ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേസി‍ൽ അന്തിമവാദം ഇന്ന്

ന്യൂഡൽഹി ∙ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി ഇന്ന് അന്തിമ വാദത്തിനു പരിഗണിച്ചേക്കും. അമിക്കസ് ക്യൂറി സ്ഥാനത്തു നിന്നു പിൻമാറിയ ഗോപാൽ സുബ്രഹ്മണ്യത്തിനു പകരമായി ആരെയെങ്കിലും നിയമിക്കുമോയെന്നു വ്യക്തമല്ല. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. തിരുവിതാംകൂർ രാജകുടുംബവും മറ്റുമാണു ഹർജിക്കാർ.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിനു ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്കു കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അതു സർക്കാരിൽ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയിൽ ൈഹക്കോടതി വ്യക്തമാക്കി. ക്ഷേത്ര ഭരണത്തിനു ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്നു കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.