യുപി മന്ത്രിമാരുടെ പഴ്സനൽ സെക്രട്ടറിമാർ കോഴ വാങ്ങുന്നത് ‘ക്യാമറക്കണ്ണിൽ’; അറസ്റ്റ്

ലക്നൗ∙ വിധാൻ സഭ പരിസരത്തുവച്ചു കോഴ വാങ്ങിയ ഉത്തർപ്രദേശ് മന്ത്രിസഭയിലെ മൂന്നു മന്ത്രിമാരുടെ പഴ്സനൽ സെക്രട്ടറിമാരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് മൂവരെയും അറസ്റ്റു ചെയ്തത്. സ്വകാര്യ ചാനൽ സംഘം നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് എക്സൈസ് മന്ത്രി അർച്ചന പാണ്ഡെ, പിന്നോക്ക ജാതി ക്ഷേമ മന്ത്രി പ്രകാശ് രാജ്ഭർ, വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ പേഴ്സണൽ സെക്രട്ടറിമാർ കുടുങ്ങിയത്.

അനധികൃത കരാർ ഉറപ്പിക്കുന്നതിനായി കമ്പനി അധികൃതരിൽ നിന്ന് 40 ലക്ഷം രൂപ വാങ്ങിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്. ദൃശ്യങ്ങൾ പുറത്തായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ എഡിജിപി രാജീവ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തോട് മുഖ്യമന്ത്രി നിർദേശിച്ചു. ഇതിനെത്തുടർന്നു മൂവരെയും അറസ്റ്റ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നു രാജീവ് കൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ട് തേടിയിട്ടുണ്ട്.

കോഴ വാങ്ങിയ ഒരു സെക്രട്ടറിയേറ്റ് ജീവനക്കാരനും ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും സുതാര്യമാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അഴിമതിക്കെതിരെ പുത്തൻ നയം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.