സംസ്ഥാനത്തിന്റെ വികസനം പരമപ്രധാനം; ഇമേജിനെക്കുറിച്ചു ചിന്തയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ ബഹുമുഖമായ വികസനമാണു പരമപ്രധാനമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സാഹസികതയോടെ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായ ഇമേജിനെക്കുറിച്ചു ചിന്തിക്കുന്നില്ല.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള എല്ലാ കുപ്രചാരണങ്ങളെയും നേരിടും. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദപരിപാടിയായ 'നാം മുന്നോട്ടി'ല്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനം എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ ഒന്നും നടക്കില്ലെന്നു പറഞ്ഞവര്‍ പോലും ഇപ്പോള്‍ ഇവിടെ എല്ലാം സാധ്യമാണ് എന്ന് അദ്ഭുതപ്പെടുന്ന സാഹചര്യമാണുള്ളത്. ദേശീയപാതാ വികസനത്തിന്റെ പുരോഗതിയും ഗെയ്ല്‍ പൈപ് ലൈന്‍ നിര്‍മാണം പൂര്‍ത്തിയായതുമെല്ലാം ഇതാണ് സൂചിപ്പിക്കുന്നത്.

കൂടംകുളത്തു നിന്നുള്ള വൈദ്യുതി ലൈനുകള്‍ക്കാവശ്യമായ പവര്‍ ഗ്രിഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടും ധാരാളം എതിര്‍പ്പുകളും പ്രക്ഷോഭങ്ങളുമുണ്ടായി. എന്നാല്‍ നാടിന്റെ നന്മയെക്കരുതി ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുകയും പദ്ധതിയുമായി മുന്നോട്ടുപോകുകയുമാണു സര്‍ക്കാര്‍ ചെയ്തത്.

അഴുക്കുചാലായിക്കിടന്ന പാര്‍വതീപുത്തനാറിന്റെ ഇന്നത്തെ അവസ്ഥയും നമ്മുടെ നാട്ടില്‍ മാറ്റങ്ങള്‍ സാധ്യമാണ് എന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. എതിര്‍ക്കുന്നവര്‍ക്ക് ചില ന്യായങ്ങളുണ്ടാകും.

എന്നാല്‍ ഇക്കാര്യത്തില്‍ രെു വിട്ടുവീഴ്ചയ്ക്കും പറ്റില്ല, പദ്ധതി നടപ്പാകണം എന്ന നടപടി സ്വീകരിച്ചപ്പോള്‍ ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കി. കണ്ണൂര്‍ വിമാനത്താവളപരിസരത്ത് 5000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമെന്നും അവിടെ വന്‍കിട പദ്ധതികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ചര്‍ച്ച നയിച്ചു. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം മാനേജിങ് ഡയറക്ടര്‍ വി.തുളസീദാസ്, ചേംബര്‍ ഓഫ് കോമേഴ്‌സ് കമ്മിറ്റിയംഗം ലേഖ ബാലചന്ദ്രന്‍, ഹൈസ്പീഡ് റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.ബാലകൃഷ്ണന്‍, കൊച്ചി രാജ്യാന്തര വിമാനത്താവളം മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍, സിഇടി കോളജിലെ ആര്‍ക്കിടെക്ചര്‍ വകുപ്പു മേധാവി ഡോ. ഷീജ, കേരള ട്രാവല്‍ മാര്‍ട്ട് ചെയര്‍മാന്‍ ബേബി മാത്യു സോമതീരം തുടങ്ങിയവര്‍ സംസാരിച്ചു.