നൗഹീറ ആഡംബരത്തിന്റെ തോഴി, താരപ്പകിട്ട്; കോടികള്‍ തട്ടിച്ചത് വിശ്വാസത്തിന്റെ മറവില്‍

കോഴിക്കോട്∙ നൂറുകണക്കിനു നിക്ഷേപകരെ പറ്റിച്ചു മുങ്ങിയ ഹീര ഗ്രൂപ്പ് മേധാവി നൗഹീറ ഷെയ്ഖ് ഇപ്പോഴും നയിക്കുന്നത് ആഡംബര ജീവിതം. ഹൈദരാബാദിലും മുംബൈയിലും നടന്ന താരനിശകളിലും ക്രിക്കറ്റ് മല്‍സരങ്ങളിലുമെല്ലാം കോടികള്‍ മുടക്കി സജീവ സാന്നിധ്യമായി നിറഞ്ഞുനിന്നു. തികഞ്ഞ വിശ്വാസി എന്ന പ്രതിച്ഛായ പരത്തിയാണു നൗഹീറയുടെ തട്ടിപ്പുകള്‍. മനോരമ ന്യൂസാണു വാർത്ത പുറത്തുവിട്ടത്.

മഹാരാഷ്ട്രയില്‍ നടന്ന ടി10 ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അതിഥിയായെത്തിയതാണു നൗഹീറ ഷെയ്ഖ്. കമന്റേറ്ററായ മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം റമീസ് രാജയാണു നൗഹീറ ഷെയ്ഖിനെ സ്വീകരിക്കുന്നത്. ആയിരക്കണക്കിനു കോടി രൂപ ആസ്തിയുളള സാമ്രാജ്യമായി ഹീര ഗോള്‍ഡ് എക്സിം വളര്‍ന്നതോടെയാണു നൗഹീറ ഷെയ്ഖിനും മാറ്റമുണ്ടായത്. ആന്ധ്ര തിരുപ്പതിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച നൗഹീറ ഷെയ്ഖിന്റെ വളര്‍ച്ചയെല്ലാം മതവിശ്വാസത്തെ ചൂഷണം ചെയ്തായിരുന്നു.

പിന്നാലെ രാഷ്ട്രീയ, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയെല്ലാം ഭാഗമായി. കര്‍ണാടക തിരഞ്ഞെടുപ്പില്‍ മുസ്‌ലിം എംപവര്‍ പാര്‍ട്ടി എന്ന പേരില്‍ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചതിന്റെ നേട്ടം ലഭിച്ചതു ബിജെപിക്കാണ്. അഖിലേന്ത്യ വനിത ശാക്തീകരണ പാര്‍ട്ടിയുടെ അധ്യക്ഷയും രാജ്യന്തര മനുഷ്യാവകാശ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായി.

സ്വര്‍ണത്തിനൊപ്പം എല്ലാ വ്യവസായ മേഖലകളിലും പങ്കുണ്ടെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചതും ഹീര ഗ്രൂപ്പിന്റെ വിശ്വാസ്യത വര്‍ധിപ്പിച്ചു. 36 മുതല്‍ 54% വരെ ലാഭവിഹിതം ഉറപ്പു നല്‍കുന്ന എന്തു വ്യവസായമുണ്ടെന്നു പണം നിക്ഷേപിച്ചവര്‍ ആലോചിക്കും മുന്‍പു ഹീര ഗ്രൂപ്പ് തകര്‍ച്ചയിലായി. അല്ലെങ്കില്‍ ബോധപൂര്‍വം തകര്‍ത്തു.

നിക്ഷേപകർക്കു പലിശയ്ക്കു പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തു കമ്പനി കോഴിക്കോട് ശാഖ വഴി തട്ടിയതു 300 കോടി രൂപ. ഫ്രാൻസിസ് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നിക്ഷേപകരുടെ പരാതിയിൽ ചെമ്മങ്ങാട് പൊലീസ് കേസെടുത്തു. നൗഹീറ ഷെയ്ഖ് ആന്ധ്രയും മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ നിലവിൽ അറസ്റ്റിലാണ്. എന്നാൽ കോഴിക്കോട്ടെ കേസിൽ മുൻകൂർ ജാമ്യമെടുക്കുകയും ചെയ്തു.

പലിശയെന്ന തിന്മ ഒഴിവാക്കി നിക്ഷേപം നടത്താനുള്ള അവസരമുണ്ടെന്നു പ്രചരിപ്പിച്ചാണു നൗഹീറ നിക്ഷേപകരെ ആകർഷിച്ചത്. ഒരു ലക്ഷം രൂപയ്ക്കു 3200 മുതൽ 4500 രൂപവരെ പ്രതിമാസം ലാഭവിഹിതം വാഗ്ദാനം ചെയ്തു. കോഴിക്കോട്ടെ മുൻനിര ഹോട്ടലുകളിൽ വിരുന്നു സംഘടിപ്പിച്ചു നൗഹീറ നേരിട്ടെത്തിയും കോടികൾ പിരിച്ചെടുത്തു. 6 മാസമായി ലാഭവും മുതലും നൽകാൻ സ്ഥാപനം തയാറാകാതെ വന്നതോടെയാണു നിക്ഷേപകർക്കു സംശയമായത്. ആദ്യം ലാഭവിഹിതമായി ലഭിച്ച തുക പലരും തിരികെ കമ്പനിയിലേക്കു തന്നെ നിക്ഷേപിക്കുകയായിരുന്നു. വീടടക്കമുളള സ്വത്തുക്കൾ വിറ്റു പണം നൽകിയവരുമുണ്ടെന്ന് ഇരകളായവർ പറയുന്നു.

കാസർകോട് മുതൽ പാലക്കാട് വരെയുളള ജില്ലകളിൽനിന്നു മാത്രമായാണ് ഇത്രയും തുക തട്ടിയത്. അതേസമയം, കോഴിക്കോട്ടെ കേസിൽ പൊലീസ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇവിടെ തട്ടിപ്പിനിരയായ നൗഷാദിന്റെ പരാതിയിലാണ് കേസെടുത്തത്. നിലവിൽ നാൽപ്പതോളം പേരുടെ പരാതികൾ ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ഞൂറോളം പേർ ഇവിടെമാത്രം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണു വിവരം. എന്നാൽ അസ്സൽ രേഖകള്‍ സഹിതം പരാതി നൽകിയവരെയെല്ലാം കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ചെമ്മങ്ങാട് പൊലീസ് അറിയിച്ചു.