സിപിഎം ഓഫിസിലെ റെയ്ഡ്: ചൈത്രക്കെതിരെ നടപടി വേണോ? മുഖ്യമന്ത്രി തീരുമാനിക്കും

തിരുവനന്തപുരം∙എസ്പി ചൈത്ര തെരേസാ ജോണിന്റെ നേതൃത്വത്തില്‍ സിപിഎം ഓഫിസില്‍ നടത്തിയ പരിശോധനയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്കു കൈമാറിയേക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ചൈത്രയ്ക്കെതിരെ നടപടി വേണോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുക. എന്നാല്‍ പ്രതികള്‍ പാര്‍ട്ടി ഓഫിസിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസ് സിപിഎം ജില്ലാക്കമ്മിറ്റി ഓഫിസിലേക്കു പോയതെന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് നിലപാടെടുത്തു.

പാര്‍ട്ടി ഓഫിസില്‍ കയറിയുള്ള പരിശോധനക്കെതിരെ സിപിഎം ജില്ലാ നേതൃത്വം നല്‍കിയ പരാതിയിലാണ് ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണം നടക്കുന്നത്. പരിശോധനയുടെ സാഹചര്യം വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാകും തിരുവനന്തപുരം റേഞ്ചിന്റെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപിക്കു കൈമാറുക. ചൈത്രക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ സിപിഎം ജില്ലാ നേതൃത്വം ഉറച്ചു നില്‍ക്കുന്നതിനാല്‍ റിപ്പോര്‍ട്ടിനോടു മുഖ്യമന്ത്രി എങ്ങിനെ പ്രതികരിക്കുന്നുവെന്നതു നിര്‍ണായകമാണ്. അതേസമയം ചട്ടങ്ങള്‍ പാലിക്കാതെ അനാവശ്യമായായിരുന്നു പരിശോധനയെന്ന സിപിഎം വാദം പൊളിക്കുന്നതാണു പരിശോധനയ്ക്കു പിന്നാലെ ചൈത്ര കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.

മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറി നിധിന്‍ സിപിഎം ഓഫിസിലുണ്ടെന്നു കൃത്യമായ വിവരം ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിധിന്റെ വീട്ടില്‍ വച്ച് അമ്മയെക്കൊണ്ട് ഫോണ്‍ വിളിപ്പിച്ചപ്പോള്‍ നിധിന്‍ തന്നെയാണ് പാര്‍ട്ടി ഓഫീസിലുണ്ടെന്നു പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വിവരം അടങ്ങിയ സെര്‍ച്ച് റിപ്പോര്‍ട്ട് അടക്കം കോടതിയില്‍ നല്‍കിയതോടെ പരിശോധന നിയമപരമാവുകയും ചെയ്തു. ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റൊന്നുമില്ലെന്നാണ് പൊലീസിലെ പൊതുവിലയിരുത്തല്‍. അതുകൊണ്ട് തന്നെ നടപടി ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ സേനക്കും സര്‍ക്കാരിനും ചീത്തപ്പേരാകുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നുണ്ട്.