ജോലിക്കാരിയുടെ മകളെ ഒന്നരവർഷത്തോളം പീഡിപ്പിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്

ബത്തേരി∙ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റിന് എതിരെ പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒ.എം. ജോര്‍ജിനെതിരെയാണ് കേസ്. നിലവിൽ ബത്തേരി സഹകരണ ബാങ്ക് വൈസ് ചെയർമാൻ ആണ്. പ്രതി ഒളിവിലാണെന്നു പൊലീസ് അറിയിച്ചു.

17 വയസ്സുകാരിയെ പ്രതി ഒന്നര വർഷക്കാലം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പോക്സോയ്ക്കു പുറമെ മാനഭംഗം, പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ വകുപ്പുകൾ പ്രകാരവും കേസ് ഉണ്ട്. വീട്ടിൽ ജോലിക്കു നിൽക്കുകയായിരുന്ന സ്ത്രീയുടെ മകളെയാണു ഒ.എം.ജോർജ് പീഡിപ്പിച്ചിരുന്നത്.

അതേസമയം, ഒ.എം.ജോർജിനെതിരെ വയനാട് ഡിസിസിയും അന്വേഷണം ആരംഭിച്ചതായി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു. കെപിസിസിയുടെ നിർദേശപ്രകാരമാണ് അന്വേഷണം. അതിനിടെ, ഒ.എം.ജോർജിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. അന്വേഷണവിധേയമായിട്ടാണു നടപടി. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെയും അന്വേഷണം നടക്കുകയാണ്.