രാജ് ഷായും വൈറ്റ്ഹൗസ് വിട്ടു; ഇനി സ്വകാര്യ കമ്പനിയിലേക്ക്

വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിന്റെ വിശ്വസ്തരിൽ ഒരാൾ കൂടി വൈറ്റ്‌ഹൗസ് ഉദ്യോഗത്തോടു വിട പറഞ്ഞു. യുഎസ് പ്രസിഡന്റിന്റെ വിവാദപ്രസ്താവനകൾക്കു വിശദീകരണവുമായി പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്ന വൈറ്റ്‌ഹൗസ് ഉപവക്താവ്, ഇന്ത്യൻ വംശജൻ രാജ് ഷായാണു രാജിവച്ചത്. കമ്യൂണിക്കേഷൻ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി ബലാഡ് മീഡിയ ഗ്രൂപ്പ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാണു ഷാ സേവനം അവസാനിപ്പിച്ചത്.

സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സൻ തൊട്ട് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് വരെ ഉന്നതരുടെ കൊഴിഞ്ഞുപോക്ക് തുടർക്കഥയായ ഒരു വർഷം അവസാനിച്ചു പുതുവർഷം തുടങ്ങിയപ്പോൾത്തന്നെ അടുത്ത രാജിയായി. ഫ്ലോറിഡയിലും വാഷിങ്ടനിലും ഓഫിസുകളുള്ള ഷായുടെ പുതിയ സംരംഭത്തി‍ൽ, മുൻ സ്റ്റേറ്റ് സെക്രട്ടറി മെഡലിൻ ഓൾബ്രൈറ്റിന്റെ വക്താവായിരുന്ന ‍ഡെമോക്രാറ്റുകാരൻ ജേമി റൂബിനുമുണ്ട്.