ഡെമോക്രാറ്റുകളുടെ തിരിച്ചുവരവ് കുറിച്ച് യുഎസിൽ പുതിയ ജനപ്രതിനിധിസഭ

വാഷിങ്ടൻ ∙ രാഷ്ട്രീയ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് യുഎസിൽ പുതിയ ജനപ്രതിനിധിസഭ (ഹൗസ്) ചുമതലയേറ്റു. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ മിന്നുന്ന ജയത്തോടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏകപക്ഷീയ ഭരണത്തിനു കൂടിയാണു വിരാമമാകുന്നത്. 434 അംഗ സഭയിൽ 235 സീറ്റുകളാണു ഡെമോക്രാറ്റുകൾ സ്വന്തമാക്കിയത്. എന്നാൽ, സെനറ്റിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു തന്നെയാണു ഭൂരിപക്ഷം.

ഡെമോക്രാറ്റ് പക്ഷത്തിന്റെ മുതിർന്ന നേതാവ് നാൻസി പെലോസി (78) ആണ് ജനപ്രതിനിധിസഭയുടെ പുതിയ സ്പീക്കർ. 2007–11 ൽ ഈ പദവി വഹിച്ചിട്ടുള്ള നാൻസി, സ്പീക്കർ പദവിയിലെത്തിയ ആദ്യവനിത കൂടിയാണ്. പുതിയ അംഗങ്ങളിൽ 102 പേർ വനിതകളാണ്. ട്രംപിനെ കുറ്റവിചാരണ ചെയ്യാനുള്ള നീക്കങ്ങൾക്ക് ആദ്യദിനം തന്നെ തുടക്കമിടാൻ ഡെമോക്രാറ്റുകൾ തയാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്.