ബ്രെക്സിറ്റ്: പുതിയ പദ്ധതി 21ന്; ചർച്ച 29ന്

ലണ്ടൻ ∙ ബ്രെക്സിറ്റ് പ്രശ്നപരിഹാരം സംബന്ധിച്ചു പ്രതിപക്ഷ നേതാക്കളുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ചർച്ച ആരംഭിച്ചു. അതേസമയം, കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറില്ലെന്ന് ഉറപ്പു കിട്ടാതെ ചർച്ചയ്ക്കില്ലെന്നു ലേബർ പാർട്ടി നേതാവ് ജെറിമി കോർബിൻ വ്യക്തമാക്കി.

ഇപ്പോഴത്തെ ചർച്ചകളുടെ അടിസ്ഥാനത്തിൽ 21നു പാർലമെന്റിൽ പുതിയ പദ്ധതി അവതരിപ്പിക്കാനാണു മേയുടെ തീരുമാനം. തുടർന്ന് 29 വരെ എംപിമാർക്കു നിർദേശങ്ങൾ നൽകാം. ഇതിന്മേൽ 29നു പാർലമെന്റിൽ ചർച്ച നടത്തും. പുതിയ പദ്ധതിയിന്മേലല്ല, എംപിമാരുടെ നിർദേശങ്ങളിൽ മാത്രമാകും അന്നു വോട്ടെടുപ്പ്. തുടർന്നു തയാറാക്കുന്ന പുതിയ കരട് യൂറോപ്യൻ യൂണിയനുമായി ചർച്ച ചെയ്തു തീർപ്പാക്കിയാകും പാർലമെന്റിലെ വോട്ടെടുപ്പ്. മാർച്ച് 29നാണു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടത്. ബ്രെക്സിറ്റ് വേണോ വേണ്ടയോ എന്നു രണ്ടാമതും ഹിതപരിശോധന നടത്താൻ 170 വ്യവസായപ്രമുഖർ അഭ്യർഥിച്ചു.