ഇരുഭാഗത്തും ന്യായമുണ്ട്; ശബരിമല വിഷയത്തിൽ പുതിയ നിലപാടുമായി രാഹുല്‍ ഗാന്ധി

ദുബായ്∙ ശബരിമലയില്‍ യുവതീപ്രവേശ വിഷയത്തിൽ പുതിയ നിലപാടുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. ശബരിമല വിഷയത്തിൽ രണ്ടു ഭാഗങ്ങളും കേട്ടു. ഇരുഭാഗത്തും ന്യായമുണ്ട്. ഒരു ഭാഗത്ത് ആചാരം സംരക്ഷിക്കണമെന്നു പറയുന്നു, മറു ഭാഗത്തു സ്ത്രീസമത്വം വേണമെന്നു പറയുന്നു. സ്ത്രീസമത്വം തീർച്ചയായും വേണ്ട കാര്യമാണ്.

ആചാരം സംരക്ഷിക്കണമെന്ന വാദത്തിലും കഴമ്പുണ്ട്. സ്ഥിതി സങ്കീർണമാണ്. എന്തായാലും കേരളത്തിലെ ജനങ്ങളുടെ താൽപര്യത്തിനൊപ്പം നിൽക്കാനാണു സംസ്ഥാന നേതാക്കൾക്കു നൽകിയ നിർദേശമെന്നും രാഹുൽ പറഞ്ഞു. സുപ്രീംകോടതി വിധിയെക്കുറിച്ചു പ്രതികരിക്കാനില്ല, ജനം തീരുമാനിക്കട്ടെയെന്നും രാഹുല്‍ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നേരത്തേ, ശബരിമലയിൽ യുവതികൾ പ്രവേശിക്കണമെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നു രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുകയും െചയ്തു. റഫാൽ വിഷയത്തിലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു രാഹുൽഗാന്ധി മറുപടി നൽകി. രാഹുലിന്റെ ദുബായ് സന്ദർശനത്തിന്റെ രണ്ടാംദിനമായിരുന്നു ശനിയാഴ്ച. ഊഷ്മള വരവേൽപ്പാണു ദുബായിൽ രാഹുലിന് ലഭിച്ചത്.