‘ആപ്പ്’ നിർണയിച്ചാൽ ആപ്പാകുമോ ? ആശങ്കയോടെ ബിജെപി നേതാക്കൾ

ന്യൂഡൽഹി ∙ നിങ്ങളുടെ മണ്ഡലത്തിലെ 3 ജനകീയ ബിജെപി നേതാക്കളെ നിർദേശിക്കൂ എന്ന ചോദ്യമെറിഞ്ഞ ‘നമോ ആപ്പ്’ ബിജെപി എംപിമാർക്ക് തലവേദനയാകുന്നു. ഒരേ മണ്ഡലത്തിൽ നിന്നു കൂടുതൽ പേരുകൾ വരികയും ഇതിൽ മറ്റുള്ളവർക്കു മുൻഗണന കിട്ടുകയും ചെയ്താൽ നിലവിലെ എംപിമാരുടെ സ്ഥിതി പരുങ്ങലിലാവുമെന്ന സൂചനയാണ് ലഭിക്കുന്നത്. നേതൃത്വത്തിനു പകരക്കാരനെ കണ്ടെത്താൻ കൂടുതൽ തലപുകയ്ക്കേണ്ടി വരില്ലെന്നു ചുരുക്കം.

നമോ ആപ്പ് വഴി ‘പീപ്പിൾസ് പൾസ്’ എന്ന പേരിൽ നടത്തുന്ന സർവേയാണ് ബിജെപിയുടെ സാധ്യതാ സ്ഥാനാർഥി പട്ടികയിലേക്ക് വെളിച്ചം വീഴുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിടുന്ന പലവിധ ചോദ്യങ്ങൾക്കൊപ്പമാണ് മണ്ഡലത്തിലെ 3 ജനകീയ നേതാക്കളെ നിർദേശിക്കാൻ ആവശ്യപ്പെടുന്നത്. സർവേ ഫലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പ്രത്യേക താൽപര്യമുണ്ടെന്നതു വ്യക്തമാണ്. സമീപകാലത്തു ബിജെപിക്ക് അടിപതറിയ ഹിന്ദി ഹൃദയഭൂമിയിൽ നിന്നാണ് നിലവിൽ ബിജെപിക്ക് ഏറ്റവുമധികം എംപിമാരുള്ളത്.

വരുന്ന തിരഞ്ഞെടുപ്പിലും ഈ മണ്ഡലങ്ങൾ നിർണായകമാവുമെന്നതിനാൽ വിജയസാധ്യതയിലേക്കാവും നേതൃത്വത്തിന്റെ കണ്ണ്. അതു കണ്ടെത്താനുള്ള എളുപ്പമാർഗമായി ആപ്പ് വിലയിരുത്തപ്പെടുന്നു. ഇക്ക‍‍ഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിനു സമാന്തരമായി എംപിമാരുമായി നേരിട്ടുള്ള ആശയവിനിമയത്തിനു മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും തുടക്കമിട്ടിരുന്നു. ഓരോ സംസ്ഥാനത്തിന്റെയും നിലവിലെ സ്ഥിതി മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം.