യുവതീപ്രവേശത്തിനെതിരായ പരിപാടിയിൽ പങ്കെടുത്തു; പ്രവാസി ഇന്ത്യക്കാരന് സ്ഥാനാർഥിത്വം നഷ്ടമായി

ഒട്ടാവ∙ ശബരിമലയിൽ യുവതികള്‍ കയറുന്നതിനെതിരായ പരിപാടിയിൽ പങ്കെടുത്തതിനെത്തുടർന്നു കാനഡയിലെ പ്രവാസി ഇന്ത്യക്കാരനായ സ്ഥാനാർഥിക്കു നഷ്ടമായതു തന്റെ സ്ഥാനാർഥിത്വം. ആൽബർട്ടയിലെ എഡ്മന്റൻ – എല്ലെർസ്ലെ മണ്ഡലത്തിലെ ആൽബർട്ട പാർട്ടിക്കാരനായ യാഷ് ശർമയ്ക്കാണു സ്ഥാനാർഥിത്വം നഷ്ടമായത്.

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീം കോടതി വിധിയെ വിമർശിച്ചുള്ള പരിപാടിയിൽ പങ്കെടുത്തതിനെത്തുടർന്നാണ് ഇയാളുടെ സ്ഥാനാർഥിത്വം പിൻവലിക്കുന്നതെന്നു പാർട്ടി അറിയിച്ചു. ശർമയെ അയോഗ്യനാക്കിയ നടപടിക്കു പാർട്ടിയുടെ പ്രവിശ്യാ ബോർഡും നേതാക്കളും ഏകകണ്ഠമായാണു വോട്ട് ചെയ്തതെന്നും ആൽബട്ട പാർട്ടിയുടെ ഇമെയിൽ കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ ആഴ്ച അവസാനമാണു ശർമ പരിപാടിയിൽ പങ്കെടുത്തത്. ശർമ മാപ്പു പറഞ്ഞെങ്കിലും അദ്ദേഹത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും പാർട്ടിയുടെ പിന്തുണ ഉണ്ടാകില്ലെന്നും കുറിപ്പിൽ പറയുന്നു. ഇത്തരം വിഭാഗീയ കാഴ്ചപ്പാടുകളോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച പാർട്ടിക്കുണ്ടാകില്ല.

മനുഷ്യാവകാശം സംരക്ഷിക്കുന്നതിലും സമത്വ വിഷയത്തിലും ശക്തമായ നേതൃത്വമായിരിക്കണം സ്ഥാനാർഥികൾ പുലർത്തേണ്ടത്. ശർമയുടെ നീക്കങ്ങൾ ആൽബർട്ട പാർട്ടിയുടെ മൂല്യങ്ങളുമായി ഒത്തുപോകില്ല. ഒരു തരത്തിലുമുള്ള വേർതിരിവും പാർട്ടി വച്ചുപുലർത്തില്ലെന്നും വ്യക്തമാക്കിയ കുറിപ്പിൽ പരിപാടിയുടെ കൂടുതൽ വിശദാംശങ്ങളൊന്നും ചേർത്തിട്ടില്ല.