കശ്മീരിൽ ഏറ്റുമുട്ടലിൽ അൽ ബദർ തലവൻ കൊല്ലപ്പെട്ടു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ കട്പോറയിൽ ശനിയാഴ്ച രാത്രി സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു ഭീകരരിൽ ഒരാൾ അൽ ബദർ ഭീകര സംഘടനാ തലവൻ സീനത്തുൽ ഇസ്‌ലാം ആണെന്നു സൈന്യം സ്ഥിരീകരിച്ചു. ഷക്കീൽ അൽ അഹമ്മദ് എന്ന ഭീകരനും കൊല്ലപ്പെട്ടു. 

ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരസംഘടനയിൽ അംഗമായിരുന്ന സീനത്ത്, കഴിഞ്ഞ നവംബറിലാണ് അൽ ബദറിന്റെ തലവനായത്.  

കട്പോറയിൽ ഭീകരരുടെ താവളം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇരുവരും കുടുങ്ങിയത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയാറാകാതെ സേനയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നു നടത്തിയ പ്രത്യാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. വൻ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായും സൈന്യം അറിയിച്ചു.

2006 മുതൽ അൽ ബദറിൽ പ്രവർത്തിച്ചിരുന്ന സീനത്തിനെ ഒരിക്കൽ അറസ്റ്റു ചെയ്തിരുന്നതായി കശ്മീർ പൊലീസ് അറിയിച്ചു. ജയിൽ മോചിതനായശേഷം 2016 മുതൽ ഹിസ്ബുൽ മുജാഹിദ്ദീന്റെ ഭാഗമായിരുന്നു. തുടർന്ന് ഷോപിയാൻ ജില്ലയിൽ അൽ ബദദിന്റെ കമാൻഡറായി. സൈനികരുടെ ആയുധങ്ങൾ തട്ടിയെടുത്തത് ഉൾപ്പെടെ ഒട്ടേറെ ആക്രമണങ്ങളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

അതിനിടെ, രജൗരിയിലെ നിയന്ത്രണരേഖയിൽ പാക്ക് സൈന്യം ഇന്നലെ നടത്തിയ വെടിവയ്പിൽ ഒരു ജവാനു പരുക്കേറ്റു. വെള്ളിയാഴ്ചയാണു രജൗരിയിലെ നൗഷേറയിൽ നിയന്ത്രണ രേഖയിൽ ഭീകരർ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മലയാളി മേജർ ശശിധരൻ വി. നായരും ബംഗാൾ സ്വദേശിയായ ജവാനും കൊല്ലപ്പെട്ടത്.