അഫ്ഗാനിൽ ഇന്ത്യ ഒന്നും ചെയ്യുന്നില്ല: മോദിയെ കുറ്റപ്പെടുത്തി ട്രംപ്

വാഷിങ്ടൻ ∙ യുദ്ധം തകർത്ത അഫ്ഗാനിസ്ഥാനിൽ അമേരിക്ക പണം മുടക്കുന്നതനുസരിച്ച് ഇന്ത്യ അടക്കമുള്ള അയൽരാജ്യങ്ങൾ ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ട്രംപിന്റെ നിലപാട് അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഈ വർഷത്തെ ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്തു പറഞ്ഞ് അദ്ദേഹം വിമർശിച്ചത്.

ഇന്ത്യയും മോദിയുമായി നല്ല അടുപ്പത്തിലാണെന്നു പറഞ്ഞ അദ്ദേഹം, അഫ്ഗാനിൽ ലൈബ്രറി സ്ഥാപിച്ചെന്നു മോദി പതിവായി തന്നോട് പറയാറുണ്ടെന്നു വ്യക്തമാക്കി. നാം അഫ്ഗാനിൽ 5 മണിക്കൂർ ചെലവാക്കുന്ന തുകയേ ഇതിനാകൂ. ലൈബ്രറിക്ക് വളരെ നന്ദി എന്നു നാം അപ്പോൾ പറയുമെന്നാണ് വിചാരം. ആരാണ് അവിടെ ലൈബ്രറി ഉപയോഗിക്കുക എന്നറിയില്ല. ഇങ്ങനെ മുതലെടുക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം വളരെ മാന്യനാണെന്നും വലിയ മനുഷ്യനാണെന്നും മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ടെന്നും രാജ്യത്തെ ഒന്നിപ്പിച്ചെന്നും ട്രംപ് വിശേഷിപ്പിച്ചു.

ഇന്ത്യ, റഷ്യ, പാക്കിസ്ഥാൻ, മറ്റ് അയൽരാജ്യങ്ങൾ എന്നിവ കൂടി അഫ്ഗാന്റെ സുരക്ഷാച്ചുമതല ഏറ്റെടുക്കണം. അമേരിക്ക ചെലവാക്കുന്ന കോടാനുകോടി ഡോളറിന്റെ അടുത്തെങ്ങുമെത്താഞ്ഞിട്ടും തങ്ങളുടെ സംഭാവനകളുടെ വലുപ്പം പറയുന്ന ലോക നേതാക്കൾക്ക് ഉദാഹരണമായാണ് മോദിയുടെ പേര് ട്രംപ് പറഞ്ഞത്.