കേരളം വെള്ളരിക്കാപ്പട്ടണമാവുന്നു; എവിടെ സാംസ്കാരിക നായകർ: വി.ടി.ബൽറാം

പാലക്കാട് ∙ ചൈത്ര തെരേസ ജോണ്‍ എന്ന പൊലീസ് ഉദ്യോഗസ്ഥയെ പിന്തുണച്ചും പിണറായി വിജയൻ സർക്കാരിനെ വിമർശിച്ചും വി.ടി.ബൽറാം എംഎൽഎ രംഗത്ത്. പിണറായി വിജയൻ- ലോക്നാഥ് ബെഹ്റ ടീമിന്റെ പൊലീസ് ഭരണത്തിൽ കേരളം വെള്ളരിക്കാപ്പട്ടണമായെന്നു ബൽറാം സമൂഹമാധ്യമത്തിൽ ആരോപിച്ചു.

പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞവരെ പിടികൂടാന്‍ സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫിസിൽ റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിനെ സർക്കാർ ഉടനടി മാറ്റിയിരുന്നു. റെയ്ഡിനു പിന്നാലെ ആഭ്യന്തര വകുപ്പ് വിശദീകരണം തേടി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതിനു പിന്നാലെയാണ് ബൽറാമും രംഗത്തെത്തിയത്.

വി.ടി.ബൽ‌റാമിന്റെ കുറിപ്പിൽനിന്ന്:

ബാലികയെ പീഡിപ്പിച്ചതിനു പോക്സോ നിയമപ്രകാരം അറസ്റ്റിലായ സിപിഎമ്മുകാരെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് മോചിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെത്തേടിയാണ് ആ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു സംസ്ഥാന ഭരണകക്ഷിയുടെ പ്രാദേശിക ഓഫിസിലേക്ക് സെർച്ച് വാറന്റുമായി ചെല്ലേണ്ടി വന്നത്. കർത്തവ്യ നിർവഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമേ സാധാരണ ഗതിയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥ ഇങ്ങനെയൊരു നടപടിക്ക് മുതിരുകയുള്ളൂ. പ്രതികളെ അവിടെ ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന് അവർക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരിക്കണം.

പൊലീസിലെ ഒറ്റുകാരെ വച്ച് ആ ദൗത്യം പരാജയപ്പെടുത്തിയെന്നതു മാത്രമല്ല, പൊലീസ് മേധാവിയും പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന സാക്ഷാൽ മുഖ്യമന്ത്രിയും ചേർന്ന് നേരിട്ട് ആ ഉദ്യോഗസ്ഥയെ വിളിച്ച് താക്കീത് ചെയ്യുന്നു, ഉടനടി സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നു എന്നുകൂടിപ്പറഞ്ഞാൽ ഇതെന്തുതരം നിയമവാഴ്ചയാണ്! പിണറായി വിജയൻ- ലോക്നാഥ് ബെഹ്റ ടീമിന്റെ പൊലീസ് ഭരണത്തിൽ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്.

ഡയറക്റ്റ് ഐപിഎസുകാരെ വേട്ടയാടി മനോവീര്യം തകർക്കുക എന്നതാണു സിപിഎം ഭരണം വന്നതുമുതൽ ഇവിടത്തെ രീതി. എവിടെയാണ് ഇന്നാട്ടിലെ സാംസ്കാരിക നായകരൊക്കെ? വി.ടി.ബൽറാം ഫെയ്സ്ബുക്കിൽ മറ്റാരുടെയെങ്കിലും പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി ‘ബാലകറാം’ ആക്കി മാറ്റാൻ നടന്നവരൊക്കെ ഇപ്പോൾ പുകസ നൽകിയ ഏതോ പൊന്നാടയിൽ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.