ജന്മാന്തരങ്ങളിലേക്ക് ഒരു മഴപ്പാട്ട്

മഴയിങ്ങനെ പെയ്തിറങ്ങുകയാണ്.മണ്ണിലേക്ക് മനസ്സിലേക്ക്.ആത്മാവില്‍ പെയ്തിറങ്ങുന്ന മഴയ്ക്ക് പലതാണ് ഭാവങ്ങൾ. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും സുഖമുണ്ട് ചിലമഴകൾക്ക്... അത് ജന്മങ്ങള്‍ക്കപ്പുറത്തേക്ക് വരെ നീളും. മണ്ണും മനവും കുളിർപ്പിച്ച് മഴയിങ്ങനെ പെയ്തിറങ്ങുമ്പോൾ ചില നല്ലപാട്ടുകള്‍ ഒഴുകിയെത്താറുണ്ട് . മഴപോലെ തന്നെ നനവുള്ളവ. മനസ്സിനെ കുളിർപ്പിക്കുന്നവ..ഒരുമിച്ചൊരു മഴ നനഞ്ഞതിന്റെ ഓർമകൾ ഒപ്പിയെടുക്കുകയാണ് ഈ മഴപ്പാട്ട്.

എന്താണ് ആ മഴയ്ക്ക് പറയാനുണ്ടായിരുന്നത്. അത് എന്നോട് മാത്രമായിരുന്നോ? ശരിയാണ്.. ഓരോ മഴയ്ക്കും നമ്മളോട് മാത്രമായി ചിലത് പറയാനുണ്ടാകും. അത് എന്റെയും നിന്റെയും സ്വകാര്യതയാണ്. നമ്മുടേതാണ് ആ മഴ. ഒരു ജന്മത്തിന്റെ പ്രണയമഴക്കാലം തീർക്കുകയാണ് ഈ വരികള്‍.

'എന്തോ മൊഴിയുവാനുണ്ടാകുമീ മഴയ്ക്ക് എന്നോട് മാത്രമായി'...പ്രണയത്തിന്റെയും നഷ്ടത്തിന്റെയും കാത്തിരിപ്പിന്റെയും സുഖമാകുന്നു ഈ ഗാനം. എസ് രമേശൻ നായരുടെ വരികൾ. മനു രമേശന്റെതാണ് സംഗീതം. വിധു പ്രതാപിന്റെ മനോഹര ശബ്ദം. 2010ലാണ് മഴ എന്ന ആൽബം പുറത്തിറങ്ങുന്നത്. 

കാതിനു കുളിർമഴയും കണ്ണിന് ദൃശ്യമഴയുമായി ഈ മഴപ്പാട്ട്. ഓർമ്മയിലെ മഴപ്പാട്ടിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തുമ്പോൾ ഈ ഗാനവും മലയാളിയുടെ മനസിലേക്കെത്തുമെന്ന് തീർച്ച. ഒരു ജന്മത്തിന്റെ കഥ ഒറ്റപ്പാട്ടിലൂടെ പറയുന്നു. ഒടുവിൽ ഉറ്റവള്‍ക്കായി മറ്റൊരു ജന്മത്തിലേക്കുള്ള കാത്തിരിപ്പ്. 'അന്നും മുറ്റത്ത് പൂമഴയാകാം' എന്ന് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ ബാക്കിയാകുന്നത് ഒരു ജൻമത്തിന്റെ നൊമ്പരം.