ബിഡിജെഎസിന് 4 സീറ്റ്; തുഷാർ ഉണ്ടെങ്കി‍ൽ തൃശൂർ

തൃശൂർ ∙ ഇടുക്കി, ആറ്റിങ്ങൽ, ആലത്തൂർ എന്നിവ ഉൾപ്പെടെ 4 ലോക്സഭാ സീറ്റുകൾ സഖ്യകക്ഷിയായ ബിഡിജെഎസിനു നൽകാൻ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ധാരണ. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എൻഡിപി വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പളളി സ്ഥാനാർഥിയാകുമെങ്കിൽ തൃശൂർ സീറ്റും നൽകും; ഇല്ലെങ്കിൽ നാലാമത്തേത് മറ്റേതെങ്കിലും സീറ്റായിരിക്കും. കൊല്ലം കൂടി ഉൾപ്പെടെ 8 സീറ്റുകളാണ് ബിഡിജെഎസ് ചോദിച്ചത്; 6 സീറ്റെങ്കിലുമായിരുന്നു ആവശ്യം.

തുഷാറിനു തൃശൂർ നൽകുകയാണെങ്കിൽ ഇവിടെ സാധ്യതയുണ്ടായിരുന്ന കെ.സുരേന്ദ്രൻ പത്തനംതിട്ടയിലേക്കു മാറും. കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി, ടി.പി. സെൻകുമാർ എന്നിവരും സ്ഥാനാർഥികളാകുമെന്നാണു സൂചന. ഇവരുടെ പേരുകൾ കോർ കമ്മിറ്റി ചർച്ച ചെയ്തു.