മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ വിചാരണയ്ക്കു തുടക്കം

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) പ്രതിയായ മറ്റൊരു കേസിൽ മജിസ്ട്രേട്ട് കോടതിയിൽ വിചാരണ തുടങ്ങി. 2012ൽ മറ്റൊരു മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണു വിചാരണ തുടങ്ങിയത്. നിർമ്മാതാവു ജോണി സാഗരികയുടെ സിനിമയിൽ അഭിനയിക്കാൻ കൊച്ചിയിലെത്തിയപ്പോഴാണ് സുനിൽകുമാറിന്റെ സംഘം നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

ഈകാലത്ത് ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനിൽകുമാർ. സംഭവദിവസം കൊച്ചിയിൽ ട്രെയിനിൽ എത്തിയ നടിയെ സുനിൽകുമാർ നിയോഗിച്ച മറ്റൊരാളാണു വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്. ഇവരുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി ബ്ലാക്മെയിൽ ചെയ്യാനായിരുന്നു പദ്ധതി. ഇവരോടൊപ്പം എത്തുമെന്നു പറഞ്ഞിരുന്ന മറ്റൊരു യുവനടിയെയും സംഘം ലക്ഷ്യമിട്ടിരുന്നു.

റെയി‍ൽവെ സ്റ്റേഷനിൽ നിന്നു കുണ്ടന്നൂരിലെ ഹോട്ടലിലേക്കു കൊണ്ടുപോകുമെന്നാണു നിർമ്മാതാവ് അറിയാതെ അദ്ദേഹത്തിന്റെ ഓഫിസിൽ നിന്നു സുനിൽകുമാർ നടിയെ വിളിച്ച് അറിയിച്ചിരുന്നത്. എന്നാൽ സംഭവ ദിവസം സുനിൽകുമാറിനെ മറ്റൊരു യാത്രയ്ക്കു നിർമ്മാതാവു നിയോഗിച്ചതോടെ തട്ടിക്കൊണ്ടു പോകൽ പദ്ധതി പൊളിഞ്ഞു. 

സുനിൽകുമാറിന്റെ നിർദേശം ലഭിക്കാതായതോടെ പകരക്കാരൻ ഡ്രൈവർ നടിയെ ഹോട്ടലിൽ എത്തിക്കാതെ പലവഴിക്ക് കാർ ഓടിച്ചു. സംശയത്തെത്തുടർന്ന് നടി ഭർത്താവിനെ വിവരമറിയിച്ചു. അദ്ദേഹമാണു പൊലീസിനെയും നിർമ്മാതാവിനെയും വിവരം അറിയിച്ചു നടിയെ രക്ഷപ്പെടുത്തിയത്. കേസിൽ ജോണി സാഗരികയുടെ സാക്ഷി വിസ്താരം പൂർത്തിയായി.

യുവനടിയെ പ്രതി സുനിൽകുമാർ തട്ടിക്കൊണ്ടു കേസിനു ശേഷമാണു മുതിർന്ന നടിയും പരാതി നൽകിയത്.