വീണ്ടും മുത്തലാഖ് ഓർഡിനൻസുമായി കേന്ദ്രം

ന്യൂഡൽഹി ∙ മു‌സ്‌ലിം വനിതാ വിവാഹ സംരക്ഷണം ഉറപ്പാക്കുന്നതിനു മുത്തലാഖ് ഓർഡിനൻസ് വീണ്ടും പുറപ്പെടുവിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മുൻപു പുറപ്പെടുവിച്ച ഓർഡിനൻസിന്റെ കാലാവധി 22ന് അവസാനിക്കും.  ഓർഡിനൻസിനു പകരമുള്ള ബിൽ ലോക്സഭയിൽ പാസാക്കിയെങ്കിലും പ്രതിപക്ഷത്തിനു മുൻതൂക്കമുള്ള രാജ്യസഭയിൽ പാസാക്കാൻ സർക്കാരിനു കഴിഞ്ഞിരുന്നില്ല. ‌‌

വിശദമായ ചർച്ചയ്ക്കായി ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പെട്ട സിലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണമെന്നാണു രാജ്യസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടത്.  മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണു നിയമം. സ്ത്രീക്കു സംരക്ഷണവും പ്രതിക്കു 3 വർഷം വരെ തടവും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു.

31നു പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ചേരുമ്പോൾ ഓർഡിനൻസിനു പകരം വീണ്ടും ബിൽ അവതരിപ്പിക്കേണ്ടി വരും. രാജ്യസഭയിൽ പ്രതിപക്ഷ നിലപാടു മാറ്റമില്ലാതെ തുടർന്നാൽ സമ്മേളനത്തിനു ശേഷം ഓർഡിനൻസ് വീണ്ടും പുറപ്പെടുവിക്കണം.