സംവരണത്തിനു നന്ദി പറഞ്ഞ് മോദിക്ക് എൻഎസ്എസിന്റെ കത്ത്; അണ്ണനും തമ്പിയുമെന്ന് പരിഹസിച്ച് വെള്ളാപ്പള്ളി

ന്യൂഡൽഹി∙ സാമ്പത്തിക സംവരണം നടപ്പാക്കിയതിനു നന്ദി അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ കത്ത്. മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്നും കത്തില്‍ പറയുന്നു. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നുണ്ട് എന്നതാണു കത്തിലെ ശ്രദ്ധേയമായ കാര്യം. എന്‍എസ്എസുമായി കൂടുതല്‍ അടുക്കാന്‍ വഴിതുറക്കുന്നതാണു കത്തെന്ന് ബിജെപി ദേശീയ നേതാക്കള്‍ വിലയിരുത്തുന്നു.

അതേസമയം എൻഎസ്എസ് ബിജെപിക്കു കീഴടങ്ങിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ബിജെപിയും എൻഎസ്എസും അണ്ണനും തമ്പിയുമായിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

സാമ്പത്തിക സംവരണ ബില്‍ രാജ്യസഭ കടന്നതിനു തൊട്ടു പിന്നാലെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി അറിയിച്ചു കത്തയച്ചത്. മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വിദ്യാഭ്യാസത്തിലും ജോലിയിലും 10% സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എന്‍എസ്എസ് പ്രശംസിച്ചിരുന്നു. സാമൂഹിക നീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീതിബോധവും ഇച്ഛാശക്തിയുമാണു തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്നാണു സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.

സമുദായത്തിന്‍റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിനു നന്ദി അറിയിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് ആശംസ അറിയിച്ചുള്ള വരികള്‍ ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ചില സൂചനകള്‍ നല്‍കുന്നതാണ്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് സാമ്പത്തിക സംവരണത്തെക്കുറിച്ചു പഠിക്കാന്‍ സമിതി രൂപീകരിച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടായില്ലെന്നു കത്തില്‍ കോണ്‍ഗ്രസിനെ കുത്തിയും പറഞ്ഞിട്ടുണ്ട്.

കേരളത്തില്‍ സാമുദായിക സമവാക്യങ്ങള്‍ അനുകൂലമാക്കാന്‍ കരുക്കള്‍ നീക്കുന്ന ബിജെപി ദേശീയ നേതൃത്വം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ കത്ത് ഏറെ പ്രധാന്യത്തോടെയാണു കാണുന്നത്.