കപില്‍ സിബലിനെ വിട്ടത് രാഹുല്‍; സംഘാടകന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍: ബിജെപി

ന്യൂഡല്‍ഹി∙ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ 2014-ല്‍ ക്രമക്കേടു കാട്ടിയെന്ന് ആരോപിച്ച് ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷനും ഫോറിന്‍ പ്രസ് അസോസിയേഷനും സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ സാന്നിധ്യം ആയുധമാക്കി കോണ്‍ഗ്രസിനെതിരേ ബിജെപി. 2014-ല്‍ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് കാട്ടിയാണ് ബിജെപി വിജയിച്ചതെന്ന് 'സൈബര്‍ വിദഗ്ധന്‍' സയീദ് ഷൂജ യുഎസില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ആരോപിച്ചിരുന്നു. ഹാക്കിങിനു സഹായിച്ചത് റിലയന്‍സാണെന്നും ഷൂജ പറഞ്ഞിരുന്നു. 

ഇന്ത്യന്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് സ്്‌പോണ്‍സര്‍ ചെയ്ത പരിപാടിയാണിതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പരിപാടിയുടെ സംഘാടകനായ ആഷിഷ് റേ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ യാത്ര സ്‌പോണ്‍സര്‍ ചെയ്തത് ഇയാളാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ് ബന്ധമുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ ആഷിഷ് സ്ഥിരമായി എഴുതിയിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. 

പരിപാടിയില്‍ കപില്‍ സിബല്‍ ആകസ്മികമായി പങ്കെടുത്തതല്ലെന്നും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് സിബലിനെ അയച്ചതാണെന്നും ബിജെപി ആരോപിച്ചു. കോണ്‍ഗ്രസിന് നിരവധി ഫ്രീലാന്‍സര്‍മാരുണ്ടെന്നും നരേന്ദ്ര മോദിയെ മാറ്റാനായി ഇവര്‍ പാക്കിസ്ഥാനില്‍നിന്നു വരെ സഹായം തേടാറുണ്ടെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ ഹാക്കിങ് ഭീതി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും നഖ്‌വി പറഞ്ഞു. 

അതേസമയം ആരോപണത്തില്‍നിന്ന് കൃത്യമായ അകലം പാലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. സംഘാടകര്‍ ക്ഷണിച്ചതു കൊണ്ടാണ് കപില്‍ സിബല്‍ പോയതെന്നും കോണ്‍ഗ്രസ് പ്രതിനിധിയായല്ല അദ്ദേഹം പങ്കെടുത്തതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ വിവിപാറ്റ് പരിശോധന ശക്തമാക്കണമെന്നും സിങ്‌വി പറഞ്ഞു.

ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമേറിയതാണ്. അന്വേഷിക്കാത്ത സാഹചര്യത്തില്‍ അത് ശരിവയ്ക്കാനോ നിഷേധിക്കാനോ കഴിയില്ല. എന്നാല്‍ കൃത്യമായ അന്വേഷണം അനിവാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തുറന്ന മനസോടെ ഇതിനു തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടി സംഘടിപ്പിച്ചതില്‍ കോണ്‍ഗ്രസിനു പങ്കില്ലെന്നും സിങ്‌വ് വ്യക്തമാക്കി. 

അതേസമയം വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്താന്‍ കഴിയില്ലെന്നും ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.