടും എ.ആർ റഹ്മാനും രാജീവ് മേനോനും ഒന്നിച്ചു. ആ പാട്ടുകൾ കേട്ടു സംഗീതാസ്വാദകർ പറഞ്ഞു, അതെ ഈ റഹ്മാനെയാണ് ഞങ്ങൾ ആഗ്രഹിച്ചത്. 'റഹ്മാന്റെ സംഗീതം ഇപ്പോഴും ഫ്രെഷ് ആണ്. പക്ഷേ, അദ്ദേഹത്തെ ചലഞ്ച് ചെയ്യുന്ന അവസരങ്ങൾ വേണമെന്നു മാത്രം,' രാജീവ് മേനോൻ പറയുന്നു. 

"ആറു ട്രാക്കുകളാണ് സർവം താളമയം എന്ന ചിത്രത്തിലുള്ളത്. ഇതിൽ നാലു ട്രാക്കുകൾ റഹ്മാൻ ചെയ്തതാണ്. എല്ലാ പാട്ടുകൾക്കും യുട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ പേരു സൂചിപ്പിക്കുന്നതുപോലെ ഈ ഭൂമിയിലുള്ളതിനെല്ലാം ഒരു താളമുണ്ട്. നമ്മുടെ ശ്വാസത്തിനും നടപ്പിനും എല്ലാം! താളം തന്നെ ജീവനും ജീവിതവുമായ ഒരാളുടെ കഥയാണ് ഈ ചിത്രം," സിനിമയെക്കുറിച്ച് രാജീവ് മേനോൻ പറഞ്ഞു തുടങ്ങി. 

താളം തേടിയുള്ള യാത്ര

ഈ ചിത്രത്തിനു വേണ്ടി ഇന്ത്യയിലെമ്പാടും രാജീവ് മേനോനും എ.ആർ റഹ്മാനും സഞ്ചരിച്ചു. ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ട യാത്രകൾ. ഓരോ പ്രദേശത്തെയും തനതു വാദ്യകലകൾ തേടിയുള്ള യാത്രയായിരുന്നു അത്. മേഘാലയ, മണിപ്പൂർ, ആസാം, മിസോറാം, കശ്മീർ, രാജസ്ഥാൻ, കേരളം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലെ നാടൻപാട്ടുകാരെ കണ്ടും അവരുടെ പാട്ടുവഴികൾ അറിഞ്ഞുമുള്ള യാത്രകൾ. "വൈവിധ്യമുള്ള വാദ്യകലാകാരന്മാരാൽ സമ്പന്നമാണ് നമ്മുടെ രാജ്യം. വിസ്മയിപ്പിക്കുന്ന കലാകാരന്മാരും വാദ്യങ്ങളും! വിസ്മയം എന്നതല്ലാതെ മറ്റൊരു വാക്കുകൊണ്ട് അത് അടയാളപ്പെടുത്താനാവില്ല," രാജീവ് മേനോൻ പറയുന്നു. സർവം താളമയം എന്ന ഗാനത്തിൽ ആ സംഗീതയാത്ര ആരാധകർക്ക് ആസ്വദിക്കാം. കേരളത്തിന്റെ പഞ്ചവാദ്യം മുതൽ പല നാടുകളിലെ തനതു താളങ്ങൾ ഇഴ ചേർത്താണ് പാട്ടൊരുക്കിയിരിക്കുന്നത്. ആ പാട്ടിലെ വരികൾ പോലും താളത്തിന്റെ ആത്മാവിനെ അടയാളപ്പെടുത്തുന്നുണ്ട്; അത് ഇങ്ങനെയാണ്... 'ഉടലും ഉയിരും ആടട്ടുമേ... സർവം താളമയം'! ഈ വരികളിൽ റഹ്മാൻ സംഗീതം സന്നിവേശിപ്പിക്കുമ്പോൾ വരികളിലെ താളം കേൾവിക്കാരിലേക്കും പടരും. ഉടലിലും ഉയിരിലുമുള്ള ആ താളം തന്നെയാണ് ജീവനെന്നു പറയുകയാണ് സംവിധായകൻ.  

മായ മായ മനമോഹനാ...

