എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം: പിന്നിൽ സൂപ്പർവൈസർ തന്നെയെന്നു മൊഴി

രാജകുമാരി (ഇടുക്കി) ∙ ചിന്നക്കനാൽ നടുപ്പാറയിൽ ഏലത്തോട്ടം ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയത് എസ്റ്റേറ്റ് സൂപ്പർവൈസർ കുളപ്പാറച്ചാൽ, പഞ്ഞിപ്പറമ്പിൽ ബോബിൻ തന്നെയെന്ന് കസ്റ്റഡിയിലുള്ള ദമ്പതികൾ പൊലീസിനു മൊഴി നൽകി.

കൊലപാതകങ്ങൾക്കു ശേഷം ശാന്തൻപാറ ചേരിയാറിലെ വീട്ടിൽ ബോബിന് അഭയം നൽകിയ ഇസ്രവേൽ, ഭാര്യ കപില എന്നിവരാണ്  പൊലീസിനു മൊഴി നൽകിയത്. ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.  കൈക്കു സാരമായി പരുക്കേറ്റ ബോബിനെ നെടുങ്കണ്ടത്തെ ആശുപത്രിയിലേക്ക് പോകാൻ സഹായിച്ചത് ഇവരാണ്. കൊലപാതകത്തിനു ശേഷം ബോബിനു പുതിയ സിം കാർഡ് എടുത്തു നൽകാനും പുതിയ വസ്ത്രങ്ങൾ വാങ്ങാനും ഇവർ സഹായിച്ചു. സിം കാർഡ് എടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ നമ്പർ സ്വിച്ച് ഓഫാണ്.

ഞായറാഴ്ച വൈകിട്ടോടെ ശാന്തൻപാറയിൽ നിന്നു കടന്ന ബോബിനായി പൊലീസ് തമിഴ്നാട്ടിലും വയനാട് മേഖലയിലും തിരച്ചിൽ തുടരുകയാണ്. എസ്റ്റേറ്റിൽ നിന്നു മോഷ്ടിച്ച ഏലയ്ക്ക വിറ്റു കിട്ടിയ ഒന്നരലക്ഷം രൂപയിൽ നിന്ന് 25,000 രൂപ ബോബിൻ നൽകിയതായി ദമ്പതികൾ സമ്മതിച്ചു. എസ്റ്റേറ്റ് ഉടമ ജേക്കബ് വർഗീസും (40) തൊഴിലാളിയായ മുത്തയ്യയും(55) ആണ് കൊല്ലപ്പെട്ടത്. എസ്റ്റേറ്റിലെ കെട്ടിടത്തിൽ നിന്ന് ഇന്നലെ  പൊലീസ് 2 തോക്കുകൾ കണ്ടെത്തി. ഇവ ദീർഘകാലമായി ഉപയോഗിച്ചിട്ടില്ല.  ജേക്കബ് വർഗീസിന് വെടിയേറ്റത് ഇൗ തോക്കുകളിൽ നിന്നല്ലെന്നു പൊലീസ് പറഞ്ഞു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് ജേക്കബിന്റെ നെഞ്ചിലും ചുമലിലുമായി 2 വെടിയേറ്റിട്ടുണ്ട്. മുത്തയ്യയുടെ തലയ്ക്കു പിന്നിലും നെറ്റിയിലും മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവാണുള്ളത്. കയ്യിൽ കത്തിയും വച്ചുള്ള മൽപ്പിടിത്തത്തിനിടെയാണ് ബോബിന്റെ കൈക്കു പരുക്കേറ്റതെന്നു പൊലീസ് പറഞ്ഞു. 5 വർഷത്തോളം എറണാകുളത്ത് പല ജോലികൾ ചെയ്ത ബോബിൻ 2 വർഷം മുൻപാണ് നാട്ടിൽ മടങ്ങിയെത്തിയത്. നാട്ടുകാരോട് അധികം അടുപ്പം പുലർത്തിയിരുന്നില്ല.