ജനങ്ങളെ കബളിപ്പിക്കാമെന്നു കരുതേണ്ട; പ്രധാനമന്ത്രിയുടേത് വാചക കസർത്ത്: ചെന്നിത്തല

തിരുവനന്തപുരം∙ കേരള സന്ദർശനത്തിനിടെ ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയുടേതു വെറും രാഷ്ട്രീയ വാചക കസർത്ത് മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. നാട്ടില്‍ കലാപമുണ്ടാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള പരിശ്രമമാണ് ബിജെപി നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ആദ്യം മുതല്‍ ഒരു നിലപാടു മാത്രമേ ഉണ്ടായിരുന്നുള്ളു. അതു വിശ്വാസികളുടെ വികാരങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്– സമൂഹ മാധ്യമത്തിലെ കുറിപ്പിൽ ചെന്നിത്തല വ്യക്തമാക്കി.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉള്‍ക്കൊള്ളുകയും, ഭക്തര്‍ക്കൊപ്പം നില്‍ക്കാനുള്ള തിരുമാനത്തെ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ആര്‍എസ്എസും ബിജെപിയും ഈ വിഷയത്തില്‍ ആദ്യം മുതല്‍ ഇരട്ടത്താപ്പാണു കാണിച്ചത്. ആദ്യം ശബരിമല യുവതീപ്രവേശത്തെ പൂര്‍ണമായും അംഗീകരിക്കുകയും പിന്നീടു സുവര്‍ണാവസരമെന്നു കണ്ടപ്പോള്‍ നിലപാടു മാറ്റുകയുമാണ് ബിജെപി ചെയ്തത്. യുവതീപ്രവേശം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പോയവര്‍ പോലും സംഘപരിവാര്‍ പശ്ചാത്തലമുള്ളവരായിരുന്നുവെന്ന കാര്യം പ്രധാനമന്ത്രി മറക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കോണ്‍ഗ്രസും യുഡിഎഫും 2016 ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്നു കാലിനടിയില്‍നിന്ന് മണ്ണൊലിച്ചു പോകുന്നതിന്റെ വെപ്രാളമാണ് നരേന്ദ്ര മോദി കാണിക്കുന്നത്. ഇതൊക്കെ പറഞ്ഞ് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കി.