മോദി എന്റെ നേതാവ്; ആ 3 പേർ പറഞ്ഞാൽ മാത്രം  ലോക്സഭയിലേക്ക്: തുറന്നു പറഞ്ഞ് സുരേഷ് ഗോപി

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ബിജെപി കേന്ദ്ര നേതൃത്വമാണു തീരുമാനിക്കേണ്ടതെന്നും, അത്തരമൊരു നിര്‍ദേശം ഇതുവരെ തനിക്കു ലഭിച്ചിട്ടില്ലെന്നും സുരേഷ്ഗോപി എംപി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സുരേഷ്ഗോപി മത്സരിക്കുമെന്നു പ്രചാരണമുണ്ടെങ്കിലും അത്തരം വാര്‍ത്തകളോട് അദ്ദേഹം പ്രതികരിച്ചിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍‌ഥിത്വത്തെ സംബന്ധിച്ച് സുരേഷ്ഗോപി എംപി ഇതാദ്യമായി മനോരമ ഓണ്‍ലൈനിനോടാണ് പ്രതികരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നു സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണു തന്റെ നേതാവ്. നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് ഇവര്‍ മൂന്നുപേരുമാണ് തന്റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത്. അവര്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അപ്പോള്‍ അതനുസരിച്ചു തീരുമാനമെടുക്കും. ഇതുവരെ ഒരു നിര്‍ദേശവും തനിക്കു കിട്ടിയിട്ടില്ല. ബിജെപി നേതൃത്വത്തിന്റെയും ജനങ്ങളുടേയും വിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായാണു മുന്നോട്ടു പോകുന്നത്. 

സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം (ഫയൽ ചിത്രം)

രാജ്യസഭാ എംപിയെന്ന നിലയില്‍ ഇനി മൂന്നേകാല്‍ വര്‍ഷത്തെ കാലാവധിയുണ്ട്. 2022 വരെ ആ പദവിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. 2022 വരെയുള്ള വികസന പദ്ധതികളുടെ ശുപാര്‍ശകള്‍ തയാറാക്കി കേന്ദ്രത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം വെള്ളായണി, പത്തനംതിട്ടയിലെ തിരുവല്ല, പാലക്കാട്, കോഴിക്കോട് പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലെ വികസന പദ്ധതികള്‍ക്കാണ് അതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. തിരുവല്ലയിലെ പദ്ധതി ക്രിസോസ്റ്റം തിരുമേനിക്കുള്ള ആദരവാണ്. ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളുടെ വികസന പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും സുരേഷ് ഗോപി എം.പി. പറഞ്ഞു.

ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലമായ തിരുവനന്തപുരത്ത് ശക്തനായ ഒരു സ്ഥാനാര്‍ഥിയെ തേടുകയാണു നേതൃത്വം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശിതരൂര്‍ 2,97,806 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ ഒ.രാജഗോപാല്‍ 2,82,336 വോട്ടുകള്‍ സ്വന്തമാക്കി. തരൂരിന്റെ ഭൂരിപക്ഷം 15,470 ആയി കുറഞ്ഞു. സിപിഐയുടെ സ്ഥാനാര്‍ഥി ബെനറ്റ് എബ്രഹാമിന് 2,48,941 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.

ശബരിമല വിഷയം നല്‍കിയ രാഷ്ട്രീയ ഉണര്‍വ് വോട്ടായി മാറണമെങ്കില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും കരുത്തനാകണമെന്നു സംസ്ഥാന നേതൃത്വം കരുതുന്നു. സുരേഷ്ഗോപിക്ക് മണ്ഡലത്തിലുള്ള സ്വാധീനം പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്റെ വിശ്വാസം. അന്തിമതീരുമാനം കേന്ദ്ര നേതൃത്വത്തിന്റെതാകും.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിച്ച കുമ്മനം രാജശേഖന്‍ 43,700 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 7622 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരനോട് കുമ്മനം പരാജയപ്പെട്ടത്. സിപിഎം സ്ഥാനാര്‍ഥി ടി.എന്‍.സീമ മൂന്നാം സ്ഥാനത്തേക്കു പിന്‍തള്ളപ്പെട്ടു.

കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം കുമ്മനം രാജശേഖരന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വം അനുകൂല നിലപാട് എടുത്താലേ മടങ്ങിവരാന്‍ കഴിയൂ. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുടെയും കെ.സുരേന്ദ്രന്റെയും പേരുകളും പരിഗണിക്കുന്നുണ്ട്. സംസ്ഥാന പ്രസിഡന്റായതിനാല്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണു ശ്രീധരന്‍പിള്ളയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ തീരുമാനം മാറ്റേണ്ടിവരും. 

ബിജെപിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. ഘടകകക്ഷികളുമായി ബിജെപി നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. നാളെ പ്രധാനമന്ത്രി കേരളത്തിലെത്തുമെങ്കിലും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു സാധ്യതയില്ല. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാനാണ് പാര്‍ട്ടി തീരുമാനം.

സുരേഷ് ഗോപി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം (ഫയൽ ചിത്രം)

സമുദായ സംഘടനകള്‍ സഹായിക്കുമെന്ന വിശ്വാസവും പാര്‍ട്ടിക്കുണ്ട്. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഈ മാസം 22നാണ് സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത്. കോടതി തീരുമാനം അറിഞ്ഞതിനുശേഷം ഭാവി സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതും ഇതിനുശേഷമായിരിക്കും. പരമാവധി വോട്ടുകള്‍ സമാഹരിക്കാന്‍ മുതിര്‍ന്ന നേതാക്കളെ ഓരോ മണ്ഡലത്തിലും രംഗത്തിറക്കാനാണ് ബിജെപിയുടെ നിലവിലെ തീരുമാനം.