ബിജെപിയുടെ രഥയാത്രയ്ക്ക് സുപ്രീം കോടതിയും അനുമതി നിഷേധിച്ചു

ന്യൂഡൽഹി ∙ ബംഗാളിൽ രഥയാത്ര നടത്താൻ അനുവദിക്കണമെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. രഥയാത്രയുടെ ഭാഗമായി പദ്ധതിയിട്ട യോഗങ്ങളും റാലികളും നടത്താം; രഥയാത്രയ്ക്ക് വീണ്ടും സംസ്ഥാന സർക്കാരിനോട് അനുമതി ചോദിക്കാമെന്നും ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

യാത്രയുടെ വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ, ക്രമസമാധാന പ്രശ്നമുണ്ടാകാമെന്ന സംസ്ഥാന സർക്കാരിന്റെ ആശങ്ക അടിസ്ഥാനരഹിതമല്ലെന്നു കോടതി പറഞ്ഞു. മൂന്നിടത്തുനിന്നു തുടങ്ങി സംസ്ഥാനത്തെ 42 പാർലമെന്റ് മണ്ഡലങ്ങളിലുമായി യാത്ര നടത്താനാണു ബിജെപി പദ്ധതിയിട്ടത്. അനുമതി നൽകാനാവില്ലെന്നു സർക്കാർ വ്യക്തമാക്കി. അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്, ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെയാണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്. താനായിരുന്നു ഹൈക്കോടതി ജഡ്ജിയെങ്കിൽ ഹർജി പരിഗണിക്കുകപോലുമില്ലായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം അടിച്ചമർത്തുകയാണു യാത്രയ്ക്ക് അനുമതി നിഷേധിച്ചതിലൂടെ സർക്കാർ ചെയ്തതെന്ന് ബിജെപിക്കുവേണ്ടി മുകുൾ രോഹത്ഗി വാദിച്ചു. ബിജെപി ഉത്തരവാദിത്തമുള്ള സംഘടനയാണെന്നും രഥയാത്ര വർഗീയ വികാരമിളകാൻ കാരണമാകുമെന്ന തൃണമൂൽ സർക്കാരിന്റെ ആശങ്ക അസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ പ്രശ്നങ്ങളുണ്ടാകാമെന്നും അത്തരമൊരു പ്രതിസന്ധി സൃഷ്ടിക്കാൻ ഉദ്ദേശ്യമില്ലെന്നും സർക്കാരിനുവേണ്ടി അഭിഷേക് സിങ്‌വി വാദിച്ചു.  ബിജെപി പുതിയ അപേക്ഷ നൽകിയാൽ, മൗലികാവകാശ വിഷയംകൂടി കണക്കിലെടുത്ത് സർക്കാർ ഉടനെ ഉചിതമായ തീരുമാനമെടുക്കണമെന്നു കോടതി വ്യക്തമാക്കി.