മെലഡിയുടെ മാജിക് അനുഭവിപ്പിക്കുന്ന ഒരുപിടി ഗാനങ്ങളും സർവം താളമയം എന്ന ചിത്രത്തിലുണ്ട്. റഹ്മാൻ സംഗീതം നൽകി ചിന്മയി പാടിയ 'മായ മായ മനമോഹനാ..' എന്ന ഗാനമാണ് അതിലൊന്ന്. പ്രണയത്തിന്റെ മുറുക്കവും അയവും ഒരുപോലെ പകർത്തിവച്ചിരിക്കുന്ന ഗാനം റഹ്മാന്റെ മനോഹരമായ കമ്പോസിഷനുകളിലൊന്നാണ്. സംവിധായകൻ രാജീവ് മേനോനും ചിത്രത്തിൽ ഒരു ഗാനത്തിന് സംഗീതം നൽകിയിട്ടുണ്ട്. "മനസിലൊരു ഈണം വന്നപ്പോൾ വരികളെഴുതുന്ന മദൻ കാർക്കിയെ വിളിച്ചു കാര്യം അറിയിച്ചു. അദ്ദേഹം വരികളെഴുതി. എന്നാൽ റഹ്മാന്റെ മുന്നിൽ ഇതു അവതരിപ്പിക്കാൻ ആശങ്കയുണ്ടായിരുന്നു. മുപ്പതു വർഷമായി എനിക്ക് അദ്ദേഹത്തെ അറിയാം. മടിച്ചു മടിച്ചാണെങ്കിലും ഞാൻ കാര്യം പറഞ്ഞു, എന്റെ മനസിലൊരു ട്യൂൺ ഉണ്ട്. കേൾപ്പിക്കൂ എന്നായി അദ്ദേഹം. പെട്ടെന്ന് എന്റെ മനസ് ശൂന്യമായി. രണ്ടു മിനിറ്റു നേരം ഞാൻ എല്ലാം മറന്നു. വരികളും ട്യൂണും ഒന്നും ഓർമ വരുന്നില്ല. ഒടുവിൽ ഒരു വിധത്തിൽ ഞാൻ ആ ട്യൂൺ കേൾപ്പിച്ചു. അദ്ദേഹത്തിന് അത് ഇഷ്ടമായി. അങ്ങനെയാണ് വരലാമ ഉൻ അരുകിൽ എന്ന ഗാനമുണ്ടായത്," രാജീവ് മേനോൻ ജീവിതത്തിൽ ആദ്യമായി സംഗീത സംവിധായകനായ സാഹചര്യം പങ്കു വച്ചു.  

അഭിനേതാക്കളും ഗായകര്‍

സംഗീതം പ്രമേയമാകുന്ന ചിത്രത്തിലെ അഭിനേതാക്കളും സംഗീതവുമായി ബന്ധമുള്ളവരാണ്. ഗായകനും സംഗീതസംവിധായകനുമായ ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ നായകനായ പീറ്റർ ജോൺസൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റഹ്മാന്റെ മൂത്ത സഹോദരിയും ഗായികയുമായ റെയ്ഹാനയുടെ മകൻ കൂടിയാണ് ജി.വി പ്രകാശ്. വെയിൽ, അങ്ങാടിത്തേര്, മദ്രാസിപ്പട്ടണം എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് ജി.വി പ്രകാശ് സംഗീതം നൽകിയിട്ടുണ്ട്. താളബോധമുള്ള, കൊട്ടാൻ അറിയുന്ന ഒരാൾ തന്നെ സിനിമയിൽ നായകനാകണം എന്നു സംവിധായകനു നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ജി.വി പ്രകാശിലേയ്ക്കെത്തുന്നത്. മൃദംഗവിദ്വാൻ ഉമയാൾപുരം കെ.ശിവരാമന് അടുത്തേയ്ക്കാണ് പ്രകാശിനെ രാജീവ് മേനോൻ കൊണ്ടുപോയത്. അദ്ദേഹത്തിനു കീഴിൽ ഒരു വർഷം മൃദംഗം പഠിപ്പിച്ചു. മനസിലെ താളം വിരലുകളിലേക്കെത്തുന്നുണ്ടെന്ന് ഉമയാൾപുരം സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിലെ നായികയായി എത്തുന്നത് മലയാളിയായ അപർണ ബാലമുരളിയാണ്. അപർണയും ഗായികയാണ്. സിനിമയിൽ ഗായിക ആയിട്ടല്ല അപർണ പ്രത്യക്ഷപ്പെടുന്നതെങ്കിലും നായക കഥാപാത്രത്തിന്റെ സംഗീതജിവിത്തിൽ നിർണായകമാണ് അപർണയുടെ ഇടപെടൽ. 

സർവം താളമയത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും. സർവം താളമയത്തിലെ സംഗീതവും ജീവിതവും പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് രാജീവ് മേനോൻ. 

MORE IN INTERVIEWS