ഗോവിന്ദൻകുട്ടിയും പെരിയോറും പാടിയ പാട്ട്

ഗോവിന്ദന്‍ കുട്ടി പെരിയോര്‍ക്കൊപ്പം ആ തീവണ്ടിയില്‍ കയറിപ്പോയിരുന്നുവെങ്കില്‍...ഞാനാണ് നിന്റെ അപ്പ...ആ പാപി ഞാനാണ് എന്നയാള്‍ ആണയിടുമ്പോള്‍ ഗോവിന്ദന്‍ കുട്ടി അത് വിശ്വസിച്ചിരുന്നെങ്കില്‍...ഉറ്റവര്‍ക്കും സമൂഹത്തിനും അധികപ്പറ്റായി കുത്തുവാക്കുകളും അവഗണനകളും ഏറ്റുവാങ്ങി ജീവിക്കാന്‍ വേണ്ടി മാത്രം തന്നെ ജനിപ്പിച്ച് അകലങ്ങളിലെവിടെയോ മറഞ്ഞിരിക്കുന്ന അപ്പനെ കുത്തിക്കൊന്ന് കലി തീര്‍ക്കാന്‍ വെമ്പുന്ന ആ മനസ്സ് ഒന്ന് ആറിത്തണുത്തെങ്കില്‍...ചില സിനിമകള്‍ അവസാനിച്ചാലും ആ കഥാപാത്രങ്ങളെ കുറിച്ച് കാലമെത്ര കഴിഞ്ഞാലും നമ്മള്‍ ചിന്തിച്ചു കൊണ്ടേയിരിക്കും...വെറുതെയിരിക്കുന്ന പകലുകളിലും ഉറക്കം വരാത്ത രാത്രികളിലും ഒറ്റയ്ക്കുള്ള യാത്രകളിലുമൊക്കെ വികാരങ്ങളുടെ സമ്മിശ്ര തീരത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകും അത്തരം ചിത്രങ്ങള്‍. പെരിയോരും ഗോവിന്ദന്‍ കുട്ടിയും ഇനിയും മരിക്കാത്ത അത്തരം കഥാപാത്രങ്ങളാണ് നമുക്ക്. അവര്‍ മാത്രമല്ല അവരൊന്നിച്ചു പാടിയ പാട്ടും...

എപ്പോഴും കലുഷിതമായ മനസ്സുളള ഗോവിന്ദന്‍ കുട്ടി സ്‌നേഹം കൊണ്ടു തന്നെ പൊതിഞ്ഞ, ജീവിതത്തില്‍ ആദ്യമായി അത്തരമൊരു കരുതല്‍ നല്‍കിയ മനുഷ്യനോടൊപ്പം പാടുന്ന പാട്ട്....കാലിക്കൂട്ടങ്ങളെ മേയ്ച്ച് കഴിഞ്ഞ് സന്ധ്യ പതിയെ വന്നു തുടങ്ങിയ നേരത്ത് ഒരാള്‍ പാടിയ പാട്ട് അവര്‍ ഏറ്റുപാടുകയായിരുന്നു.

‘കാക്കാല കണ്ണമ്മാ...’ എന്ന ഗാനം മലയാളത്തിന്റെ ഹൃദയകങ്ങളിലേക്ക് കടന്നുചെന്നിട്ട് കാലമെത്രയോ പിന്നിട്ടിരിക്കുന്നു. കണ്ണമ്മയും രാസാത്തിയും തമ്പിയും തമിഴര്‍ക്കിടയിലെ സ്‌നേഹ സംബോധനകളാണ്. സ്‌നേഹം മാത്രമുള്ള വിളികള്‍. ആ സ്‌നേഹം മുഴുവനുമുണ്ട് ഈ പാട്ടില്‍. അത് കണ്ടിരിക്കുമ്പോള്‍, കേട്ടിരിക്കുമ്പോള്‍ പ്രേക്ഷകനും അഭിനേതാക്കളും രണ്ടല്ലാതായി മാറുന്നു...അവര്‍ക്കിടയിലെ അകലം നേര്‍ത്തില്ലാതാകുന്നു. സിനിമയെന്ന മാധ്യമത്തിന് മാത്രം സാധിക്കുന്ന മായാജാലത്തെ അനുഭവിക്കുന്നൊരു പാട്ടായി അതു മാറുന്നു. 

പദ സമ്പത്താണ് ജീവിതത്തിന് ആത്മവിശ്വാസം പകരുന്ന ഏക ഘടകമെന്നു പറഞ്ഞ ഗിരീഷ് പുത്തഞ്ചേരി രചിച്ച ഏറ്റവും മനോഹരമായ പാട്ടുകളിലൊന്നാണിത്. വളക്കിലുക്കം പോലെയാണ് തമിഴര്‍ സംസാരിക്കുക. അത്രയ്ക്കു രസകരമായ താളമാണ് ആ ഭാഷയ്ക്ക്. അതുകൊണ്ടാണ് ഒരു ഔപചാരികതകളുമില്ലാതെ പാട്ടെഴുതാനുള്ള സമ്മതം അവിടുത്തെ കവിഹൃദയങ്ങളിലുണ്ടാകുന്നത്. മലയാളത്തില്‍ അത്രയ്ക്കങ്ങനെ സാധിക്കുകയില്ല. പക്ഷേ ഈ പാട്ടിന്റെ വരികളിലൂടെ അത്തരമൊരു തമിഴ് പാട്ട് കേള്‍ക്കുന്ന സുഖകരമായ അനുഭൂതിയാണ്  ഗിരീഷ് പുത്തഞ്ചേരി പകര്‍ന്നത്. തമിഴിന്റെ നാടന്‍ സംഗീത കൂട്ടിനെ ശാസ്ത്രീയ സംഗീതത്തോടു ചേര്‍ത്തു വച്ച് ക്ലാസിക് ഗാനങ്ങളുടെ വസന്തം തീര്‍ത്ത ഇളയരാജ ആ വരികള്‍ക്ക് ഈണമിടുക കൂടി ചെയ്തതോടെ പിറന്നതാകട്ടെ മലയാളത്തിനു മറക്കാനാകാത്തൊരു പാട്ടും.

എം.ജി.ശ്രീകുമാറും എസ്.പി.ബാലസുബ്രഹ്മണ്യവുമാണ് ഈ പാട്ട് പാടിയത്. വയലേലകള്‍ മുഴുവന്‍ കേള്‍ക്കുമാറാകെ ഉറക്കെ പാടുന്ന കര്‍ഷകനെ പോലെ ഇരുവരും ഉച്ചസ്ഥായിയില്‍ പാടിയ പാട്ട്. മോഹന്‍ലാലും ശിവാജി ഗണേശനും സ്വാഭാവിക അഭിനയത്തികവോടെ വെള്ളിത്തിരയില്‍ ആ വരികള്‍ക്കും സംഗീതത്തിനുമൊപ്പം അണിനിരന്നപ്പോള്‍ കണ്ടിരിക്കുമ്പോള്‍ മനസ്സു നിറയുന്ന, അറിയാതെ കണ്ണുനിറയ്ക്കുന്നൊരു ദൃശ്യാനുഭവവും നമ്മിലേക്കെത്തി.