കൊല്ലം ബൈപാസ്: മോദിയെ കൊണ്ടുവന്നത് പ്രേമചന്ദ്രനെന്ന് സിപിഎം; നേട്ടമാക്കാൻ‍ ബിജെപി

കൊല്ലം∙ ഉദ്ഘാടനത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും കൊല്ലം ബൈപാസിനെ ചൊല്ലിയുള്ള രാഷ്ട്രീയപോര് തുടരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം മനപൂര്‍വം വൈകിപ്പിക്കുകയായിരുന്നു എന്ന ആക്ഷേപത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു എന്‍.കെ.പ്രേമചന്ദ്രന്‍ എംപി വ്യക്തമാക്കി. എന്നാൽ പ്രേമചന്ദ്രന്‍ ഇടപെട്ടാണു പ്രധാനമന്ത്രിയെ കൊണ്ടുവന്നതെന്നാണു സിപിഎമ്മിന്റെ ആരോപണം. അതേസമയം, നരേന്ദ്ര മോദിയെ കൊണ്ടുവന്നുള്ള ഉദ്ഘാടനം കേരളത്തിൽ രാഷ്ട്രീയ അവസരമാക്കി മാറ്റാനാണു ബിജെപിയുടെയും ശ്രമം.

നിര്‍മാണം പൂര്‍ത്തിയായ ബൈപാസിന്റെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനെച്ചൊല്ലിയായിരുന്നു ആദ്യ തര്‍ക്കം. പിന്നീട് അതു റോഡിന്റെ പിതൃത്വത്തെപ്പറ്റിയായി. പ്രധാനമന്ത്രിയാണോ മുഖ്യമന്ത്രിയാണോ റോഡ് ഉദ്ഘാടനം ചെയ്യുന്നത് എന്നതായിരുന്നു അടുത്ത തര്‍ക്കം. ജനങ്ങളെ വിഡ്ഢിയാക്കിക്കൊണ്ടുള്ള മൂന്നുമുന്നണികളുടെയും തമ്മിലടിക്കൊടുവില്‍ ജനുവരി 15ന് പ്രധാനമന്ത്രി റോഡ് ഉദ്ഘാടനം ചെയ്യുമെന്നു ഡല്‍ഹിയില്‍നിന്ന് അറിയിപ്പു വന്നു. ബിജെപി ജില്ലാ കമ്മിറ്റിയുടെ ആവശ്യപ്രകാരമാണു പ്രധാനമന്ത്രി എത്തുന്നതെങ്കിലും ഇതിനു പിന്നില്‍ എന്‍.കെ. പ്രേമചന്ദ്രനാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. പ്രേമചന്ദ്രനെതിരെ നവമാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള പ്രചാരണമാണ് സിപിഎം നടത്തുന്നത്.

ആശ്രാമം മൈതാനത്തായിരിക്കും ബൈപാസ് ഉദ്ഘടന വേദി. ബൈപാസ് ആരംഭിക്കുന്ന കാവനാട് ആല്‍ത്തറമൂട്ടില്‍ തല്‍സമയം ചടങ്ങ് കാണാനുള്ള സൗകര്യമൊരുക്കും. തുടര്‍ന്നു ബിജെപിയുടെ കേരളത്തിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ടു പീരങ്കിമൈതാനിയില്‍ എന്‍ഡിഎയുടെ മഹാസമ്മേളനത്തില്‍ നരേന്ദ്രമോദി സംസാരിക്കും.

കൊല്ലം, മാവേലിക്കര, ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍നിന്ന് ഒരു ലക്ഷം പ്രവര്‍ത്തകര്‍ സമ്മേളനത്തിനെത്തുമെന്നാണു ബിജെപിയുടെ അവകാശവാദം. ഇതിനിടെ രാമന്‍കുളങ്ങരയില്‍ നിര്‍മാണം പൂര്‍ത്തിയായ കേന്ദ്രീയ വിദ്യാലയത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രിയെ കൊണ്ടു നിര്‍വഹിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.