ബോംബുകളുടെ ‘രണ്ടാനമ്മ’ ചൈനയിൽ

ബെയ്ജിങ് ∙ വൻ ആണവേതര ബോംബ് വികസിപ്പിച്ച് ചൈന. ‘എല്ലാ ബോംബുകളുടെയും അമ്മ’ എന്ന വിളിപ്പേരുള്ള യുഎസിന്റെ എംഒഎബി എന്ന ബോംബിനുള്ള ചൈനയുടെ മറുപടിയാണിത്. നശീകരണ – പ്രഹര ശേഷിയിൽ അണുബോംബിനു തൊട്ടുപിന്നിൽ വരും. ‘മദർ ഓഫ് ഓൾ ബോംബ്സ്’ എന്നു തന്നെയാണ് ചൈനയും ഈ ബോംബിനു നൽകിയിട്ടുള്ള വിളിപ്പേര്. ചൈന നോർത്ത് ഇൻ‍ഡസ്ട്രീസ് ഗ്രൂപ്പ് കോർപറേഷനാണ് (നോറിൻകോ) നിർമിച്ചത്. പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ നോറിൻകോയുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടു. ഡിസംബർ അവസാനമായിരുന്നു പരീക്ഷണം. വിമാനത്തിൽ നിന്നു വർഷിച്ച ബോംബ് വൻ സ്ഫോടനമുണ്ടാക്കുന്നതു ദൃശ്യങ്ങളിൽ കാണാം. 

വിഡിയോയിൽ കണ്ടതിനെ അടിസ്ഥാനമാക്കി പ്രതിരോധ വിദഗ്ധർ ബോംബിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ:

∙ 5–6 മീറ്റർ നീളം 

∙ കെട്ടിടങ്ങൾ തകർക്കാൻ ശേഷി. സൈനികരെ ഹെലികോപ്ടറിലും മറ്റും കൊണ്ടുവന്നിറക്കുന്നതിനു മുൻപ് താഴെയുള്ള തടസ്സങ്ങൾ തകർക്കാൻ ഉപയോഗിക്കാം. 

∙ യുഎസ് എംഒഎബിയെക്കാൾ ചെറുതും ഭാരം കുറഞ്ഞതും. യുഎസ് ബോംബ് യുദ്ധവിമാനങ്ങളിൽ കയറ്റാൻ കഴിയില്ല. വലിയ ചരക്കുവിമാനങ്ങൾ വേണം. ചൈന ബോംബ് കൊണ്ടുവന്നത് ബോംബർ വിമാനത്തിൽ. 

ബോംബുകളുടെ അച്ഛനും അമ്മയും

എല്ലാ ബോംബുകളുടെയും മാതാവിനെ യുഎസ് വികസിപ്പിച്ചപ്പോൾ റഷ്യ നിർമിച്ച കൂറ്റൻ ബോംബിന് പേരിട്ടത് ‘എല്ലാ ബോംബുകളുടെയും അച്ഛൻ’ എന്നായിരുന്നു. 

യുഎസ് ബോംബിനെക്കാൾ വലുതാണ് റഷ്യയുടേത്. 

കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ യുഎസ് എംഒഎബി പ്രയോഗിച്ചിരുന്നു. വിമാനത്തിൽ നിന്നു പാരഷൂട്ടിലാണ് വർഷിക്കുക. നിലം തൊടും മുൻപേ സ്ഫോടനമുണ്ടാകുന്നതിനാൽ കൂടുതൽ മേഖലയിൽ നാശമുണ്ടാക്കും. സ്ഫോടനത്തിന്റെ ആഘാതം 1.6 കിലോമീറ്റർ വരെ.