മിസോറമിൽ ആളില്ലാ മൈതാനത്ത് ഗവർണറുടെ റിപ്പബ്ലിക്‌ ദിന പ്രസംഗം

ഐസോൾ∙ മിസോറമിന്റെ ഗവർണർ  കുമ്മനം രാജശേഖരനു കഴിഞ്ഞ ദിവസം സംസ്ഥാന തലസ്ഥാനമായ ഐസോളിൽ ആളില്ലാത്ത ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തേണ്ടിവന്നു. കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ( ഭേദഗതി ) ബില്ലിനെതിരെ പ്രതിഷേധിക്കുന്ന സംസ്ഥാനത്തെ വിവിധ സംഘടനകളുടെ സമിതി നൽകിയ ആഹ്വാനം അനുസരിച്ച് ജനങ്ങൾ‌ റിപ്പബ്ലിക് ദിന ചടങ്ങുകൾ ബഹിഷ്കരിക്കുകയായിരുന്നു. 

സംസ്ഥാനത്തെ മന്ത്രിമാർ,എംഎൽഎമാർ, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ മാത്രമാണു ഗവർണറുടെ പ്രസംഗം കേൾക്കാനുണ്ടായിരുന്നത്. ജില്ലാ ആസ്ഥാനങ്ങളിലും താലൂക്ക് ആസ്ഥാനങ്ങളിലും നടന്ന ദേശീയ പതാക ഉയർത്തൽ ചടങ്ങുകളിലും ജനമെത്തിയില്ല. .ചിലയിടങ്ങളിൽ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രകടനങ്ങളും നടന്നു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽനിന്നും കുടിയേറിയ മുസ്‌ലിം ഇതര ജനവിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണു ഭേദഗതി ബിൽ. 

സന്ദേശം വായിക്കാൻ കഴിയാതെ മന്ത്രിമാർ

ഭോപാൽ∙ റിപ്പബ്ലിക് ദിന സന്ദേശം വായിക്കാൻ പണിപ്പെട്ട് മധ്യപ്രദേശ് മന്ത്രി ഇമാർതി ദേവി. ഏതാനും വരികൾ തപ്പിത്തടഞ്ഞ് വായിച്ച മന്ത്രി പിന്നീട് കലക്ടറോട് പ്രസംഗം വായിക്കാൻ ആവശ്യപ്പെട്ടു. സംസ്ഥാന വനിതാ-ശിശുക്ഷേമമന്ത്രിയുടെ പ്രകടനം സമൂഹമാധ്യമങ്ങളിൽ കാട്ടുതീയായി പടർന്നു. 

ഗ്വാളിയറിലെ സാഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു മന്ത്രി. രണ്ടു വരി കഷ്ടപ്പെട്ട് വായിച്ച ശേഷമാണ് കലക്ടർ സാഹിബ് ഇനി വായിക്കും എന്നു മന്ത്രി പറഞ്ഞത്. ഹയർ സെക്കൻഡറി വിജയിച്ചിട്ടുണ്ട് ഇമാർതി ദേവി. മൂന്നാം തവണയാണ് ഇവർ നിയമസഭയിലെത്തുന്നത്. രണ്ടു ദിവസമായി അസുഖമായിരുന്നുവെന്നും ഡോക്ടറോട് ചോദിച്ചാൽ മനസ്സിലാക്കാമെന്നും ഇമാർതി ദേവി പറഞ്ഞു. 

സമാന സംഭവത്തിൽ ഛത്തീസ്ഗഡിൽ കലക്ടറോട് ഗവ‍ർണറുടെ സന്ദേശം വായിക്കാൻ മന്ത്രി കവാസി ലഖ്മ ആവശ്യപ്പെട്ടു. ലഖ്മ നിരക്ഷരനായാണ് അറിയപ്പെടുന്നത്.