മാരാമണില്‍ ഇനി രാത്രിയോഗങ്ങളില്ല; 6.30 വരെ സ്ത്രീകള്‍ക്കും പങ്കെടുക്കാം

കോഴഞ്ചേരി ∙ മാരാമൺ കൺവൻഷനിൽ ഇനി മുതൽ രാത്രി യോഗങ്ങളില്ല. വൈകിട്ട് ആറര മുതൽ എട്ടു വരെ നടത്തിയിരുന്ന സായാഹ്ന യോഗങ്ങളുടെ സമയം പുനഃക്രമീകരിച്ചു. വൈകിട്ട് 5ന് പൊതുയോഗം ആരംഭിച്ച് 6.30ന് അവസാനിക്കും. സ്ത്രീകൾക്കും ഈ യോഗങ്ങളിൽ പങ്കെടുക്കാം. രാത്രിയിലെ യോഗങ്ങളിൽ സ്ത്രീകൾക്കു പ്രവേശനമില്ലാതിരുന്നതിനെച്ചൊല്ലി കഴിഞ്ഞ വർഷങ്ങളിൽ പ്രതിഷേധമുയർന്നിരുന്നു.

മുൻ വർഷങ്ങളിലെ പ്രതിഷേധവും നിലവിലെ രാഷ്ട്രീയ– സാമൂഹിക സാഹചര്യങ്ങളും കണക്കിലെടുത്തു കൂടിയാണു മാർത്തോമ സഭയുടെ നടപടി. സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കും. ഫെബ്രുവരി പത്തു മുതൽ 17 വരെയാണ് കോഴഞ്ചേരിയിൽ മാരാമൺ കൺവെൻഷൻ നടക്കുന്നത്.