വിവാഹമോചനം മകെൻസി ടട്‌ല്ലിനെ ലോകത്തിലെ ഏറ്റവും ധനികയാക്കുമോ?

ന്യൂയോർക്ക് ∙ ആമസോൺ ഉടമ ജെഫ് ബെസോസുമായുള്ള വിവാഹമോചനത്തോടെ എഴുത്തുകാരി മകെൻസി ടട്ൽ ലോകത്തിലെ ഏറ്റവും ധനികയാകുമോ ? ബെസോസിന്റെ സ്വത്ത് വീതം വയ്ക്കലിന്റെ ചർച്ചകൾ ഈ ദിശയിൽ സജീവമാകുന്നു.

ഓൺലൈൻ കച്ചവട ഭീമനായ ആമസോൺ ഓഹരി മൂല്യത്തിൽ ലോകത്തെ ഒന്നാമത്തെ കമ്പനിയാണ്. സ്ഥാപകനായ ബെസോസിന്റെ മൊത്തം സ്വത്ത് 13,600 കോടി ഡോളർ (ഏകദേശം 9.4 ലക്ഷം കോടി രൂപ). ആമസോണിലെ 16 % ഓഹരിപങ്കാളിത്തം (ഏകദേശം 13,000 കോടി ഡോളർ) ഉൾപ്പെടെയാണിത്. നാലു ലക്ഷം ഏക്കർ ഭൂമിയും ബെസോസിനു സ്വന്തമായുണ്ട്. സ്വത്ത് തുല്യമായി പങ്കുവച്ചാൽ മകെൻസിക്ക് 6,800 കോടി ഡോളർ (ഏകദേശം 4.7 ലക്ഷം കോടി രൂപ) ലഭിക്കും. ഫോബ്സ് പട്ടിക പ്രകാരം നിലവിലെ ഏറ്റവും ധനിക വാൾമാർട്ട് ഉടമ സാം വാൾട്ടന്റെ മകൾ ആലീസ് വാൾട്ടൻ ആണ്– സ്വത്ത് 4,600 കോടി ഡോളർ (ഏകദേശം 3.17 ലക്ഷം കോടി രൂപ).

ലോറെൻ സാഞ്ചെസ്

സ്വത്ത് തുല്യമായി പങ്കുവച്ചാൽ ആമസോണിൽ ബെസോസിന്റെ ഓഹരി 8 % ആയി കുറയും. ഇതോടെ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് വീണ്ടും ലോകത്തെ ഏറ്റവും ധനികനാവും. കമ്പനിയുടെ ഓഹരിവിലയെ നിലവിൽ ഇതൊന്നും ബാധിച്ചിട്ടില്ല. മകെൻസിക്ക് ഓഹരി നൽകിയാലും വോട്ടവകാശം കരാർ വഴി ബെസോസിൽ നിലനിർത്താനുള്ള സാധ്യതയുമുണ്ട്.

ഇരുവരും കുറച്ചുകാലമായി പിരിഞ്ഞുകഴിയുകയാണെങ്കിലും ടിവി അവതാരക ലോറെൻ സാഞ്ചെസുമായി ബെസോസ് അടുപ്പത്തിലായതാണു വിവാഹമോചനത്തിനു വേഗം കൂട്ടിയത്. ബെസോസിന്റെ സുഹൃത്തും ഹോളിവുഡ് ഏജന്റുമായ പാട്രിക് വൈറ്റ്സെല്ലിന്റെ മുൻ ഭാര്യയാണു സാഞ്ചെസ്. ലോസാഞ്ചലസിലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിൽ ബെസോസും സാഞ്ചെസും ഒരുമിച്ചെത്തിയിരുന്നു.